ആ പാട്ടിനു ശരിക്കും സങ്കടം വരുന്നുണ്ട്

ജോജു ജോര്‍ജ്ജ് നായകനായ ജോസഫിലെ പൂമുത്തോളേ എന്ന ഗാനമാണു ഇപ്പോള്‍ മലയാളിയുടെ ചുണ്ടില്‍. നല്ല സങ്കടം വരുന്നു എന്ന വരിയോടെയാണു പാട്ട് പലരും പങ്ക് വയ്ക്കുന്നത്. അതെ ആ പാട്ടിനു ഒരു സങ്കടമുണ്ട്. അതെഴുതിയ കവി അജീഷ് ദാസനിലെ അച്ഛന്റെ സങ്കടം

ആ പാട്ടിനു ശരിക്കും സങ്കടം വരുന്നുണ്ട്

പൂമരത്തിലെ ഹിറ്റ് പാട്ടുകള്‍ എഴുതിയ അജീഷ് ദാസന്‍ എന്ന കവിയെ ഇന്ന് മലയാളം നന്നായറിയും. പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ എന്ന് തുടങ്ങുന്ന അജീഷ് ദാസന്റെ പുതിയ പാട്ടാണു ഇപ്പോള്‍ മലയാളിയുടെ ചുണ്ടുകളില്‍. നവമാദ്ധ്യമങ്ങളില്‍ ഈ പാട്ട് പങ്ക് വയ്ക്കുന്നവര്‍ സങ്കടം എന്ന വാക്കു കൂടി അതിനോട് ചേര്‍ത്ത് എഴുതുന്നുണ്ട്.

അച്ഛനും മകളുമാണു പാട്ടിലെ കഥാപാത്രങ്ങള്‍. ഉള്ളില്‍ നൊമ്പരമുണ്ടാക്കുന്ന രീതിയിലാണു വാക്കുകളുടെ പ്രയോഗം. സിനിമാ നടന്‍ കുഞ്ചാക്കോ ബോബന്‍, ഫേസ് ബുക്കില്‍ റിലീസ് ചെയ്തത് മുതല്‍, ലൈക്കായും ഷെയറായും പരക്കുകയാണു അജീഷ് ദാസന്റെ സങ്കടം കലര്‍ന്ന വാത്സല്യം. ചിത്രത്തിലെ നായകന്‍ ജോജു ജോര്‍ജ്ജും വളരെ ആവേശത്തോടെയാണു ഈ പാട്ട് പങ്ക് വച്ചത്. എന്നാല്‍ ശരിക്കും ആ പാട്ടിനു അത്ര സങ്കടമുണ്ടെന്ന് അറിയാന്‍ അജീഷ് ദാസന്റെ കുറിപ്പ് വേണ്ടി വന്നു.

പൂമരം എന്ന സിനിമക്ക് ശേഷം മുഴുവന്‍ സമയം പാട്ടെഴുത്ത് തെരഞ്ഞെടുത്ത, കവി പട്ടിണിയിലൂടെയാണു കടന്ന് പോയത്. മകള്‍ക്ക് ബിസ്ക്കറ്റ് വാങ്ങാന്‍ പോലും പണമില്ലാതിരുന്ന സമയത്താണു പുതിയ പാട്ട് വരുന്നത്. ആ സങ്കടം മുഴുവന്‍ പാട്ടില്‍ നിറച്ചതിനെക്കുറിച്ച് കവിയുടെ വാക്കുകള്‍

ജോജു ചേട്ടന് എല്ലാ നന്മകളും നേരുന്നു. ഈ പാട്ടെഴുതാൻ എന്നെ നിയോഗിച്ചതിന്. ഞാനല്ലാതെ ആരെഴുതിയാലും ഈ പാട്ട് ഹിറ്റാകുമായിരുന്നു. അത്രയ്ക്ക് ഫീൽ ഉണ്ടായിരുന്നു രഞ്ജിന്റെ ട്യൂണിന്.. ബ്ലാങ്ക് ആയ അവസ്ഥയിലിരുന്നാണ് ഞാൻ എഴുതുന്നത്.. ആ രാത്രി... ഒന്നും എഴുതാൻ പറ്റുന്നില്ല.. ട്യൂൺ കേട്ടു കൊണ്ടേ ഇരുന്നു.. ജോജു ചേട്ടന്റെ വാക്കുകൾ മനസ്സിലുണ്ട്. പാട്ടിന്റെ സന്ദർഭം മസ്സിലുണ്ട്... പക്ഷെ വരികൾ ഇല്ല... ആകെ ബ്ലാങ്ക്... ഒരു കാര്യം എനിക്കറിയാം. ഇതൊരു പിടിവള്ളിയാണ്. പൂമരം സിനിമക്ക് ശേഷം പാട്ടെഴുത്തുകാരനാവാൻ വേണ്ടി, ഉണ്ടായിരുന്ന ഒരു ജോലി കളഞ്ഞ് എന്റെ സ്വപ്‌നങ്ങൾക്കു പിന്നാലെ നടക്കുമ്പോൾ വീട് പട്ടിണി ആയ കാര്യം ഞാൻ മറന്നു...

ഒരു ദിവസം ഭാര്യ പറഞ്ഞു.. ഒന്നും കഴിക്കാനില്ല.... അരിയും സാധനങ്ങളുമൊക്കെ തീർന്നു... എന്റെ കയ്യിൽ ഒരു രൂപ പോലുമില്ല എടുക്കാൻ. രണ്ടര വയസ്സുള്ള എന്റെ മകൾക്ക് ഒരു കൂട് ബിസ്കറ്റ് പോലും വാങ്ങിയിട്ട് ദിവസങ്ങളായി. ഭാര്യ പറഞ്ഞു"ആരോടും പറയണ്ട. രണ്ടു മൂന്നു ചെമ്പ് പത്രങ്ങൾ ഉണ്ട്. അതു കൊണ്ടുപോയി വിൽക്കാം. " എനിക്ക് സങ്കടം വരുന്നുണ്ട്. ജീവിതത്തിൽ ഇതേവരെ ഒരു സന്തോഷവും അവൾക്ക് ഞാൻ കൊടുത്തിട്ടില്ല. എനിക്ക് സങ്കടം വന്നു. എന്റെ കണ്ണുകൾ നിറഞ്ഞു. എന്നെ കെട്ടിയതു കൊണ്ടാണല്ലോ അവൾക്കീ ഗതി വന്നത്..

ഞാൻ അടുത്തുള്ള പഴയ പത്രങ്ങൾ ഒക്കെ എടുക്കുന്ന ആക്രി കടയിൽ ചെന്നു. അപ്പോൾ അയാൾ പറഞ്ഞു നിങ്ങളെ ഒരു പരിചയവും ഇല്ല. ഈ പാത്രങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുണ്ട് ഈ പാത്രങ്ങൾ ഞാൻ എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ എന്ന് അയാൾ പേടിച്ചു. ഉറപ്പിനു വേണ്ടി ഞാൻ പറഞ്ഞു എന്റെ ഭാര്യയുമായി ഞാൻ വരാം.. അങ്ങനെ സൈക്കിളിൽ എന്റെ രണ്ടര വയസ്സുള്ള മകളെ മുൻ സീറ്റിലിരുത്തി എന്റെ മീനുവിനെ പിന്നിൽ ഇരുത്തി അവളുടെ മടിയിൽ അവൾക്കു കിട്ടിയ ചെമ്പ് പാത്രങ്ങളുമായി ഞങ്ങൾ പോയി.

അന്നു കിട്ടിയ കുറച്ചു പൈസ കൊണ്ടാണ് ഞാൻ പോയി ഞങ്ങൾക്ക് കഴിക്കാനുള്ള അരിയും സാധനങ്ങളും വാങ്ങിയത്.. ഞാൻ ഇപ്പോൾ ഇതോർക്കാൻ കാരണം... പൂമുത്തോളെ എന്ന പാട്ട് എഴുതുതാൻ ഇരിക്കുമ്പോൾ ഒരു വാക്കു പോലും വരുന്നില്ല... പക്ഷെ ഓർമ്മകൾ കുത്തിയൊലിച്ചു വരാൻതുടങ്ങി..എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.. ഞാൻ എന്റെ മീനുവിനെ ഓർത്തു... ഭാഗ്യഹീനനായ ഒരച്ഛന്റെ മകളായി പിറക്കാൻ ഇടവന്ന എന്റെ മകളെ ഓർത്തു... പിന്നെ വാക്കുകൾ വരികളായി പേനയുടെ കണ്ണീർ തുമ്പിലൂടെ ആദ്യത്തെ വരിയായി.

പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ. സിനിമ . ജോസഫ്

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മലയാള കവിതയില്‍ അജീഷ് ദാസനുണ്ട്,. ക്യാന്‍സര്‍ വാര്‍ഡ്, കോട്ടയം ക്രിസ്തു എന്നിവയാണു കവിതാ സമാഹാരങ്ങള്‍. 1980 മെയ്‌ 10-ന്‌ വൈക്കത്താണു അജീഷിന്റെ ജനനം. എറണാകുളം മഹാരാജാസ്‌ കോളേജിൽ നിന്ന്‌ മലയാളസാഹിത്യത്തിൽ ബിരുദം നേടി. കവിതയ്‌ക്ക്‌ 2004-ലെ മലയാളം കവിതാപുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. അജീഷിന്റെ ഒരു കവിത

"ഒരു മഴത്തുള്ളി

മറ്റേത്തുള്ളിയോടു ചെയ്യുന്നതു കണ്ടാല്‍

സഹിക്കുകേല ദൈവമേ....

ഇന്നലെ സന്ധ്യയ്ക്ക്‌

റബ്ബര്‍ത്തോട്ടത്തിലൂടെ

വീട്ടിലേക്കു വരുമ്പോള്‍

ഹൊ!

റബ്ബര്‍ മരത്തോടു ചേര്‍ത്തു നിര്‍ത്തി

ഒരു തുള്ളി

മറ്റേതിനെ ആഞ്ഞുമ്മവെക്കുന്നു.

പാവം മറ്റേത്തുള്ളി,

തള്ളി മറിച്ചിട്ട്‌

കുതറിയോടുന്നതിനിടയില്‍

പുല്ലില്‍ വീണൂപോയിട്ടും

വിട്ടില്ല.

പുല്ലില്‍ മറിച്ചിട്ട്‌

തുടകള്‍ കവച്ചു കിടത്തി

ആഞ്ഞാഞ്ഞുമ്മവെക്കുന്നു.

എന്‍റെ ദൈവമേആഞ്ഞാഞ്ഞാഞ്ഞുമ്മ വെക്കുന്നു.

ഇതെല്ലാം കണ്ടുകൊണ്ടുള്ള

റബ്ബര്‍ മരത്തിന്‍റെ

ആ നില്‍പ്പു കണ്ടാല്‍

ഒട്ടും സഹിക്കുകേല, ദൈവമേ....

--- രണ്ടു തുള്ളികള്‍

അജീഷിന്റെ കവിതയെക്കുറിച്ച് കവി പി.രാമന്‍ പറയുന്നത്. " ദൈവവും ദൈവപുത്രനും പുണ്യാളൻമാരും സന്മാർഗ്ഗികളും ദുർമാർഗ്ഗികളും വർഗ്ഗീയ ഫാസിസ്റ്റുകളും രാഷ്ട്രീയകൊലപാതകികളും ഉൾപ്പെടെ സകലതിന്റെ ഏങ്കോണിച്ച നോട്ടങ്ങളെയാണ് അജീഷ് ദാസൻ തന്റെ കവിതയിൽ കെണിവച്ചു പിടിക്കുന്നത്. "

പൂമരത്തിലേയും, ജോസഫിലേയുമൊക്കെ നനുത്ത ഗാനങ്ങള്‍ കേട്ട്, അജീഷിനെ വിലയിരുത്താന്‍ വരട്ടെ. അതിശക്തമായ രാഷ്ട്രീയ കവിതകള്‍ അജീഷിന്റേതായുണ്ട്. ഗുജറാത്ത് എന്ന കവിത കേള്‍ക്കുക.

കയ്പ്പും വേദനയും നിറഞ്ഞ വരികളിലൂടെയാണു ഇത്രയും നാള്‍ അജീഷ് ദാസന്‍ നീങ്ങിയത്. ആ വരികളാണു കവി ലോകത്തിനു തിരിച്ച് നല്‍കിയതും. പുതിയ പാട്ട് അജീഷ് ദാസനും കുടുംബത്തിനും മധുരവും സന്തോഷവും നല്‍കുമെന്ന പ്രത്യാശയോടെ, ഒരിക്കല്‍ കൂടി ആ പാട്ട് പങ്ക് വച്ച് കൊണ്ട് നിറുത്തുന്നു.

സ്നേഹം

Read More >>