സുഡാനി ഫ്രം നൈജീരിയക്ക് പത്മരാജന്‍ പുരസ്‌കാരം

ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്, സംവിധായകന്‍ സജിന്‍ ബാബു, നിരൂപകന്‍ വിജയകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

സുഡാനി ഫ്രം നൈജീരിയക്ക് പത്മരാജന്‍ പുരസ്‌കാരം

തിരുവനന്തപരും: പ്രശസ്ത സംവിധായകന്‍ പി പത്മരാജന്റെ പേരിലുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2018ല്‍ ഇറങ്ങിയ മികച്ച മലയാളചിത്രത്തിനുള്ള പുരസ്‌കാരംസ്വന്തമാക്കി 'സുഡാനി ഫ്രം നൈജീരിയ'. ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്, സംവിധായകന്‍ സജിന്‍ ബാബു, നിരൂപകന്‍ വിജയകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പുരസ്‌കാരങ്ങള്‍ സുഡാനിയെ തേടിയെത്തുകയാണ്. മികച്ച നടന്‍, മികച്ച നവാഗത സംവിധായകന്‍, ജനപ്രിയ സിനിമ, മികച്ച സ്വഭാവനടി, മികച്ച തിരക്കഥ എന്നിങ്ങനെ അഞ്ച് സംസ്ഥാന അവാര്‍ഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. ജി അരവിന്ദന്‍ പുരസ്‌കാരം, മോഹന്‍ രാഘവന്‍ പുരസ്‌ക്കാരം, ഐഎഫ്എഫ്കെയില്‍ മികച്ച മലയാളം ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, സിനിമാ പാരഡൈസോ ക്ലബ്ബ് സിനി അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം ഇതുവരെ കരസ്ഥമാക്കിയത്.

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം ആദരം ഏറ്റുവാങ്ങിയിരുന്നു. ഗോവന്‍ രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് ഇന്ത്യന്‍ പനോരമയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലപ്പുറത്തിന്റെ ജീവിതവും കാല്‍പ്പന്ത് സ്നേഹവും പറഞ്ഞ ചിത്രമായിരുന്നു 'സുഡാനി ഫ്രം നൈജീരിയ'. മലപ്പുറത്തെ ഫുട്ബോള്‍ പ്രേമിയായ മജീദും അയാളുടെ ഫുട്ബോള്‍ ക്ലബ്ബില്‍ കളിക്കാനെത്തിയ നൈജീരിയക്കാരനായ കളിക്കാരനും തമ്മിലുള്ള സൗഹൃദവും സ്നേഹവും ആത്മബന്ധവുമൊക്കെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ചിത്രം തിയേറ്ററുകളിലും മികച്ച പ്രതികരണമാണ് നേടിയത്. സക്കരിയയും മുഹസിന്‍ പെരാരിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് സക്കരിയയാണ്.

Read More >>