നിയമയുദ്ധത്തില്‍ മൊണ്‍സാന്റോയ്ക്ക് ജയം: വിത്തിനങ്ങളില്‍ പാറ്റന്റ് ആവാം

മൊണ്‍സാന്റോയ്ക്ക് ഇനി ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളില്‍ പാറ്റന്റ് അവകാശപ്പെടാം. ദശകങ്ങളായി ഇന്ത്യന്‍ കാര്‍ഷികരംഗത്ത് നിലനില്‍ക്കുന്ന വലിയൊരു വിവാദത്തിനാണ് ഇതോടെ അന്ത്യമാവുന്നത്.

നിയമയുദ്ധത്തില്‍ മൊണ്‍സാന്റോയ്ക്ക് ജയം: വിത്തിനങ്ങളില്‍ പാറ്റന്റ് ആവാം

ഇന്ത്യന്‍ കാര്‍ഷിക രംഗത്ത് ദൂരവ്യാപകമായ ഫലമുണ്ടാക്കാവുന്ന കേസില്‍ സുപ്രിം കോടതി വിധി പറഞ്ഞു. അമേരിക്കന്‍ അഗ്രി ബിസിനസ് കമ്പനിയായ മൊണ്‍സാന്റോയുടെ ജനിതകമാറ്റം വരുത്തിയ പരുത്തിയില്‍ കമ്പനിയ്ക്ക് പാറ്റന്റ് അവകാശപ്പെടാമെന്നാണ് വിധി. ഇന്ത്യന്‍ നിയമമനുസരിച്ച് വിത്തിലും ജീവജാലങ്ങളിലും പാറ്റന്റ് അവകാശപ്പെടാനാവില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി റദ്ദു ചെയ്തുകൊണ്ടാണ് സുപ്രിം കോടതിയുടെ ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായുള്ള രണ്ടംഗ ബഞ്ച് വിധി പറഞ്ഞത്.

ദശകങ്ങളായി ഇന്ത്യന്‍ കാര്‍ഷികരംഗത്ത് നിലനില്‍ക്കുന്ന വലിയൊരു വിവാദത്തിനാണ് ഇതോടെ അന്ത്യമാവുന്നത്. പാറ്റന്റ് നല്‍കുന്നതിലുള്ള അനിശ്ചിതത്വം ജനിതകസാങ്കേതിക വിദ്യാ കമ്പനികളുടെ വികസന പദ്ധതികളെ ബാധിച്ചിരുന്നു.

ഇന്ത്യന്‍ കമ്പനിയായ നിസുവീഡു സീഡ്‌സ് ലിമിറ്റഡുമായി വര്‍ഷങ്ങളായി നടക്കുന്ന കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. മൊണ്‍സാന്റോയ്ക്ക് പാറ്റന്റ് അവകാശപ്പെടാനാവില്ലെന്നായിരുന്നു മൊണ്‍സാന്റോയുടെ ഇന്ത്യന്‍ ലൈസന്‍സി കൂടിയായ നിസുവീടും സീഡ്‌സിന്റെ വാദം. തങ്ങള്‍ പാറ്റന്റ് ചെയ്ത ഉല്‍പ്പന്നത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ കടന്നുകയറുകയാണെന്ന് മൊണ്‍സാന്റോയും വാദിച്ചു.

മൊണ്‍സാന്റോയുമായി ലൈസന്‍സ് കരാറുകള്‍ ഉണ്ടാക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ ബിടി പരുത്തിക്ക് ഗവണ്‍മെന്റ് നിശ്ചയിച്ച ഒരു നിശ്ചിത ഫീസ് നല്‍കിവന്നിരുന്നു. അതിനു പുറമേ മറ്റു രീതിയില്‍ പണമാവശ്യപ്പെടാന്‍ മൊണ്‍സാന്റോയ്ക്ക് അവകാശമില്ലെന്നും ഇന്ത്യന്‍ കമ്പനികള്‍ വാദിച്ചു. ഏകദേശം 50 കോടി വിത്തു പാക്കറ്റുകളാണ് ഇന്ത്യയില്‍ ഒരു വര്‍ഷം വിറ്റഴിയുന്നത്.