ഒമാൻ വിസാ നിരോധനം നീട്ടി

സ്വകാര്യ മേഖലയിലെ ചില ജോലികൾക്ക് ഒമാനികൾ അല്ലാത്ത തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ നിരോധനം ആറുമാസത്തേക്കാണ് നീട്ടിയത്.

ഒമാൻ വിസാ നിരോധനം നീട്ടി

മസ്‌കത്ത്: രാജ്യത്ത് ചില ജോലികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിസാ നിരോധനം ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം നീട്ടി. സ്വകാര്യ മേഖലയിലെ ചില ജോലികൾക്ക് ഒമാനികൾ അല്ലാത്ത തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ നിരോധനം ആറുമാസത്തേക്കാണ് നീട്ടിയത്.ഉത്തരവിന് മുമ്പ് അനുമതി ലഭിച്ചവർ ഇതിൽ ഉൾപ്പെടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ പ്രവാസികൾക്ക് അവരുടെ വിസാ കാലാവധി തീരുന്നത് വരെ രാജ്യത്ത് ജോലി ചെയ്യാം.കമ്പ്യൂട്ടർ എൻജിനീയർ, പബ്ലിക് റിലേഷൻ വിദഗ്ധർ, അഡ്മിനിസ്‌ട്രെറ്റീവ് മാനേജർമാർ, ഹ്യുമൻ റിസോഴ്‌സ് ,ബിസിനസ് ,സെയ്ൽസ് സ്‌പെഷ്യലിസ്റ്റുകൾ തുടങ്ങിയവർക്കാണ് നിരോധനം ബാധകമാകുക.

പബ്ലിക് അതോറിറ്റി ഫോർ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ് ഡെവലപ്‌മെന്റ് അല്ലെങ്കിൽ പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത ബിസിനസ് ഉടമകൾക്ക് ഈ തീരുമാനം ബാധകമാകില്ല.കഴിഞ്ഞ വർഷം ജനുവരി 28നാണ് സ്വകാര്യ മേഖലയിലെ പത്ത് വിഭാഗങ്ങളിലായുള്ള തസ്തികകളിൽ വിദേശികളെ ജോലിക്കെടുക്കുന്നതിന് ആറു മാസത്തെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതിന്റെയും തൊഴിൽ മാർക്കറ്റ് ക്രമപ്പെടുത്തുന്നതിന്റെയും ഭാഗമായുള്ള ഈ തീരുമാനത്തിന്റൈ കാലാവധി കഴിഞ്ഞ ജൂലൈയിൽ ആറു മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ആറു മാസം പൂർത്തീകരിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. ഇതിൽ മലയാളികൾ കൂടുതലായി ജോലി ചെയ്യുന്ന മേഖലകളും ഉൾപ്പെടും. നിലവിൽ ജോലി ചെയ്യുന്നവർക്ക് വിസ പുതുക്കാൻ തടസങ്ങൾ ഉണ്ടാകില്ല.

Read More >>