അയാളുടെ സിനിമയില്‍ അഭിനയിക്കേണ്ട; ദീപികയ്‌ക്കെതിരേ ആരാധകർ

സിനിമയില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ദീപിക ഫാൻസിന്റെ ക്യാമ്പയ്ൻ ട്വിറ്ററിൽ ആരംഭിച്ചു

അയാളുടെ സിനിമയില്‍ അഭിനയിക്കേണ്ട; ദീപികയ്‌ക്കെതിരേ ആരാധകർ

മുംബൈ: മറ്റു പല സിനിമാമേഖലയിലും മീടൂ പ്രസ്താവനകൾ നടന്നെങ്കിലും ബോളിവുഡിൽ ഇതിന് തിരികൊളുത്തിയത് തനുശ്രീ ദത്തയായിരുന്നു. ഒട്ടേറെ തുറന്നുപറച്ചിലുകൾക്കും പ്രതിഷേധങ്ങൾക്കും വേദിയായ ബോളിവുഡിൽ വീണ്ടും ഇതാ ഒരു മീടൂ പരാമർശം. ഇത്തവണ ആരും തുറന്നുപറഞ്ഞതല്ല, മീടൂ ആരോപണം നേരിട്ട സംവിധായകന്റെ സിനിമയിൽ ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ അഭിനയിക്കും എന്ന വാർത്തയാണ് പ്രശ്‌നം. പ്യാർ കാ പഞ്ച്നാമ, ആകാശ് വാണി, സോനു കെ ടിറ്റു കി സ്വീറ്റി തുടങ്ങിയ സിനിമകളുടെ സംവിധായകൻ ലവ് രഞ്ജന്റെ അടുത്ത ചിത്രത്തിൽ നായികാവേഷത്തിൽ എത്തിയേക്കുക ദീപികയാണെന്ന് റിപ്പോർട്ടുകൾ വന്നതിന് ശേഷമാണ് ഇതിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ദീപിക ഫാൻസിന്റെ ക്യാമ്പയ്ൻ ട്വിറ്ററിൽ ആരംഭിച്ചത്. നടൻ രൺബീർ കപൂറിനൊപ്പം ദീപിക പദുകോൺ, ലവ് രഞ്ജന്റെ വീട്ടിൽ സന്ദർശനം നടത്തി മണിക്കൂറുകൾക്ക് അകത്താണ് ആരാധകർ (നോട്ട് മൈ ദീപിക) എന്ന ഹാഷ്ടാഗിലൂടെ തങ്ങളുടെ അതൃപ്തി ട്വിറ്ററിലൂടെ താരത്തെ അറിയിച്ചത്. ആണഹന്തയുടെ സിനിമകൾ ചെയ്യുകയും ലൈംഗിക ആരോപണകേസിൽ പ്രതിയാവുകയും ചെയ്ത ഒരു സംവിധായകനൊപ്പം തങ്ങളുടെ പ്രിയതാരം ജോലി ചെയ്യുന്നതിലുള്ള പ്രതിഷേധത്തിലാണ് താരത്തിന്റെ ആരാധകർ. ലവ് രഞ്ജന്റെ അടുത്ത ചിത്രത്തിൽ അജയ് ദേവ്ഗണിനൊപ്പം താനും അഭിനയിക്കുന്നു എന്നു രൺബീർ മുൻപ് പ്രഖ്യാപനം നടത്തിയിരുന്നു.

സ്ത്രീകളെ ബഹുമാനിക്കാത്ത രീതിയിലുള്ള ആണഹന്ത സിനിമകൾ നിർമ്മിക്കുന്ന സംവിധായകനെന്ന് മുൻപും ലവ് രഞ്ജനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ലവ് രഞ്ജന്റെ അവസാന ചിത്രമായ 'സോനു കെ ടിറ്റു കി സ്വീറ്റി' എന്ന ചിത്രത്തെ സ്ത്രീവിരുദ്ധചിത്രമെന്ന രീതിയിലാണ് നിരൂപകർ മുദ്രകുത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ലവ് രഞ്ജനെതിരേ പേര് വെളിപ്പെടുത്താത്ത ഒരു നടി മീ ടൂ ആരോപണം ഉന്നയിച്ചത്. 'പ്യാർ കെ പഞ്ച്നാമ' എന്ന ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുക്കവെ തനിക്ക് ദുരനുഭവം ഉണ്ടായെന്നായിരുന്നു ആരോപണം. എന്നാൽ ആരോപണം നിഷേധിച്ച ലവ് രഞ്ജൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും പ്രസ്താവനയിറക്കിയിരുന്നു.

അതേസമയം ദീപികയും രൺബീറും വീണ്ടും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നതിന്‍റെ ആവേശവും ആരാധകര്‍ക്കുണ്ട്. ബച്ച്ന ഏ ഹസീനോ, യേ ജവാനി ഹേ ദീവാനി, തമാശ തുടങ്ങിയ ചിത്രങ്ങളിൽ ഈ ജോഡി എത്തിയിട്ടുണ്ട്.

Read More >>