സ്വന്തം മുരിങ്ങാച്ചുവട്ടിൽ നിന്ന് ഖാദർ നക്ഷത്രങ്ങളെ നോക്കുന്നു

തലമുറകളെ കള്ളിതിരിച്ചുനിർത്തിയ നമ്മുടെ നിരൂപകരല്ല യു.എ ഖാദർ എന്ന കഥാകാരനെ ശ്രദ്ധേയനാക്കിയത്. മനുഷ്യന്റെ ഹൃദയപക്ഷത്തുനിന്ന ഈ എഴുത്തുകാന്റെ രചനകളെ വായനക്കാർ സ്വന്തം ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയായിരുന്നു

സ്വന്തം മുരിങ്ങാച്ചുവട്ടിൽ നിന്ന് ഖാദർ നക്ഷത്രങ്ങളെ നോക്കുന്നു

പി.കെ പാറക്കടവ്

ഉസ്സങ്ങാന്റകത്ത് മൊയ്തീൻ ഹാജിക്ക് ബർമക്കാരിയായ മാമൈദിയിൽ ബർമയിൽ പിറന്ന മകനാണ് ഖാദർ. ഖാദറിന്റെ അമ്മഭാഷ മലയാളമല്ല, ബർമീസാണ്. ഏഴുവയസ്സുവരെ അവൻ ഓടിനടന്നത് റങ്കൂണിലെ ഐരാവതി തീരത്തുള്ള ബില്ലിൻ ഗ്രാമത്തിലൂടെ. പഗോഡ എന്നറിയപ്പെടുന്ന ഉത്സവപ്പറമ്പുകളിലെ ഉത്സവാഘോഷങ്ങളാണ് അവന്റെ ശൈശവകാല ഓർമ.

പക്ഷേ, ബർമീസ് മാതൃഭാഷയായ, ഉസ്സങ്ങാന്റകത്ത് അബ്ദുൽ ഖാദറെ ഏഴുവയസ്സുവരെ കേരളം കണ്ടിട്ടില്ലാത്ത, മലയാളം അറിഞ്ഞുകൂടാത്ത ആ ബാലനെ ഇന്ന് ലോകം അറിയും, യു.എ ഖാദർ. എൺപതോളം പുസ്തകങ്ങളെഴുതി. തൃക്കോട്ടൂരിന്റെ കഥകളെഴുതി മലയാളികളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ വലിയ എഴുത്തുകാരനാണിന്ന് യു.എ ഖാദർ. മാതൃഭാഷ മലയാളമല്ലാതിരുന്നിട്ടും ഏഴുവയസ്സിനുശേഷം മലയാളം പഠിച്ച്, മലയാളഭാഷയുടെ തിരുമുറ്റത്ത് ഒരു സിംഹാസനം സ്വന്തമായി വലിച്ചിട്ട് ഖാദർ ഇരിക്കുന്നു. 'തൃക്കോട്ടൂർ കഥകൾ' എഴുതി, 'ചങ്ങല' പോലുള്ള നോവലുകളെഴുതി, മനസ്സിന്റെ മയിലാട്ടങ്ങൾ ചിത്രരൂപങ്ങളിലാക്കി ഖാദർ ചിരിക്കുന്നു.

ഒരുപാട് പ്രത്യേകതകളുള്ള എഴുത്തുകാരനാണ് ഖാദർ. മുമ്പൊരിക്കൽ ഒരു ചാനലിനുവേണ്ടി ഖാദർക്കയുടെ കൂടെ ഖാദർ കഥകളുടെ പശ്ചാത്തലം തേടി സഞ്ചരിച്ച ഓർമ. അമ്പലങ്ങൾ, മഖാമുകൾ, പള്ളികൾ, ഖാദർക്കയുടെ തറവാട്, ചാലിയത്തെരുവ്, സർപ്പക്കാവ്...ദേശത്തിൽ ഇത്രയേറെ വേരുകളാഴ്ത്തിയ മറ്റൊരു എഴുത്തുകാരനില്ല. 'പള്ളികൾ, അവിടുത്തെ നേർച്ചകൾ, ത്വരീഖത്ത് ഒക്കെ എനിക്ക് പരിചയമുണ്ട്. തൃക്കോട്ടൂർ കഥകളായതുകൊണ്ട് അമ്പലങ്ങളെക്കുറിച്ചും എനിക്കറിയാം. എല്ലാ മൗലൂദുകളും മനഃപാഠമായിട്ടുള്ള ഒരെഴുത്തുകാരൻ ഞാനാണ്. അതുപോലെ ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും എനിക്ക് പരിചിതമാണ്. തൃക്കോട്ടൂർ കഥകളെഴുതുമ്പോൾ അതുപയോഗിച്ചിരുന്നു. ബാല്യം നഷ്ടപ്പെട്ടതിനാൽ അത് തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമമായിരുന്നു ഞാൻ നടത്തിയത്'-ഖാദർ പറയുന്നു.

ആധുനികത കേരളത്തിൽ അരങ്ങുതകർത്തപ്പോൾ നമ്മുടെ ജീവിതവുമായി ബന്ധമില്ലാത്ത, കടംവാങ്ങിയ ദർശനത്തിന്റെ തൂവലിൽ മിനുങ്ങിനടന്ന കുറെ എഴുത്തുകാരാണ് ഇവിടെ ആടിത്തിമർത്തത്. അക്കൂട്ടത്തിൽ യു.എ ഖാദർ ഉണ്ടായിരുന്നില്ല. ചെരുപ്പിനനുസരിച്ച് കാലുമുറിക്കാൻ ഈ കഥാകൃത്ത് കൂട്ടാക്കിയില്ല. അന്നും രചനകളുടെ കാര്യത്തിൽ ഖാദറിന് ചില ഉറച്ച നിലപാടുകളുണ്ട്. ഖാദർ പറയുന്നു. 'ഞാനെന്റെ മുരിങ്ങാച്ചോട്ടിലെ ഇലപ്പഴുതുകളിലൂടെയാണ് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയതും എണ്ണിയതും.'

തനിയെ തന്റെ കാലടിവെച്ച് ആരെയും കൂസാതെ യാത്രചെയ്താണ് ഖാദർ സാഹിത്യത്തിൽ ഇവിടെവരെയെത്തിയത്. ഈ എഴുത്തുകാരനെ കണ്ടെത്തിയതും തുണച്ചതും സി.എച്ച് മുഹമ്മദ്‌കോയ എന്ന പത്രാധിപരായിരുന്നു. 'എന്റെ സാഹിത്യജീവിതത്തിൽ വലിയ കടപ്പാട് സി.എച്ചിനോടാണ്. അയൽപക്കത്തെ അനാഥക്കുട്ടിയുടെ ദുഃഖം ശമിപ്പിക്കാൻ 'ബാല്യകാലസഖി' ആദ്യം വായിക്കാൻ തന്നത് സി.എച്ചാണ്. ആദ്യത്തെ കഥ അച്ചടിച്ചുവന്നതും സി.എച്ചിന്റെ കൈകളിലൂടെയാണ്'-ഖാദർ പറയുന്നു. എഴുത്തുകാരിൽ എം. ഗോവിന്ദനും ബഷീറും ടി. പത്മനാഭനും മാത്രമാണ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്.

തലമുറകളെ കള്ളിതിരിച്ചുനിർത്തിയ നമ്മുടെ നിരൂപകരല്ല യു.എ ഖാദർ എന്ന കഥാകാരനെ ശ്രദ്ധേയനാക്കിയത്. മനുഷ്യന്റെ ഹൃദയപക്ഷത്തുനിന്ന ഈ എഴുത്തുകാന്റെ രചനകളെ വായനക്കാർ സ്വന്തം ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയായിരുന്നു. ഗ്രൂപ്പുകൾക്കും ക്ലിക്കുകൾക്കും അതീതനായി ഒരജ്ഞാത ജ്യോതിസ്സായി അധികാരപൂർവ്വം കടന്നുവന്ന് നമ്മുടെ കഥാസാഹിത്യത്തിന്റെ മുൻനിരയിൽ നിൽക്കുന്നു ഖാദർ കഥകൾ. വാക്കുകൾക്ക് പിശുക്കുകാണിക്കുന്ന സ്വഭാവം ഖാദറിനില്ല. സ്വൽപം പരിഹാസത്തോടെ നാടൻകഥ പറയുന്നമട്ടിൽ പലപ്പോഴും ഇദ്ദേഹം തൃക്കോട്ടൂരിന്റെ ചരിത്രം വിരചിക്കുന്നു. സൗന്ദര്യംകൊണ്ടും തന്റേടംകൊണ്ടും ആണുങ്ങളെ അടിയറവ് പറയിപ്പിക്കുന്ന പെണ്ണുങ്ങൾ ഖാദറിന്റെ ഇഷ്ടകഥാപാത്രങ്ങളാണ്. മാധവി, കെട്ടിയവൻ തട്ടാൻ ചന്തുക്കുട്ടിയോട്പറയുന്നു: 'ഉള്ളത് നക്കി ചെലക്കാണ്ട് കെടന്നോളിൻ. കപ്പ മാന്തിക്കണ്ട. എനിക്കിഷ്ടംപോലെ കുറി നടത്ത്വേ, കണക്ക് എഴുതിക്വേ ചെയ്യും. ചോദിക്കാനും പറയാനും നിങ്ങളാരാ? പുതുപ്പണം വാഴുന്നോരോ? തച്ചോളി മേപ്പയിൽ തേനക്കുറുപ്പോ?' (തട്ടാൻ ഇട്ട്യേമ്പി) ആരാന്റെ ആഭരണങ്ങളെക്കുറിച്ചും ആരാന്റെ കുറ്റങ്ങളെക്കുറിച്ചും ആരായുന്ന ഉമ്മപ്പെണ്ണുങ്ങളും റാക്കുഷാപ്പും റങ്കൂണിൽനിന്നു തിരിച്ചുവന്ന മാപ്പിളമാരും ഖാദർ കഥകളിൽ നിറഞ്ഞുനിൽക്കുന്നു. മുസ്‌ലിം സാമൂഹ്യജീവിതം തീക്ഷണമായി വരച്ചിട്ട നോവലാണ് 'ചങ്ങല' എൻ.കെ ദാമോദരന്റെ ആമുഖത്തോടെയാണ് അത് പുസ്തകമായത്. 'മുസ്‌ലിംകളുടെ ഇന്ദുലേഖ' എന്നാണ് അക്കാലത്ത് അത് വിശേഷിപ്പിക്കപ്പെട്ടത്. എന്തുകൊണ്ടോ ആ കൃതി മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെട്ടില്ല. ആ ജീവിത പശ്ചാത്തലംവെച്ച് മറ്റുചിലർ എഴുതിയത് പലപ്പോഴും 'ചങ്ങല'യോളം മികച്ചതല്ലാതിരുന്നിട്ടും അവ ആഘോഷിക്കപ്പെട്ടു. പക്ഷേ, മലയാളത്തിലെ ഒരു ക്ലാസിക് കൃതിയായി 'ചങ്ങല' വരുംകാലങ്ങളിൽ ചർച്ചചെയ്യപ്പെടും.

വടക്കൻ പാട്ടുകളും നാടൻ ശൈലികളും ഖാദറിനെ സ്വാധീനിച്ചിട്ടുണ്ട്. ആ കഥകളിൽ മണ്ണിന്റെ ഗന്ധമുണ്ട്. ചരിത്രകാരന്മാർ ഗ്രാമചരിതം പറയുംപോലെ ചൊടിയും ചുണയുമുള്ള ഭാഷയിൽ ഖാദർ കഥ പറയുന്നു. 'ഖാദറിന്റെ ചരിത്രകാരൻ ചിത്രകാരനുമാണ്. ചിത്രങ്ങളിലൂടെ മാത്രം ചരിത്രം കാണുമ്പോൾ ഓർമകൾ കഥകളായും അതിലൂടെ അവ മറ്റുള്ളവരുടെ ഓർമകളിലും അങ്ങനെ ഓർമകളുടെ വലിയൊരു വലയായും പരിണമിക്കുന്നു'-ഇ.വി രാമകൃഷ്ണൻ നിരീക്ഷിക്കുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ സന്ദർഭത്തിൽ വായിക്കേണ്ട നോവലാണ് 'ആഘോരശിവം' എന്ന് നിരീക്ഷപ്പെട്ടിട്ടുണ്ട്.

'ഖാദറിലെ ചിത്രകാരൻ തെയ്യങ്ങളുടെ ദൃശ്യവിസ്മയത്തിലേക്ക് ആകർഷിക്കപ്പെട്ടതിൽ അദ്ഭുതമില്ല' എന്ന് കെ.പി മോഹനൻ. എന്നാൽ അത്രക്കത്രക്ക് ഇസ്‌ലാമിക മതബോധം പുലർത്തുന്ന ഒരു 'മാപ്ലക്കുട്ടി'യുടെ മനസ്സും ഖാദറിനുണ്ട് എന്ന് അദ്ദേഹം പറയുന്നു. മലയാളത്തിൽ ഒട്ടേറെ എഴുത്തുകാരുണ്ട്. ജന്മം മുതൽ മുലപ്പാലിനൊപ്പം മാതൃഭാഷ നുണഞ്ഞ് എല്ലാ സൗഭാഗ്യങ്ങളോടെയും വളർന്നവർ. എന്നാൽ, യു.എ ഖാദർ അങ്ങനെയായിരുന്നില്ല. മറ്റൊരുനാട്ടിൽ നിന്നെത്തി എറെക്കഴിഞ്ഞ് മലയാളം പഠിച്ച ഒരാൾ. മാതൃഭാഷയല്ല, പിതൃഭാഷയാണ് ഖാദറിന് മലയാളം. എന്നിട്ടും പലരേയും പിന്നിലാക്കി അക്ഷരങ്ങൾക്കൊണ്ട് കരവിരുതുണ്ടാക്കുന്ന വിദ്യ അദ്ദേഹം സ്വന്തമാക്കി. 'അക്ഷര'ത്തിലിരുന്ന് മലയാളികളെ മോഹിപ്പിക്കുന്ന ഒട്ടേറെ കൃതികളെഴുതി. ഇപ്പോഴും കഥകള്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഖാദറിന്റെ പ്രാർഥന ഇങ്ങനെ: 'എപ്പോഴും എപ്പോഴും ഉറയുവാനും തട്ടകം കിടുങ്ങേ കാര്യം വിളിച്ചോതുവാനും കഥ എന്നിൽ ആവേശിച്ചുകയറേണമേ? അതിനുള്ള കഥാന്തരീക്ഷത്തിന്റെ കേളികൊട്ടുകൾ എന്റെചുറ്റും മുഴങ്ങേണമേ?'

യു.എ ഖാദർ സ്വന്തം മുരിങ്ങാച്ചുവട്ടിലിരുന്ന് ആകാശത്തിലെ നക്ഷത്രങ്ങൾ നോക്കുന്നു. ജ്വലിക്കുന്ന, വിസ്മയിപ്പിക്കുന്ന ആ നക്ഷത്രങ്ങൾ അദ്ദേഹം വായനക്കാർക്കും കാട്ടിക്കൊടുക്കുന്നു.

Next Story
Read More >>