മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് വര്‍ദ്ധന എയർ ഇന്ത്യ പിൻവലിച്ചു

പ്രവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് വര്‍ദ്ധന എയർ ഇന്ത്യ പിൻവലിച്ചു

ന്യൂഡൽഹി: യുഎഇയിൽനിന്ന് നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള നിരക്ക് 50 ശതമാനംവരെ വർധിപ്പിച്ച എയർ ഇന്ത്യ നടപടി പിൻവലിച്ചു. പ്രവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്. പഴയ നിരക്ക് തന്നെ തുടരുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. എംബസി നിർദേശടിസ്ഥാനത്തിൽ സൗജന്യമായി മൃതദേഹം കൊണ്ടുപോകുന്നതും എയർ ഇന്ത്യ നിർത്തിവച്ചിരുന്നു.

ഒരു മൃതദേഹം നാട്ടിലെത്തിക്കാൻ കിലോയ‌്ക്ക‌് 17 ദിർഹമായിരുന്നു (ഏതാണ്ട‌് 335 രൂപ) നേരത്തെ നിരക്ക്. അതാണ് 30 ദിർഹംവരെയാക്കി (ഏതാണ്ട‌് 592 രൂപ) ഉയർത്തിയത്. പെട്ടിയുടെ തൂക്കത്തിനും പണം കൊടുക്കണം. നേരത്തെ ഒരു മൃതദേഹം കേരളത്തിലേക്ക് അയക്കാൻ 2000 ദിർഹം (ഏതാണ്ട‌് 39,524 രൂപ) മതിയായിരുന്നെങ്കിൽ വർധിപ്പിച്ച നിരക്ക് പ്രകാരം 4000 ദിർഹം (ഏതാണ്ട് 79,000 രൂപ) വേണ്ടിവരും. മൃതദേഹം എത്തുന്ന വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ‌് ഫീ, സുരക്ഷാ ഫീസ് എന്നിവ പുതുക്കിയ നിരക്കിൽ ഉൾപ്പെടില്ല. ഇതും എംബാമിങ്ങുംകൂടി ആയാൽ 1,50,000 രൂപ വരും.

മൃതദേഹങ്ങള്‍ തൂക്കി നോക്കി അത് കൊണ്ടുപോകാന്‍ പണം ഈടാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പ്രവാസികള്‍ ദീര്‍ഘനാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുകൂലമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങളുടെ പൗരന്മാർ മരണപ്പെട്ടാൽ പാക്കിസ്ഥാനും ബംഗ്ലാദേശും സൗജന്യമായാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഇതിനായി ഈ രാജ്യങ്ങളിൽ അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇന്ത്യയും ഈ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാലാകാലങ്ങളിലുള്ള കേന്ദ്ര സർക്കാരുകൾക്ക് പ്രവാസി സംഘടനകൾ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.

Read More >>