'ശാന്തരാകൂ...ഒരു ജീവിതം നേടൂ'; കാശ്മീർ വിഷയത്തിൽ ട്രോളുന്നവരോട് സോനം

ബിബിസി ഏഷ്യാ നെറ്റ്‌വര്‍ക്കിന്റെ പരിപാടിക്കിടെയാണ് സോനത്തോട് ആർട്ടിക്കിൽ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചോദ്യം ആരായുന്നത്.

ശാന്തരാകൂ...ഒരു ജീവിതം നേടൂ; കാശ്മീർ വിഷയത്തിൽ ട്രോളുന്നവരോട് സോനം

ബോളിവുഡ് നടി സോനം കപൂർ എന്നും ട്രോളന്മാരുടെ ഇരയാണ്. പലപ്പോഴും നടിയുടെ ഫെമിനിസ്റ്റ് കാഴ്ചപ്പാടിനെയാണ് ട്രോളന്മാർ പിടികൂടാറുള്ളത്. എന്നാൽ ഇത്തവണ അവർക്ക് നേരെയുള്ളത് സെെബർ ആക്രമണമെന്നേ പറയാനാവൂ. കാരണം ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിനോട് താരത്തിൻെറ മറുപടിയാവാം ചിലരെയെങ്കിലും ചൊടിപ്പിച്ചിട്ടുണ്ടാവുക.

എന്നാൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇത്തരക്കാരോട് ശാന്തരാവാനാണ് സോനം പറയുന്നത്. ഒരാള്‍ പറയുന്നതിനെ നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന തരത്തില്‍ വളച്ചൊടിക്കുക, തെറ്റായി വ്യാഖ്യാനിക്കുക, മനസിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് നിങ്ങളുടെ തന്നെ പ്രതിഫലനമാണെന്നും അല്ലാതെ അയാള്‍ പറഞ്ഞതല്ലെന്നും താരം ട്വീറ്റ് ചെയ്തു.

ബിബിസി ഏഷ്യാ നെറ്റ്‌വര്‍ക്കിന്റെ പരിപാടിക്കിടെയാണ് സോനത്തോട് ആർട്ടിക്കിൽ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചോദ്യം ആരായുന്നത്. അതേക്കുറിച്ച് പൂര്‍ണമായ വിവരം ലഭിച്ചാലേ പ്രതികരിക്കാനാകൂ എന്നായിരുന്നു സോനം നല്‍കിയ മറുപടി. ഇന്ത്യയും പാകിസ്താനും 70 വര്‍ഷം മുമ്പ് ഒരു രാജ്യമായിരുന്നു. വിഭാഗീയതയുടെ രാഷ്ട്രീയം ഹൃദയഭേദകമാണെന്നുമായിരുന്നു താരത്തിൻെറ മറുപടി.

ഇക്കാര്യത്തിൽ ഒന്നും പറയാതിരിക്കുകയാണ് ഭേദം എന്ന് തോന്നുവെന്നും തന്റെ കുടുംബത്തിന് പാകിസ്താനുമായി ശക്തമായ ബന്ധമാണുള്ളതെന്നും സോനം പറഞ്ഞിരുന്നു. പാകിസ്താനില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത് നിര്‍ഭാഗ്യകരമാണ് എന്നും സോനം കപൂര്‍ പറഞ്ഞിരുന്നു.

ഒരു കലാകാരി എന്ന നിലയ്ക്ക് നമ്മളുടെ പ്രകടനം എല്ലായിടത്തും ആളുകള്‍ കാണണമെന്നാണ് ആഗ്രഹം. പറഞ്ഞത് യഥാര്‍ത്ഥ സംഭവമായിട്ട് കൂടി, നീര്‍ജ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും സോനം പറഞ്ഞിരുന്നു. ഓഗസ്റ്റ് 15ന് ഇതിന്റെ വീഡിയോ ബിബിസി ട്വീറ്റ് ചെയ്തതിന് പിന്നാലെ സോനത്തിനെതിരെ വലിയ തോതിലുള്ള ആക്രമണമാണ് ട്വിറ്ററില്‍ നടക്കുന്നത്.

Next Story
Read More >>