ഒരുങ്ങുന്നു, 'ദി ഗ്രേറ്റ് വാരിയംകുന്നത്ത്'

പ്രശസ്ത നാടക രചയിതാവ് ഇബ്രാഹിം വെങ്ങരയുടേതാണ് തിരക്കഥ

ഒരുങ്ങുന്നു,

കോഴിക്കോട്: ബ്രിട്ടീഷ് വാഴ്ചക്കെതിരെ പോരാടിയ സ്വാതന്ത്യസമര സേനാനി വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. പ്രശസ്ത നാടക രചയിതാവ് ഇബ്രാഹിം വെങ്ങരയുടേതാണ് തിരക്കഥ. 'ദ ഗ്രേറ്റ് വാരിയംകുന്നത്ത്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്നും സിനിമക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും ഇബ്രാഹിം വെങ്ങര തത്സമയത്തോട് പറഞ്ഞു.

സംഭവബഹുലമായ നിരവധി മുഹൂർത്തങ്ങളാൽ സമ്പന്നമാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. ഒട്ടേറെ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് കഥ തയ്യാറാക്കിയത്. വടക്കേ മലബാറിലെ പൈതൽമലയാണ് സിനിമയുടെ ലൊക്കേഷൻ. മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർപ്പാട്ടിലെ ചടുലമായ വരികളും സിനിമയ്ക്കും കാലഘട്ടത്തിനും ചേരുംപടി ചിട്ടപ്പെടുത്തുന്നുണ്ട്.

വാരിയംകുന്നത്തിന് ഒമ്പത് വയസ്സുള്ളപ്പോഴാണ് ബാപ്പയെ ബ്രിട്ടീഷ് ഗവൺമെന്റ് ആന്തമാനിലേക്ക് നാടുകടത്തിയത്. ബാപ്പയുടെ പിറകെ നിലവിളിച്ചോടിയ അദ്ദേഹത്തെ വണിക്കുകളുടെ പായക്കപ്പലിലേക്ക് വലിച്ചെറിയുകയായിരുന്നു. ഒടുവില്‍ എത്തിപ്പെട്ടത് മക്കയിൽ. വർഷങ്ങൾ കൊഴിഞ്ഞുപോയി. ഒരു ബോധോദയമുണ്ടായി ബാപ്പയെത്തേടി ആന്തമാനിലേക്ക് പുറപ്പെട്ടു. കുറെ ദിവസം അലഞ്ഞതിനുശേഷം ബാപ്പയെ കണ്ടെത്തി. അപ്പോഴേക്കും അദ്ദേഹം മരണത്തിന്റെ വക്കത്തത്തിക്കഴിഞ്ഞിരുന്നു.

ആ അവസ്ഥയിലും ബാപ്പ കുഞ്ഞമ്മദ് ഹാജിയെ അരികിലിരുത്തി വാത്സല്യപൂർവ്വം ചേർത്തുപിടിച്ച് പറഞ്ഞു: നീ, എത്രയും പെട്ടെന്ന് ഏറനാട്, വള്ളുവനാട്ടിലേക്കു പോവുക. അവിടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി പാവപ്പെട്ട തൊഴിലാളി വർഗ്ഗം മരിച്ചു വീഴുന്നു. സ്ത്രീകൾ ബലാത്സംഗത്തിന്നിരയാകുന്നു. പോ....അവർക്ക് തുണയായിരിക്കുക. ഇത്രയും പറഞ്ഞ് ബാപ്പ കണ്ണടച്ചു.

ഏറനാട്, വള്ളുവനാട്ടിൽ മലബാര്‍ കലാപം ശക്തമായപ്പോഴാണ് വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജി എത്തുന്നത്. ആലിമുസ്ലിയാർക്കൊപ്പം സമരത്തില്‍ സജീവമായി ഇടപെട്ടു. എം.പി നാരായണ മേനോൻ, കട്ടിലശ്ശേരി, ചെമ്പ്രശ്ശേരി, സീതിക്കോയ, കുഞ്ഞാമു തുടങ്ങിയവരുമൊത്ത് ബ്രിട്ടീഷ് പട്ടാളവുമായി പൊരുതി. ഒടുവില്‍ ആലി മുസ്ലിയാരെ തൂക്കിക്കൊന്നു. കുഞ്ഞമ്മദ് ഹാജിയെയും കൂട്ടാളികളേയും വെടിച്ചുകൊല്ലാൻ വിധിച്ചു.

ബ്രിട്ടീഷ് പട്ടാളത്തിനെതിരെ സാഹസികമായി പോരാടിയ ഏറനാടിന്റെ വീരസ്മരണകളുമായാണ് വാരിയംകുന്നത്ത് സിനിമയാകുന്നത്. 40 സീനിൽ വാരിയംകുന്നത്ത് വരുന്നുണ്ട്. അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരി ഭാര്യ മാളുവിനെ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത് നൈജീരിയക്കാരിയെയാണ്. മലയാളത്തിലെ സൂപ്പർസ്റ്റാറിൽ ഒരാളോടൊപ്പം ഇന്ത്യയിലെ വിവിധ ഭാഷകളിലെ നടീനടന്മാരും ഈ സിനിമയിലുണ്ടാവുമെന്ന് ഇബ്രാഹിം വെങ്ങര പറഞ്ഞു.

Read More >>