ഇന്ത്യന്‍ 2വിൻെറ സെറ്റിലെ അപകടം: ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് കമൽഹാസൻ

ഒരു കോടി നഷ്ടപ്പെട്ട ജീവനുകൾക്ക് പകരമല്ലെന്ന് അറിയാം. ചലച്ചിത്രമേഖലയിലെ മൂവരുടെയും കഠിനാധ്വാനം അളക്കാനാവാത്തതാണ്.

ഇന്ത്യന്‍ 2വിൻെറ സെറ്റിലെ അപകടം:  ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് കമൽഹാസൻ

ചെന്നൈയിൽ സിനിമാ സെെറ്റിൽ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ മരിച്ച മൂന്നുപേരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് കമൽഹാസൻ. മൂന്നു കുടുംബങ്ങൾക്കും കൂടി ഒരു കോടി രൂപ നൽകുമെന്നാണ് നടൻ പ്രഖ്യാപിച്ചിരിക്കുന്നത്.

മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന ആശുപത്രി സന്ദർശിച്ചശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കോടി നഷ്ടപ്പെട്ട ജീവനുകൾക്ക് പകരമല്ലെന്ന് അറിയാം. ചലച്ചിത്രമേഖലയിലെ മൂവരുടെയും കഠിനാധ്വാനം അളക്കാനാവാത്തതാണ്. നഷ്ടം തന്റെ കുടുംബത്തിലെ നഷ്ടങ്ങളിലൊന്നായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഷൂട്ടിങ് സെറ്റുകളിൽ സുരക്ഷ മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അപകടത്തിൽനിന്നും താനും സംവിധായകനും രക്ഷപ്പെട്ടതെന്നും കമൽ വ്യക്തമാക്കി. ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ പൂനാമലയിലെ ഇവിപി സ്റ്റുഡിയോയിലാണ് കമൽഹാസന്റെ 'ഇന്ത്യൻ 2' ന്റെ സെറ്റിൽ കഴിഞ്ഞ ദിവസം അപകടം നടന്നത്.

ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ സംവിധായകൻ ഉൾപ്പെടെ ഉള്ളവർ ഇരുന്ന ടെന്റിനു മുകളിലേക്കു മറിയുകയായിരുന്നു. ഹെവി ഡ്യൂട്ടി ലൈറ്റുകൾ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞത്. അപകടത്തിൽ ഒൻപതു പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ സംഭവത്തിൽ‍ നടുക്കം രേഖപ്പെടുത്തിയും മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയും നടി കാജൽ അ​ഗർവാൾ രം​ഗത്തെത്തിയിരുന്നു. ഒരു നിമിഷാർധത്തിന്‍റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. ജീവിതം, സമയം എന്നിവയെക്കുറിച്ച് വിലയേറിയ പാഠങ്ങള്‍ പഠിച്ചുവെന്നും നടി ട്വീറ്റ് ചെയ്തു.

Next Story
Read More >>