ലോകനന്മയ്ക്കു വേണ്ടി അവഞ്ചേഴ്‌സ് താനോസിനെ തകർക്കുമോ

ആദ്യദിന ഷോയ്ക്കുള്ള ഭൂരിഭാഗം ടിക്കറ്റുകളും ആഴ്ചകൾക്കു മുമ്പ് തന്നെ വിറ്റഴിഞ്ഞിരുന്നു

ലോകനന്മയ്ക്കു വേണ്ടി അവഞ്ചേഴ്‌സ് താനോസിനെ തകർക്കുമോ

കേരളത്തിൽ സൂപ്പർസ്റ്റാർ പടങ്ങൾക്കു പോലും കിട്ടിയിട്ടില്ലാത്ത വരവേൽപ്പാണ് അവഞ്ചേഴ്‌സ് സീരീസിന് ലഭിക്കുന്നത്. ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ആറുമണിയ്ക്കും എറണാകുളത്ത് ആറരയ്ക്കുമാണ് അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ ഫസ്റ്റ് ഷോ ആരംഭിച്ചത്.

ചങ്ങനാശ്ശേരി അപ്സരയിൽ പുലർച്ചെ മൂന്നുമണിയ്ക്കായിരുന്നു ആദ്യ ഷോ. ആദ്യദിന ഷോയ്ക്കുള്ള ഭൂരിഭാഗം ടിക്കറ്റുകളും ആഴ്ചകൾക്കു മുമ്പ് തന്നെ വിറ്റഴിഞ്ഞിരുന്നു. എല്ലാത്തവണയും മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന അവഞ്ചേഴ്‌സ് സീരീസിലെ അവസാന ഭാഗമായ അവഞ്ചേഴ്‌സ് എൻഡ് ഗെയിമിന്റേയും സ്ഥിതി മറിച്ചല്ല. എങ്ങും മികച്ച പ്രതികരണങ്ങൾ തന്നെ.

ലോകനന്മയ്ക്കുവേണ്ടി താനോസിനെ നേരിടാനായി അവസാനകളിയ്ക്ക് ഒരുങ്ങുകയാണ് അവഞ്ചേഴ്‌സ് പട. സർവ്വലോകത്തേയും തകർത്തു തരിപ്പണമാക്കാൻ ഭൂമിയിലേക്ക് എത്തുന്ന താനോസ് എന്ന വില്ലനെ എതിരിടാൻ അവഞ്ചേഴ്‌സിനു കഴിയുമോ? ആ പോരാട്ടത്തിനു സാക്ഷിയാവാനും യുദ്ധം കാണാനും അവഞ്ചേഴ്‌സ് സീരീസിലെ അവസാന ചിത്രത്തിന് കണ്ണുംനട്ടിരിക്കുന്ന ആരാധകരുടെ കാത്തിരിപ്പിന് ഇന്ന് വിരാമമായി.

ആരാണ് അവഞ്ചേഴ്‌സ്

പതിനൊന്നു വർഷം മുമ്പാണ് ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതിയ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കം കുറിച്ചത്. അയേൺമാനെ നായകനാക്കിയുള്ള ചിത്രമാണ് ആദ്യം പുറത്തിറങ്ങിയത്. പിന്നീട് ഹൾക്കിനെ ഹീറോയാക്കി 'ദി ഇൻക്രെഡിബിൾ ഹൾക്ക്' റിലീസിനെത്തി.

തോർ, ക്യാപ്റ്റൻ അമേരിക്ക എന്നു തുടങ്ങി മാർവൽ കോമിക്‌സിലെ സൂപ്പർ ഹീറോകളെ നായകന്മാരാക്കി വീണ്ടും വീണ്ടും ചിത്രങ്ങൾ വന്നുകൊണ്ടിരുന്നു. നിരവധി സൂപ്പർ ഹീറോകളെ നമുക്ക് സമ്മാനിച്ച പ്രസാധകരാണ്- കോമിക്‌സ് ലോകത്തെ അതികായന്മാരായ മാർവൽ കോമിക്‌സും ഡിസി കോമിക്‌സും.

അയേൺമാൻ, സ്പൈഡർമാൻ, ക്യാപ്റ്റൻ അമേരിക്ക, തോർ, ഹൾക്ക്, ഡോക്ടർ സ്‌ട്രേഞ്ച്, ആന്റ്മാൻ, ബ്ലാക്പാന്തർ തുടങ്ങിയ സൂപ്പർ ഹീറോകളെ മാർവൽ സീരിസ് അവതരിപ്പിച്ചപ്പോൾ സൂപ്പർമാൻ, ബാറ്റ്മാൻ, ഫ്ളാഷ്, വണ്ടർവുമൺ, ഫാന്റം, അക്വാമാൻ മുതലായ ഹീറോകളെ ഡി.സി കോമിക്സും സൃഷ്ടിച്ചെടുത്തു.

മാർവൽ കോമിക്‌സിലെയും ഡിസി കോമിക്‌സിലെയും സൂപ്പർ ഹീറോകളെ കേന്ദ്രകഥാപാത്രങ്ങളാക്കി നിരവധി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത് ജനപ്രീതിയാർജിച്ചത് മാർവൽ കോമിക്‌സിലെ സൂപ്പർ ഹീറോകളുടെ ചിത്രങ്ങളാണ്. 19 ഓളം ചിത്രങ്ങളാണ് മാർവൽ കോമിക്‌സിൽ നിന്നും ഇതുവരെ പിറന്നത്.

ബോക്‌സ് ഓഫീസിൽ അടക്കി വാണ മാർവൽ കോമിക്‌സിലെ സൂപ്പർ ഹീറോകളെ എല്ലാം കൂടി സംഗമിപ്പിച്ച് അവഞ്ചേഴ്‌സിന്റെ ആദ്യ പതിപ്പ് എത്തുന്നത് 2012 ൽ ആണ്. ഭൂമിയെ തകർക്കാൻ വരുന്ന ശക്തികളെ തുരത്താൻ ഒരു നായകനെ കൊണ്ട് സാധിക്കുന്നില്ലെങ്കിൽ സൂപ്പർ ഹീറോകൾ ഒന്നിച്ച് നിന്ന് നേരിടുക എന്ന ആശയത്തിൽ നിന്നുമാണ് അവഞ്ചേഴ്‌സിന്റെ പിറവി.

അവഞ്ചേഴ്‌സിന്റെ ആദ്യപതിപ്പ് നേടിയ വിജയം കോമിക് ലോകത്തെ അതികായന്മാരാക്കി അവഞ്ചേഴ്‌സിനെ മാറ്റി. സൂപ്പർ ഹീറോകൾ സംഗമിക്കുന്ന ചിത്രം എല്ലാ കോമിക് കഥാപാത്രങ്ങളുടെയും ആരാധകരെ ഒറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുനിർത്തുകയായിരുന്നു.അവഞ്ചേഴ്‌സ് നേടിയ റെക്കോർഡ് വിജയത്തിനു പിറകെ സീരിസിലേക്ക് പുതിയ പതിപ്പുകളും ഹീറോകളും വന്നു കൊണ്ടിരുന്നു.

അവഞ്ചേഴ്‌സ് ആദ്യ പാർട്ടിൽ ആറു പ്രധാന ഹീറോകൾ അണിനിരന്നപ്പോൾ, 'അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർസി'ൽ ഇരുപതിലേറെ നായകന്മാരാണ് അണിനിരന്നത്. അവഞ്ചേഴ്‌സ് അവസാന ഭാഗത്തെത്തുമ്പോൾ താനോസിന്റെ ആക്രമണത്തെ അതിജീവിച്ച് എത്ര ഹീറോകൾ ശേഷിക്കുന്നു എന്നറിയാൻ കൂടിയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

ചിത്രം ഇന്നാണ് റിലീസെങ്കിലും കഴിഞ്ഞ ദിവസം തന്നെ ചില ഏഷ്യൻ രാജ്യങ്ങളിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്.ആദ്യ ദിനത്തിൽ റെക്കോർഡ് കളക്ഷനുമായാണ് അവഞ്ചേഴ്സ് എൻഡ് ഗെയിം ചൈനയിൽ പ്രദർശനം ആരംഭിച്ചത്.

ഒന്നാംദിനം 107.2 മില്യൺ ഡോളർ (ഏതാണ്ട് 750 കോടി രൂപ) ആണ് അവഞ്ചേഴ്സ് എൻഡ് ഗെയിം കളക്ട് ചെയ്തതെന്നാണ് റിപ്പോർട്ട്. ചൈനയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്. ചൈനയിൽ ഓരോ 15 മിനുറ്റിലും അവഞ്ചേഴ്സ് എൻഡ് ഗെയിം ഷോ നടക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം 110 മില്യൺ ഡോളർ അഡ്വാൻസ് ബുക്കിങ്ങിലൂടെ തന്നെ നേടിയെന്നും റിപ്പോർട്ടുകളുണ്ട്.

ഹോളിവുഡ് ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച് അവഞ്ചേഴ്‌സ് സീരിസിലെ അവസാന ഭാഗമായ 'അവഞ്ചേർസ് എൻഡ് ഗെയിം' സംവിധാനം ചെയ്യുന്നത് റസ്സോ സഹോദരന്മാരെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേർന്നാണ്. 'അവഞ്ചേർസ് ഇൻഫിനിറ്റി വാറിലെ' സംഭവങ്ങളുടെ തുടർച്ചയാണ് 'അവഞ്ചേർസ് എൻഡ് ഗെയിം'.

താനോസിന്റെ വിരൽ ഞൊടിയിൽ ജീവജാലങ്ങൾ പകുതിയോളം നശിച്ചു പോകുന്നിടത്താണ് 'അവഞ്ചേർസ് ഇൻഫിനിറ്റി വാർ' അവസാനിച്ചത്. ശേഷം എന്തു സംഭവിച്ചു കാണും എന്നതിനുള്ള ഉത്തരമാണ് 'അവഞ്ചേഴ്‌സ് എൻഡ് ഗെയിം'.

എന്നാൽ അവഞ്ചേഴ്‌സിനേയും തമിഴ്‌റോക്കേഴ്‌സ് വെറുതെ വിടുന്നില്ല. സിനിമയുടെ വ്യാജ പ്രിന്റുകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു.സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന രീതിയിലാണ് പ്രിന്റുകൾ പ്രചരിക്കുന്നത്.

ജർമനി, യു.എ.ഇ, സിം​ഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഏപ്രിൽ 24ന് ചിത്രം പുറത്തെത്തിയിരുന്നു.ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് എൻഡ് ഗെയിം പുറത്തെത്തുന്നത്. ഇന്ത്യയിലുള്ളവർക്ക് ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാൻ സാദ്ധ്യമല്ലാത്ത അവസ്ഥയാണ്. സെക്കന്റിൽ 18 ടിക്കറ്റ് വീതമാണ് വിറ്റഴിഞ്ഞുപോകുന്നതെന്ന് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള വെബ്സൈറ്റായ ബുക്ക് മൈ ഷോയിലെ അധികൃതർ പറയുന്നു.

Read More >>