ഹൃദ്യമായി 'റമദാന്‍ കരീം' ഹ്രസ്വ ചിത്രം

റമദാന്‍ പങ്കുവെക്കലിന്റേതു കൂടിയാണെന്ന് തെളിയിക്കുകയാണ് എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം.

ഹൃദ്യമായി

കോഴിക്കോട്: പുണ്യമാസത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ക്രിയേറ്റീവ് മങ്കീസും കോഴിക്കോട് അരീന അനിമേഷനും ചേര്‍ന്ന് നിര്‍മ്മിച്ച റമദാന്‍ കരീം എന്ന ഹ്രസ്വചിത്രമാണ് വൈറലാകുന്നത്.

നോമ്പ്തുറക്ക് സ്വാദിഷ്ടമായ പത്തിരിയും കോഴിക്കറിയും ഉണ്ടാക്കിയാല്‍ മാത്രം പോരാ, പുണ്യം കിട്ടണമെങ്കില്‍ വേറെയും കുറച്ചു കാര്യങ്ങള്‍ ചെയ്യണമെന്നാണ് ചിത്രം പറയുന്നത്.

കുട്ടികളുടെ കുറുമ്പും മുതിര്‍ന്നവര്‍ കുട്ടികളെ കണ്ടു പഠിക്കേണ്ട കാര്യങ്ങളും ചിത്രം ഓര്‍മിപ്പിക്കുന്നു. റമദാന്‍ പങ്കുവെക്കലിന്റേതു കൂടിയാണെന്ന് തെളിയിക്കുകയാണ് എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം.

റമദാന്‍ പുണ്യമാസത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ഈ ചിത്രത്തില്‍ സാഹിത്യകാരന്‍ തിക്കോടിയന്റെ മകള്‍ പുഷ്പകുമാരി, ഉമ്മര്‍ കോയ, ഹയാന്‍, ദിയ, ഹാതിം, സോയ, റൈഹാന്‍, അങ്കിത്, അനുഗ്രഹ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. സംവിധാനം- സിജോ മിച്ചല്‍ ജോണ്‍, കഥ- പ്രണിത്, മനുലാല്‍, ക്യാമറ- ശ്രീരാഗ്, മിന്‍ഹാജ്, സംഗീതം- സായ്ബാലന്‍. വിശന്നൊട്ടിയവന്റെ മുഖം കാണുമ്പോള്‍ അവനോട് ഐക്യദാര്‍ഢ്യപ്പെടുക എന്ന നല്ല പാഠം ചിത്രം സമ്മാനിക്കുന്നു.