പുത്തന്‍ ലുക്കില്‍ ഫഹദ്; 'ട്രാൻസ്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് 'ട്രാൻസ്. അമൽ നീരദ് ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു.

പുത്തന്‍ ലുക്കില്‍ ഫഹദ്;

ഫഹദ് ഫാസിലും അൻവർ റഷീദും ആദ്യമായി ഒന്നിക്കുന്ന 'ട്രാൻസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വർണാഭമായൊരു വേദിയിൽ ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിൽ നൃത്തം ചെയ്യുന്ന ഫഹദാണ് പോസ്റ്ററിലുള്ളത്. ഫഹദിന്റെ ഒഫീഷൽ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് 'ട്രാൻസ്. അമൽ നീരദ് ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോൻ, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 'ട്രാൻസ്' ക്രിസ്മസ് റീലിസായി ഡിസംബർ 20ന് തിയറ്ററുകളിലെത്തും.

2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച 'ട്രാൻസി'ന്റെ ചിത്രീകരണം 2019 ആഗസ്ത് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.ബാംഗ്ലൂർ ഡേയ്‌സിനു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്‌ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് 'ട്രാൻസ്'. ചിത്രം ആന്തോളജി വിഭാഗത്തിൽ പെടുന്നതാണെന്ന് മുൻപ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ട്രാൻസ് ഒരു ആന്തോളജി ചിത്രമല്ലെന്ന് സംവിധായകൻ അൻവർ റഷീദ് തന്നെ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.അൻവർ റഷീദ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന 'ട്രാൻസി'ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിൻസെന്റ് വടക്കനാണ്. ബാംഗ്ലൂർ ഡേയ്‌സ്, പ്രേമം, പറവ എന്നീ വിജയചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ട്രാൻസി'നുണ്ട്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Read More >>