ഈ മലയാളത്തിനു മധുരമില്ല

"പത്ത് പതിനാറ് വയസ്സിൽ നാട് വിട്ടു പോന്നുവെങ്കിലും ഗൾഫിലെത്തിയപ്പോഴാണ് പിന്നെ മുസ്ലീം മതാചാരങ്ങളെ അടുത്ത് അറിയുന്നത്. മുസല്ലയിലെ മുറിയിൽ മുസ്ലീം സഹോദരരായിരുന്നു കൂട്ട് . ഒരു കൂട്ടർ ടീവി കണ്ടിരിയ്ക്കുമ്പോൾ തൊട്ടപ്പുറത്തിരുന്ന് അവർ നിസ്കരിക്കും. ടീവിയുടെ ശബ്ദം അൽപ്പം കുറച്ചുവയ്ക്കും. സഹിഷ്ണുത എന്തെന്ന് അന്നറിഞ്ഞു. മുപ്പത്തഞ്ച് വർഷം അവർക്കിടയിലാ ജീവിച്ചത്. ആ ദീനാനുകമ്പ കൈമോശം വരാതിരിക്കണേ. ജാതി മത വർഗ്ഗ വൈരങ്ങൾ കലുഷമാക്കിയ ഒരു നാട്ടിലേക്കാണല്ലോ തിരിച്ച് ചെല്ലുന്നത്!" അരവിന്ദന്‍ പണിക്കശ്ശേരി

ഈ മലയാളത്തിനു മധുരമില്ലമധുരം മലയാളം

ഷാര്‍ജ : ശബരിമല പ്രശ്നത്തില്‍ കേരളം ഒരു വര്‍ഗ്ഗീയ ധ്രുവീകരണത്തിലേക്ക് നിങ്ങുമ്പോള്‍ ആശങ്കയോടെ പ്രവാസി മലയാളികള്‍. പ്രത്യേകിച്ച് മതവും ജാതിയും ഒക്കെ മറന്ന് ഒരേ ഫ്ലാറ്റു മുറികളില്‍ ദീര്‍ഘകാലം സ്നേഹം പങ്ക് വച്ച് ജീവിച്ച ഗള്‍ഫ് മേഖലയിലെ ആദ്യകാല പ്രവാസികള്‍. ജീവിത സായാഹ്നത്തില്‍ നാട്ടില്‍ മടങ്ങി വന്ന് സ്വസ്ഥതയോടെ, അതിമനോഹരമായ ജന്മനാട്ടില്‍ കഴിയണമെന്ന അവരുടെ സ്വപ്നങ്ങളിലാണു സമീപ കേരളത്തിന്റെ വര്‍ത്തമാനങ്ങള്‍ കരിനിഴലാവുന്നത്.

യു എ ഇ യിലെ മുതിര്‍ന്ന പ്രവാസി മലയാളിയും എഴുത്തുകാരനുമാണു അരവിന്ദന്‍ പണിക്കശ്ശേരി.ചെയ്യുന്ന ജോലിക്കും എഴുത്തിനും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും പുറമേ, ഗള്‍ഫിലെ പുതുതലമുറയില്‍ മലയാളമെത്തിക്കുന്നതിലും ശ്രദ്ധാലുവാണു ഈ നാട്ടുസ്നേഹി. മധുരം മലയാളം എന്ന പദ്ധതിയിലൂടെ ഗള്‍ഫിലെ മലയാളി കുട്ടികള്‍ക്ക് നാട്ടുമലയാളം പറഞ്ഞ് കൊടുക്കുന്നതില്‍ അരവിന്ദന്‍ പണിക്കശ്ശേരിയും കൂട്ടുകാരും വലിയ ഉത്സാഹമാണു കാണിക്കുന്നത്. മലയാളത്തിന്റെ സംസ്ക്കാരം യു എ ഇ യുടെ വിവിധ ഇടങ്ങളില്‍ എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച സാംസ്ക്കാരിക പ്രവര്‍ത്തകന്‍ കൂടിയാണു അരവിന്ദേട്ടന്‍ എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന ഈ തൃശ്ശൂര്‍ക്കാരന്‍.


കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ഗള്‍ഫില്‍ ജീവിക്കുന്ന അരവിന്ദന്‍ പണിക്കശ്ശേരി , ശബരിമല വിഷയത്തില്‍ എഴുതിയ കുറിപ്പ് ഇങ്ങനെയാണു അവസാനിക്കുന്നത്.

" പത്ത് പതിനാറ് വയസ്സിൽ നാട് വിട്ടു പോന്നുവെങ്കിലും ഗൾഫിലെത്തിയപ്പോഴാണ് പിന്നെ മുസ്ലീം മതാചാരങ്ങളെ അടുത്ത് അറിയുന്നത്.

മുസല്ലയിലെ മുറിയിൽ മുസ്ലീം സഹോദരരായിരുന്നു കൂട്ട് .

ഒരു കൂട്ടർ ടീവി കണ്ടിരിയ്ക്കുമ്പോൾ തൊട്ടപ്പുറത്തിരുന്ന് അവർ നിസ്കരിക്കും.

ടീവിയുടെ ശബ്ദം അൽപ്പം കുറച്ചുവയ്ക്കും.

സഹിഷ്ണുത എന്തെന്ന് അന്നറിഞ്ഞു. മുപ്പത്തഞ്ച് വർഷം അവർക്കിടയിലാ ജീവിച്ചത്.

ആ ദീനാനുകമ്പ കൈമോശം വരാതിരിക്കണേ.

ജാതി മത വർഗ്ഗ വൈരങ്ങൾ കലുഷമാക്കിയ ഒരു നാട്ടിലേക്കാണല്ലോ തിരിച്ച് ചെല്ലുന്നത്! "

ഇത് അരവിന്ദന്‍ പണിക്കശ്ശേരി എന്ന പ്രവാസിയുടെ മാത്രം ആകുലതയല്ല. കേരളക്കരയെ സ്നേഹിക്കുന്ന എല്ലാവരുടേതുമാണു. 40 വര്‍ഷം മുന്‍പ് കേരളക്കര എങ്ങനെയാണു സ്നേഹത്തില്‍ കഴിഞ്ഞിരുന്നതെന്ന് അരവിന്ദന്‍ പണിക്കശ്ശേരി തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ എഴുതുന്നു.

കേരളത്തില്‍ ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ മധുരമുള്ള മലയാളം കയ്ക്കുമെന്നാണ്, നാടിനെ നെഞ്ചിലേറ്റി, മരുഭൂമിയിലും മറ്റ് ദേശങ്ങളിലും പണിയെടുക്കുന്നവര്‍ പറയുന്നത്.

Read More >>