പൊലീസ് ജീവനക്കാരനും കവിയുമായ സാദിര്‍ തലപ്പുഴയുടെ രണ്ടാമത് കവിതാ സമാഹാരമാണു വിശദമായ ചോദ്യം ചെയ്യല്‍

മാനന്തവാടിയില്‍ 'വിശദമായ ചോദ്യം ചെയ്യല്‍'

Published On: 20 Feb 2019 4:49 AM GMT
മാനന്തവാടിയില്‍ വിശദമായ ചോദ്യം ചെയ്യല്‍

വിശദമായ ചോദ്യം ചെയ്യൽ

സാദിര്‍ തലപ്പുഴ


ആകാശത്തിൻറെ

ചെരിവിൽ

സംശയാസ്പദമായ

സാഹചര്യത്തിൽ

ഒരു മഴവില്ല്.


മതിയായ രേഖകളില്ലാതെ

ഇറക്കുമതി ചെയ്ത

നിറങ്ങളാണെന്നും

ഈ വളഞ്ഞു നിൽപ്പ്

വഴി മുടക്കിയാണെന്നും

അനുചരന്മാർ

അധികാരത്തിങ്കലേക്ക്

സന്ദേശപ്പെട്ടു.


ഒടിച്ചു മടക്കി

വിശദമായ

ചോദ്യം ചെയ്യലിനായി

കൊണ്ടു പോകുമ്പോഴും

പൂക്കളിലും പൂമ്പാറ്റകളിലും

മഴവില്ല്

നിറങ്ങൾ കൊണ്ട്

ഉമ്മ വെച്ചു.


വാക്കുകളില്ലാത്ത

ചോദ്യങ്ങളാൽ

നിറങ്ങൾ ഊർന്നു പോയ

മഴവില്ലിനെ

മൂന്നാം പക്കം

ആകാശത്തിൻറെ

വാരിയെല്ലിലേക്ക്

നിരുപാധികം

വിട്ടയക്കപ്പെട്ടു.


ഇപ്പോൾ

മഴവില്ല്

ഒരു കരിങ്കൊടിയാണ്.

( സാദിര്‍ തലപ്പുഴയുടെ പുസ്തകത്തിന്റെ തലക്കെട്ടിനാധാരമായ കവിത)

മാനന്തവാടി : പൊലീസ് ജീവനക്കാരനും കവിയുമായ സാദിര്‍ തലപ്പുഴയുടെ രണ്ടാമത് കവിതാ സമാഹാരം വിശദമായ ചോദ്യം ചെയ്യലിന്റെ പ്രകാശനം മാനന്തവാടിയില്‍ നടന്നു. പ്രശസ്ത തമിഴ് കവി യവനിക ശ്രീറാം പുസ്തകം പ്രകാശനം ചെയ്തു . നവീനാ സുഭാഷ് പുസ്തകം ഏറ്റുവാങ്ങി.മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ പി അസീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കവി നന്ദനന്‍ മുള്ളമ്പത്ത് പുസ്തകം പരിചയപ്പെടുത്തി.ചിന്ത പബ്ലിക്കേഷന്‍സാണു പ്രസാധകര്‍.




കുഴൂര്‍ വിത്സണ്‍

കുഴൂര്‍ വിത്സണ്‍

കവി, ബ്ലോഗര്‍, ഗ്രന്ഥകാരന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ @ തത്സമയം ഓണ്‍ലൈന്‍


Top Stories
Share it
Top