65 ന്‍റെ നിറവില്‍ ബോളിവുഡ് സുന്ദരി രേഖ

തമിഴ്‌നാട് സ്വദേശിനിയായ രേഖ 16 ആം വയസ്സിലാണ് ഹിന്ദി സിനിമയിലേക്ക് എത്തുന്നത്. നടിയായ അമ്മ പുഷ്പവല്ലിയുടെ ആഗ്രഹപ്രകാരമാണ് രേഖ അഭിനയത്തിലേക്ക് വന്നത്

65 ന്‍റെ നിറവില്‍ ബോളിവുഡ് സുന്ദരി രേഖ

മുംബൈ: സ്‌റ്റൈലിങ്ങിന്റേയും സൗന്ദര്യത്തിന്റേയും കാര്യത്തിൽ ബോളിവുഡ് സുന്ദരി രേഖയെ കടത്തിവെട്ടാൻ മറ്റാരുമില്ല. 65 വയസ്സായിട്ടും രേഖയുടെ ചുറുചുറുക്കിനും ആകാരവടിവിനും കുറവൊന്നുമില്ല. ആ സൗന്ദര്യത്തിന് ഇന്ന് 65വയസ്സ് തികയുകയാണ്. തമിഴ്‌നാട് സ്വദേശിനിയായ രേഖ 16 ആം വയസ്സിലാണ് ഹിന്ദി സിനിമയിലേക്ക് എത്തുന്നത്. നടിയായ അമ്മ പുഷ്പവല്ലിയുടെ ആഗ്രഹപ്രകാരമാണ് രേഖ അഭിനയത്തിലേക്ക് വന്നത്. പ്രശസ്ത നടൻ ജെമിനി ഗണേശനാണ് രേഖയുടെ അച്ഛൻ. തന്റെ അമ്മയെ കൂടാതെ അച്ഛന് വേറെ ഭാര്യമാരും ബന്ധങ്ങളും ഉണ്ടായിരുന്നത് കാരണം ചെറു പ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടി വന്നു രേഖയ്ക്ക്. തെലുങ്ക് ചിത്രമായ 'രംകുല രത്‌ന'ത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ ഭാനുരേഖ ഗണേശൻ സിനിമയ്കായി പിന്നീട് പേര് ചുരുക്കി രേഖ എന്നാക്കി. 50 വർഷം കൊണ്ട് 180 ഓളം സിനിമകളിൽ വേഷമിട്ടു. 'ഉമ്രാവ്ജാൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടി. 2000ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 2012-2018 കാലയളവിൽ രാജ്യസഭാംഗമായിരുന്നു.

പ്രശസ്ത നടനായ ജെമിനി ഗണേശൻ, ആദ്യ കാലത്ത് രേഖയെ തന്റെ മകളായി അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. മാതാപിതാക്കൾ ഔദ്യോഗികമായി വിവാഹം കഴിക്കാതിരുന്നതു കൊണ്ടു തന്നെ, ജെമിനി ഗണേശന്റെ 'ജാരസന്തതി' എന്ന് പലരും അന്ന് രേഖയെ പരിഹസിച്ചു. ഷർമിള ടാഗോറും ആഷാ പരേഖും മുംതാസുമെല്ലാം അരങ്ങു വാഴുന്ന കാലത്തായിരുന്നു രേഖയുടെ ബോളിവുഡ് അരങ്ങേറ്റം. എന്നാൽ, അവരിൽ നിന്നെല്ലാം രേഖയെ വ്യത്യസ്തമാക്കിയത് സ്വതസിദ്ധവും സ്വാഭാവികവുമായ അഭിനയശൈലിയായിരുന്നു.

ഗോസിപ്പ് കോളങ്ങൾ രേഖയുടെ പ്രണയകഥകൾ ആഘോഷമാക്കി. ഗോസിപ്പെഴുത്തുകാരുടെ സ്ഥിരം ഇരയായിരുന്നു അവർ. അമിതാഭ് ബച്ചൻ ഉള്ള ഏതു അവാർഡ് ദാന വേദിയിലേക്കും രേഖ കടന്നു ചെല്ലുമ്പോൾ പാപ്പരാസി കേമറകൾ ഇരുവരെയും സൂം ചെയ്തു. ബോളിവുഡ് പാപ്പരാസികൾ ഇപ്പോഴും ആ ഗോസിപ്പ് കഥയ്ക്കു ചുറ്റും കിടന്ന് കറങ്ങുകയാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ രണ്ടു സിനിമകളിൽ മാത്രമാണ് രേഖ മുഖം കാണിച്ചത്. എന്നാൽ, സ്‌ക്രീനിൽ നിന്നെടുത്ത ഇടവേളകൾ ഒന്നും ആ താരറാണിയുടെ താരപ്രഭ കെടുത്തികളഞ്ഞില്ല.'ഏറെ ആഴത്തിൽ ഹൃദയം മുറിപ്പെട്ടിട്ടും തകർന്നു പോവാത്തൊരു വ്യക്തിയാണ് അവർ' എന്ന് 'ഉമ്രാവുജാനി'ന്റെ സംവിധായകൻ മുസാഫർ അലി തന്നെ കുറിച്ച് മുമ്പൊരിക്കൽ പറഞ്ഞ വിശേഷണത്തെ ജീവിതം കൊണ്ട് അന്വർത്ഥമാക്കുകയായിരുന്നു രേഖ.

Read More >>