രാജമൗലി വീണ്ടും കണ്ണൂരിലേക്ക്

ബാഹുബലി 2വിന് ശേഷം ഒരുക്കുന്ന ആർ.ആർ.ആർ എന്നു തൽക്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർണ്ണായക ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന കണ്ണവത്താണെന്ന് പുതിയ റിപ്പോർട്ട്.

രാജമൗലി വീണ്ടും കണ്ണൂരിലേക്ക്

ഹൈദരാബാദ്: 'ബാഹുബലി' സംവിധായകൻ എസ്.എസ് രാജമൗലിക്ക് കണ്ണൂരിലെ കണ്ണവം കാട് നന്നേ ബോധിച്ചെന്നു തോന്നുന്നു. ബാഹുബലി 2വിന് ശേഷം ഒരുക്കുന്ന ആർ.ആർ.ആർ എന്നു തൽക്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർണ്ണായക ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന കണ്ണവത്താണെന്ന് പുതിയ റിപ്പോർട്ട്.

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളാണ് കണ്ണൂരിൽ ചിത്രീകരിക്കുന്നത്. 300 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജൂനിയർ എൻടിആർ, രാംചരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാഹുബലി രണ്ടിലെ ചില പ്രധാന രംഗങ്ങൾ ചിത്രീകരിച്ചത് കണ്ണവം കാടിൽ നിന്നായിരുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് രാജമൗലിയും ഭാര്യ രമയും കണ്ണൂരിലെത്തി ലൊക്കേഷൻ ഉറപ്പിച്ചത്. കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഏറെ ബോധിച്ച സംവിധായകൻ പുതിയ ചിത്രത്തിൽ വിമാനത്താവളത്തെയും ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ കണ്ണൂർ വിമാനത്താവളത്തിൽ ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാകും ആർ.ആർ.ആർ. ചിത്രം 2020 ജനുവരി മുപ്പതോടെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഹോദരന്മാരായാണ് ജൂനിയർ എൻടിആറും രാംചരണും ചിത്രത്തിൽ എത്തുന്നത്. 1920 കളിലെ കഥയാണ് ചിത്രം പറയുന്നത്. വിപ്ലവകാരികളായ കോമരം ഭിം, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും എത്തുന്നത്. ഈ ഫ്‌ലാഷ് ബാക്ക് പറയാനാണ് കണ്ണൂരിലെ കണ്ണവം വനത്തിൽ രാജമൗലിയും സംഘവും വീണ്ടുമെത്തുക.

1920 കളിൽ തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത സ്വാതന്ത്യ സമരസേനാനികളാണ് അല്ലൂരി സീതാരാമ രാജു, കോമരം ഭിം എന്നിവർ. ഇവരുടെ കഥ വെള്ളിത്തിരയിലെത്തുമ്പോൾ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതേസമയം ചിത്രം നൂറു ശതമാനം ഒരു സാങ്കൽപിക കഥയാണെന്നും രണ്ട് യഥാർത്ഥ പോരാളികളാണ് കേന്ദ്ര കഥാപാത്രങ്ങളെന്നും രാജമൗലി നേരത്തെ വ്യക്തമാക്കിയിരുന്നു.

വിദേശചിത്രമായ മോട്ടോർ സൈക്കിൾ ഡയറീസ് എന്ന ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് ജൂനിയർ എൻടിആറും റാംചരണും അവതരിപ്പിക്കുന്ന കോമരം ഭിം അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളുടെ നിർണായക ഫൈറ്റ് സീൻ. ഈ ഫൈറ്റ് കണ്ണവം വനത്തിലാകും പൂർണമായും ചിത്രീകരിക്കുക. വനത്തിന്റെ പ്രത്യേകത തന്നെയാണ് കാരണം.

ഉൾവനത്തിലേയ്ക്ക് നല്ല റോഡുണ്ട് എന്നതാണ് പ്രധാന കാരണം. കേമറയും ലൈറ്റുമടക്കമുള്ളവ വാഹനത്തിൽ എത്തിക്കാം. ഇടതൂർന്ന വനമെന്ന് തോന്നിപ്പിക്കുമെങ്കിലും അത്ര തിങ്ങി നിറഞ്ഞല്ല വനം നിൽക്കുന്നത്.

ഇടതൂർന്ന വനത്തിൽ ലൈറ്റ് പൊതുവെ കുറവായിരിക്കും. എന്നാൽ കണ്ണവം വനത്തിൽ ഉൾക്കാടുകളിലേയ്ക്ക് പോലും നല്ല ലൈറ്റ് കിട്ടും. ജൂൺ, ജൂലൈ മാസത്തിലാകും ചിത്രത്തിന്റെ ഷൂട്ടിങ്.

വീണ്ടുമൊരു ബാഹുബലി!

ബാഹുബലിയുടെ മുഴുവൻ റെക്കോഡുകളും തകർക്കുന്ന രീതിയിലാകും പുതിയ ചിത്രത്തിന്റെ വരവെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. മുന്നൂറ് കോടി രൂപ ചെലവിലാണ് നിർമ്മാണം. തെലുങ്കിന് പുറമേ ബോളിവുഡിലെ സൂപ്പർ താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകും.

ബ്രിട്ടിഷ് നടി ഡെയ്‌സി എഡ്ജർ ജോൺസും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ സമുദ്രക്കനിയും ഒരു സുപ്രധാന വേഷത്തിലെത്തും. റിലീസ് എന്നാകുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത വന്നിട്ടില്ലെങ്കിലും അടുത്ത വർഷം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. ലഭിക്കുന്ന വിവരമനുസരിച്ച് 2020 ജനുവരി മുപ്പതോടെ എത്തിയേയ്ക്കാനാണ് സാദ്ധ്യത.

വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഡിവിവി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഡിവിവി ധനയ്യയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എംഎം കീരവാണിയാണ്.

Read More >>