'ജീവിതത്തിലുള്ളതെല്ലാം ‌എന്റെ സിനിമയിലുമുണ്ടാകും'

സമാന്തരസിനിമകളെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് ഇവിടുത്തെ മുഖ്യധാരാ സിനിമാ വ്യവസായ ലോകം സ്വീകരിക്കുന്നത്. സിനിമാ നിർമ്മാണവും വിതരണവും പോസ്റ്ററൊട്ടിക്കുന്നതുപോലും കയ്യടക്കി വച്ചിരിക്കുന്നത് ഒരു മാഫിയയാണ്. ഇവരുടെ ഘടനയ്ക്കു പുറത്തുള്ള സിനിമകളെ പുറന്തള്ളുക എന്നതാണ് രീതി - ജയന്‍ കെ ചെറിയാന്‍

ജീവിതത്തിലുള്ളതെല്ലാം ‌എന്റെ   സിനിമയിലുമുണ്ടാകുംഫോട്ടോ : വിശ്വജിത്ത് പി കെ

ജയന്‍ കെ ചെറിയാന്‍ / മുഹമ്മദ് ഇര്‍ഷാദ്

'പപ്പീലിയോ ബുദ്ധ'യ്ക്കു ശേഷം ജയന്‍ കെ ചെറിയാന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ 'കാ ബോഡിസ്‌കേപ്‌സ്' ഈ വെള്ളിയാഴ്ച്ച തൃശ്ശൂരും കോഴിക്കോടും റിലീസിനെത്തുകയാണ്. ഇതിനകം തന്നെ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സിനിമ ലോകമെങ്ങുമുള്ള ചലച്ചിത്രമേളകളില്‍ മികച്ച സ്വീകാര്യത നേടി. എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനും കൂടിയായ ഇദ്ദേഹം മൂവാറ്റുപുഴ സ്വദേശിയാണ്. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസം. സിനിമാ റിലീസുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ജയന്‍ കെ ചെറിയാന്‍ 'തത്സമയ'ത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്.

മൂന്നു വർഷത്തിലധികം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ കാ ബോഡിസ്‌കേപ്‌സ് തിയേറ്റർ റിലീസിനെത്തുകയാണ്. എന്തു തോന്നുന്നു?

സന്തോഷം തോന്നുന്നു. അതോടൊപ്പം ദുഃഖവുമുണ്ട്. പതിവു സമവാക്യങ്ങൾക്കപ്പുറത്തുള്ള ഒരു സ്വതന്ത്രസിനിമ സ്വതന്ത്രമായി പ്രദർശിപ്പിക്കുവാനും പ്രേക്ഷകരിലെത്തിക്കുവാനും പര്യാപ്തമായ സംവിധാനങ്ങൾ ഇവിടെയില്ല എന്നതു ദുഃഖകരം തന്നെയാണ്. മാത്രവുമല്ല, സമാന്തരസിനിമകളെ നിരുൽസാഹപ്പെടുത്തുന്ന സമീപനമാണ് ഇവിടുത്തെ മുഖ്യധാരാ സിനിമാ വ്യവസായ ലോകം സ്വീകരിക്കുന്നത്. സിനിമാ നിർമ്മാണവും വിതരണവും പോസ്റ്ററൊട്ടിക്കുന്നതുപോലും കയ്യടക്കി വച്ചിരിക്കുന്നത് ഒരു മാഫിയയാണ്. ഇവരുടെ ഘടനയ്ക്കു പുറത്തുള്ള സിനിമകളെ പുറന്തള്ളുക എന്നതാണ് രീതി. ഈ സിനിമയിലെ പ്രധാനകഥാപാത്രം തന്റെ പെയ്ന്റിങ്ങുകൾ പ്രദർശിപ്പിക്കാന്‍ കഴിയാത കഷ്ടപ്പെടുന്ന ഒരു കലാകാരനാണ്. ഈ കഥാപാത്രത്തിന്റെ ഗതിയാണ് എനിക്കും വന്നുപെട്ടത്. എന്റെ സിനിമ പ്രദർശിപ്പിക്കാൻ വേണ്ടി മൂന്നുകൊല്ലത്തിലധികം പോരാടേണ്ടി വന്നു.

എങ്ങനെയാണ് സിനിമയുടെ കഥയിലേക്കെത്തുന്നത്?

ഞാൻ എന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തികളാണ് സിനിമയിൽ കഥാപാത്രങ്ങളായി വരുന്നത്. ഒരു ഹിന്ദു യുവാവിനെ വിവാഹം ചെയ്തതിന് വലിയ വില കൊടുക്കേണ്ടി വന്നി മലപ്പുറം മഞ്ചേരിയിലെ തെസ്‌നീം ബാനു, സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാൻ ശ്രമിക്കുന്ന മാദ്ധ്യമപ്രവർത്തകയായ ഹൈറുന്നീസ, അതുപോലെ സിനിമയിൽ സിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നസീമ, സ്വവർഗ്ഗരതിക്കാരായതിനാൽ പെയ്ന്റിങ് പ്രദർശനത്തിനിടെ ഹൈദരാബാദിൽ അക്രമിക്കപ്പെട്ട ബൽബീർ കൃഷ്ണ തുടങ്ങിയ നിരവധി പേരിൽ നിന്നാണ് ഇതിലെ കഥാപാത്രങ്ങൾ രൂപപ്പെടുന്നത്.

സിനിമ ഹനുമാനെ മോശമായി ചിത്രീകരിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നുമുള്ള ആരോപണത്തെക്കുറിച്ച്...

യഥാർത്ഥത്തിൽ സിനിമയിൽ ഹനുമാനെയല്ല വരിച്ചിട്ടുള്ളത്. പ്രധാന കഥാപാത്രമായ ഹാരിസിന്റെ കൂട്ടുകാരന്റെ ഇഷ്ടദേവനാണ് ഹനുമാൻ. ഹാരിസ് തന്റെ കൂട്ടുകാരനെ ഹനുമാന്റെ രൂപത്തിൽ വരയ്ക്കുകയായിരുന്നു. ഈ കൂട്ടുകാരന്റെ മുഖമാണ് ഹാരിസ് ഹനുമാനു നൽകുന്നത്. ഇവിടെ ഹനുമാനെ മോശമായി ചിത്രീകരിക്കുന്നവെന്നു പറയുന്നത് മുഹമ്മദ് എന്നു പേരുള്ള ഒരാൾ ഇസ്ലാംമതത്തിനു വിരുദ്ധമായി എന്തു ചെയ്താലും അത് ഇസ്ലാമിനെതിരെയാണ് എന്നു പറയുന്നതു പോലെയാണ്.

ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ ബിംബങ്ങളും സൂചകങ്ങളും വിന്യസിക്കുന്നതിൽ താങ്കൾ വളരെ ശ്രദ്ധ പുലർത്തുന്നുണ്ടല്ലോ. ആദ്യസിനിമായ 'പപ്പിലിയോ ബുദ്ധ'യിലും ഇതു കാണാം?

കേരളത്തിലൊക്കെ സിനിമ രൂപംപ്രാപിക്കുന്നത് തമിഴ് നാടകങ്ങളുടെ തുടർച്ചയായാണ്. യഥാർത്ഥത്തിൽ സിനിമ രൂപം കൊള്ളുന്നത് ചിത്രകലയുടെ ഒരു തുടർച്ച എന്ന രീതിയിലാണ്. നിരവധി നിശ്ചലദൃശ്യങ്ങൾ കൂട്ടിവച്ചാണ് ഒരു ചലനദൃശ്യമുണ്ടാക്കുന്നത്. മാത്രമല്ല സിനിമയിലെ നിരവധി ഘടകങ്ങളിൽ ഒന്നാണ് ദൃശ്യവിന്യാസം എന്നു പറയുന്നത്. ദൃശ്യവിന്യാസത്തിൽ ഞാൻ വളരെ സൂക്ഷ്മത പുലർത്തുന്നുണ്ട്. ഇതിന് നിരവധിയായ അർത്ഥതലങ്ങൾ സൃഷ്ടിക്കാൻ കഴിയും.

സ്വവർഗ്ഗരതിയും സ്ത്രീസ്വയംഭോഗവുമെല്ലാം സിനിമയിൽ ചിത്രീകരിക്കുന്നുണ്ടല്ലോ?

അതെ. ഇതെല്ലാം ആളുകളുടെ ജീവിതത്തിന്റെ ഭാഗമാണ്. പിന്നെയന്താണ് ഇതെല്ലാം ചിത്രീകരിച്ചാൽ കുഴപ്പം. സ്ത്രീസ്വയംഭോഗം സിനിമയിൽ ചിത്രീകരിച്ചതിന് പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന് സ്ത്രീയ്ക്ക് അവളുടെ ശരീരത്തിനുമേലുള്ള സ്വയം നിർണ്ണയാവകാശത്തെ സൂചിപ്പിക്കുവാൻ. രണ്ടാമതായി സ്ത്രീലൈംഗികത എന്നു പറയുന്നത് ഇവിടുത്തെ സിനിമകളിൽ ചിത്രീകരിക്കുന്നതു പോലുള്ള പുരുഷകേന്ദ്രിത ലൈംഗികതയല്ല എന്നു പറയാൻ.

Ka Bodyscapes (2016) official Trailer from Jayan on Vimeo.

പരിധിയില്ലാത്ത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് താങ്കളുടെ സിനിമകൾ എന്നു പറഞ്ഞാൽ?

പരിധിവരുമ്പോൾ തന്നെ സ്വാതന്ത്ര്യം ഇല്ലാതായില്ലേ. എന്റെ സിനിമ മാത്രമല്ല, ലോകത്തുള്ള എല്ലാ കലാകാരന്മാരും അവരുടെ കലാസൃഷ്ടികളിലൂടെ സ്വാതന്ത്ര്യത്തെക്കുറിച്ചു തന്നെയാണ് സംസാരിക്കുന്നത്. സമൂഹങ്ങൾക്കകത്ത് വ്യക്തിക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ കഴിയുക എന്നത് വളരെ പ്രധാനമാണ്.