അരാംകോ ആക്രമണം: എണ്ണ വിതരണ പ്രതിസന്ധിക്കും വില വർദ്ധനക്കും ഇടയാക്കും

നിര്‍ത്തിവച്ചത് 5.7 ദശലക്ഷം ബാരല്‍ ഉല്‍പാദനം

അരാംകോ ആക്രമണം: എണ്ണ വിതരണ പ്രതിസന്ധിക്കും വില വർദ്ധനക്കും ഇടയാക്കും

റിയാദ്: സൗദിയുടെ അരാംകോ എണ്ണക്കമ്പനിയുടെ സംസ്‌ക്കരണ കേന്ദ്രത്തിനും എണ്ണപ്പാടത്തിനും നേരെ കഴിഞ്ഞദിവസമുണ്ടായ ഡ്രോൺ ആക്രമണം കനത്ത നഷ്ടമാണ് രാജ്യത്തിന് വരുത്തി വച്ചത്. സൗദിയുടെ പകുതിയിലധികം എണ്ണ ശേഖരത്തെയാണ് ആക്രമണവും തുടർന്നുണ്ടായ സ്‌ഫോടനവും തീപ്പിടിത്തവും ബാധിച്ചത്.

ഇറാന് യു.എസ് ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ഗൾഫ് മേഖലയിൽ എണ്ണ വിതരണത്തിന് നേരിടുന്ന പ്രതിസന്ധി ഒരു പരിധിവരെ മറികടന്നത് സൗദിയിൽ നിന്നുള്ള എണ്ണ വിതരണമാണ്. എന്നാൽ, കഴിഞ്ഞ ദിവസം യെമനിലെ ഹുതി വിമതർ നടത്തിയ ഡ്രോൺ ആക്രമണം സൗദിക്കകത്തും രാജ്യാന്തര തലത്തിലുമുള്ള എണ്ണവിതരണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

സൗദിയുടെ കിഴക്കൻ മേഖലയായ ദമാമിനടുത്തുള്ള അബ്‌ഖൈഖ്, ഹിജ്‌റാത് ഖുറൈസ് എണ്ണപ്പാടം എന്നിവിടങ്ങളിലാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. അബ്‌ഖൈഖിലെയും ഖുറൈസിലെയും അരാംകോ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കൾ നിറച്ച 10 ഡ്രോണുകളാണ് ആക്രമണം നടത്തിയത്. ദശാബ്ദങ്ങൾക്കിടെ സൗദി എണ്ണ സംസ്‌ക്കരണ ശാലക്ക് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞദിവസം ഉണ്ടായത്. 1991ലെ ഗൾഫ് യുദ്ധത്തിൽ സദ്ദാം ഹുസൈന്റെ സൈന്യം പ്രയോഗിച്ച സ്‌കഡ് മിസൈലുകളേക്കാൾ നാശനഷ്ടം കഴിഞ്ഞ ദിവസത്തെ ആക്രമണം ഉണ്ടാക്കിയിട്ടുണ്ട്.

5.7 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉൽപാദനമാണ് ആക്രമണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചതെന്ന് അരാംകോ പ്രസ്താവനയിൽ പറഞ്ഞു. ഇത് രാജ്യത്തിന്റെ മൊത്തം ഉൽപാദനത്തിന്റെ പകുതിയിലധികവും ആഗോള എണ്ണ വിതരണത്തിന്റെ ആറു ശതമാനവും വരും. ഇതോടെ എണ്ണ വില കുത്തനെ ഉയരാനും സാദ്ധ്യത കൂടുതലാണ്. എത്രനാൾ ഉൽപാദനം വെട്ടിക്കുറക്കുമെന്ന് അരാംകോയുടെ പ്രസ്താവനയിൽ വ്യക്തമല്ല. എന്നാൽ എണ്ണ വിതരണത്തിലെ തടസ്സങ്ങൾ പരിഹരിക്കുന്നതുവരെ എണ്ണ ശേഖരം നടത്താൻ എണ്ണ ശേഖരിക്കാൻ ഒരുക്കമാണെന്ന് യു.എസ് ഊർജ്ജ വകുപ്പ് അറിയിച്ചിട്ടുണ്ട്.

യെമനിലെ ഹൂതി നിയന്ത്രണ പ്രദേശത്ത് നിന്ന് 500 മൈൽ അകലെയുള്ള ഖുറൈസ്, അബ്‌ഖൈഖ് പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഇതോടെ ഹൂതികളുടെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് സ്വന്തം പ്രദേശത്തെ സംരക്ഷിച്ചു നിർത്താനുള്ള സൗദിയുടെ മുൻകരുതലുകൾ ചോദ്യം ചെയ്യപ്പെടുകയാണ്.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രപും സൗദി കിരീടാവകാശിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ സുരക്ഷയൊരുക്കാൻ തയ്യാറാണെന്ന് ട്രംപ് പറഞ്ഞിരുന്നു. സൗദിയുടെ സുരക്ഷക്കും സ്ഥിരതക്കും വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. അരാംകോക്ക് നേരെയുണ്ടായ ആക്രമണം യു.എസിന്റേയും ലോകത്തിന്റേയും സാമ്പത്തിക നിലയെ ബാധിക്കുമെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ വാഗ്ദാനം. എന്നാൽ, ഏത് തീവ്രവാദ ആക്രമണത്തേയും നേരിടാൻ സൗദി തയ്യാറാണെന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയോട് സൗദി കിരീടാവകാശിയുടെ മറുപടി.

Read More >>