സൈബര്‍ സുരക്ഷ; ബഹുദൂരം മുന്നേറി ഖത്തര്‍

അറബ് ലോകത്തെ സൈബർ സുരക്ഷയിൽ മൂന്നാം സ്ഥാനമാണ് ഖത്തറിനുള്ളത്. ലോകതലത്തിൽ പതിനേഴാമത്തെ സ്ഥാനവും ഉണ്ട്.

സൈബര്‍ സുരക്ഷ; ബഹുദൂരം മുന്നേറി ഖത്തര്‍

ദോഹ: സൈബർ സുരക്ഷയുടെ കാര്യത്തിൽ വൻനേട്ടവുമായി ഖത്തർ. അറബ് ലോകത്തെ സൈബർ സുരക്ഷയിൽ മൂന്നാം സ്ഥാനമാണ് ഖത്തറിനുള്ളത്. ലോകതലത്തിൽ പതിനേഴാമത്തെ സ്ഥാനവും ഉണ്ട്. ഐക്യരാഷ്ട്രസഭയുടെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗം പുറത്തിറക്കിയ ആഗോള സൈബർ സുരക്ഷാ ഇൻഡക്‌സ് റിപ്പോർട്ടിലാണ് ഖത്തറിന്റെ നേട്ടം വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഖത്തർ പതിനേഴിലെത്തിയത്. 175 രാജ്യങ്ങളിലെ സൈബറിടങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സൈബർസുരക്ഷയുടെ കാര്യത്തിൽ ഖത്തർ ഉൾപ്പടെ മൂന്നു അറബ് രാജ്യങ്ങൾ മികച്ച മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. ആഗോള സൈബർസുരക്ഷാ പ്രോഗ്രാമിന്റെ അഞ്ചു തൂണുകളായ ലീഗൽ, സാങ്കേതികം, നിയന്ത്രണ നടപടികൾ, ശേഷികെട്ടിപ്പടുക്കൽ, ആഭ്യന്തര സഹകരണം എന്നിവ അടിസ്ഥാനപ്പെടുത്തി രാജ്യങ്ങളുടെ പ്രവർത്തനം വിലയിരുത്തിയാണ് റാങ്കിങ് തയാറാക്കിയത്.

ഖത്തറിന്റെ നിയമചട്ടക്കൂടും സൈബർസുരക്ഷാ ഘടനയും ദേശീയ സൈബർസുരക്ഷാ കർമ്മപദ്ധതിയുടെ വികസനവും മുന്നേറ്റത്തിൽ പ്രേരകമായി. 175 രാജ്യങ്ങളിലെ സൈബറിടങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കുന്ന സുരക്ഷിതവും കാര്യക്ഷമവുമായ ടെലികമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ വിലയിരുത്തിയാണ് ഖത്തറിന് റാങ്കിട്ടത്.

ആഗോള തലത്തിൽ ബ്രിട്ടനാണ് സൈബർ സുരക്ഷയിൽ ഒന്നാമതുള്ള രാജ്യം. അമേരിക്ക രണ്ടും ഫ്രാൻസ് മൂന്നാം സ്ഥാനത്തുമുണ്ട്.

ലിത്വാനിയ, എസ്റ്റോണിയ, സിംഗപ്പൂർ, സ്‌പെയിൻ, മലേഷ്യ, കാനഡ, നോർവെ രാജ്യങ്ങളാണ് നാലു മുതൽ പത്തുവരെ സ്ഥാനങ്ങളിൽ.

Read More >>