ഞാനൊരു ഓട്ടക്കാരി; പിടി ഉഷയാവാൻ എന്നെക്കാളും മികച്ച മറ്റൊരാളില്ല: ഉര്‍വശി റൗത്തേല

ഞാനൊരു കായികതാരമാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യനും വനിതാ ടീമിന്റെ ക്യാപ്റ്റനായിരുന്നു.

ഞാനൊരു ഓട്ടക്കാരി; പിടി ഉഷയാവാൻ എന്നെക്കാളും മികച്ച മറ്റൊരാളില്ല: ഉര്‍വശി റൗത്തേല

ഇന്ത്യൻ കായിക താരങ്ങളെക്കുറിച്ചുള്ള സിനിമകൾ ബോളിവുഡിൽ ഏറെ ശ്രദ്ധേയമായ സ്പോർട്സ്‌ ബയോപിക്കുകളാണ്. അടുത്തിടെയായി ബോളിവു‍ഡിൽ ബയോപിക്കുകളുടെ കാലമാണ്. വനിതാ ബോക്സിങ് ചാമ്പ്യന്‍ മേരി കോം,​ഗുസ്തി താരം ബബിതാകുമാരി ഫോഗട്ട്, കായികതാരം മിൽഖ സിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി തുടങ്ങിയവരുടെ കഥ വെള്ളിത്തിരയിൽ നിറഞ്ഞാടുകയും ചെയ്തു.

എന്നാൽ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായ പിടി ഉഷയുടെ ജീവിതവും സിനിമയാക്കാനൊരുങ്ങുകയാണെന്നാണ് അറിയുന്നത്. പ്രിയങ്ക ചോപ്രയും, കത്രീന കൈഫുമാണ് ഒളിമ്പ്യന്‍ ഉഷയാകാന്‍ പരിഗണിച്ചിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ തനിക്ക് പിടി ഉഷയാകാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഉര്‍വശി റൗത്തേല.

ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം അറിയിച്ചത്. പിടി ഉഷയുടെ വേഷം അവതരിപ്പിക്കാന്‍ ഒരു സ്പോട്സ് താരമായ എന്നെക്കാളും മികച്ച മറ്റൊരാളില്ലെന്നാണ് നടി പറയുന്നത്. ഞാനൊരു കായികതാരമാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യനും വനിതാ ടീമിന്റെ ക്യാപ്റ്റനായിരുന്നു.

പിടി ഉഷയുടെ വേഷം അവതരിപ്പിക്കാന്‍ ഒരു സ്പോട്സ് താരമായ എന്നെക്കാളും മികച്ച മറ്റൊരാളില്ല. ഞാനൊരു ഓട്ടക്കാരി കൂടിയാണ്. നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് ഏത് സ്പോര്‍ട്സ് ബയോപിക്കിലും അഭിനയിക്കാന്‍ അനുയോജ്യയാണ്. സിനിമയ്ക്ക് വേണ്ടി എന്നെ പരിശീലിപ്പിച്ച് സംവിധായകനോ നിര്‍മ്മാതാവോ സമയം കളയേണ്ടി വരില്ല ഉര്‍വശി പറഞ്ഞു.

ബാഡ്മിന്റണ്‍ ചാമ്പ്യന്‍ സൈന നെഹ്വാളിന്റെ ബയോപിക്കാണ് ഇപ്പോൾ അണിയറയില്‍ ഒരുങ്ങുന്നത്. നടി പരിണീതി ചോപ്രയാണ് സൈനയായി എത്തുന്നത്. പിന്നാലെ പിവി സിന്ധുവായി ദീപിക പദുകോൺ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ തപ്‌സി പന്നുവെത്തും വാർത്തകളുണ്ടായിരുന്നു.

Read More >>