ഇറാനെ ഒറ്റപ്പെടുത്താനുറച്ച് വാഴ്സോ ഉച്ചകോടി

മിഡിൽ ഈസ്റ്റിന്റെ സുസ്ഥിരതക്കു വേണ്ടിയാണ് രാഷ്ട്ര നേതാക്കൾ ഒന്നിച്ചിരിക്കുന്നത്. വ്യാഴാഴ്ച ആ ലക്ഷ്യം നേടാനാകുമെന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. മൈക്ക് പോംപിയോ യു.എസ് സ്റ്റേറ്റ് സെക്രട്ടറി

ഇറാനെ ഒറ്റപ്പെടുത്താനുറച്ച് വാഴ്സോ ഉച്ചകോടിവാഴ്‌സോ ഉച്ചകോടിക്കെത്തിയ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ പോളിഷ് വിദേശകാര്യ മന്ത്രി ജാക് സപുതോവിസ് സ്വീകരിക്കുന്നു

മിഡിൽ ഈസ്റ്റിലെ സമാധാനം ലക്ഷ്യമിട്ട് പോളണ്ടിലാണ് ദ്വിദിന ഉച്ചകോടി

വാർസോ (പോളണ്ട്) : മദ്ധ്യ-പൂർവ്വേഷ്യൻ രാജ്യങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനുള്ള ദ്വിദിന ഉച്ചകോടിക്ക് പോളണ്ടിലെ വാർസോയിൽ ഇന്ന് തുടക്കം. നാളെയാണ് ഉച്ചകോടിയുടെ സുപ്രധാന യോ​ഗങ്ങൾ നടക്കുന്നത്. അമേരിക്ക നയിക്കുന്ന ഉച്ചകോടിയുടെ മുഖ്യ സംഘാടകൻ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വാർസോയിൽ എത്തിയ മൈക്ക് പോംപിയോയെ പോളണ്ട് വിദേശകാര്യ മന്ത്രി ജാക് സപുതോവിസ് സ്വീകരിച്ചു. ഇറാനെതിരെ ശക്തമായ ഭാഷയിൽ വിമർശനം ഉയർത്തിയ മൈക്ക് പോംപിയോയുടെ കെയ്‌റോ പ്രസംഗത്തിന് ശേഷം പ്രഖ്യാപിച്ച ഉച്ചകോടിയും ഇറാനെതിരായ ലോക ശക്തികളുടെ ഐക്യ സമ്മേളനമായി മാറും.

എന്നാൽ, ഉച്ചകോടിയിൽ ഏതൊക്കെ രാജ്യങ്ങൾ പങ്കെടുക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇറാനെതിരായ അമേരിക്കൻ നീക്കമാകാതെ ഉച്ചകോടിയെ മാറ്റാൻ പോളണ്ട് ശ്രമിക്കുന്നുണ്ടെങ്കിലും അത് വിജയിക്കാൻ സാദ്ധ്യതയില്ലെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ തന്നെ യോഗത്തിൽ നിന്ന് ഇറാനെ ഒഴിവാക്കിയിരുന്നു. യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞ ഫെഡറിക മൊഗേറിനി പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇറാനുമായി ബന്ധമുള്ള റഷ്യയും ഉച്ചകോടിയിലേക്കുള്ള ക്ഷണം നിരസിച്ചിട്ടുണ്ട്. ഫലസ്തീൻ, ലബനോൻ അധികൃതരും വിട്ടുനിൽക്കും. ഇറാനെ പിന്തുണക്കുന്ന രാജ്യങ്ങളുട അഭാവം ഉച്ചകോടിയുടെ സ്വഭാവത്തെ ബാധിക്കും.

60 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ സംബന്ധിക്കുമെന്നാണ് വിവരം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സാന്നി​ദ്ധ്യമാണ് ഇതിൽ പ്രധാനം. ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും പ്രമുഖ ​ഗൾഫ് രാജ്യങ്ങളുടെ പ്രതിനിധികളും ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്. മേഖലയിലെ സമാധാന ഭം​ഗത്തിന് കാരണക്കാരായി ഇറാനെ ഉയർത്തിക്കാട്ടാനാണ് ​സൗദി ഉൾപ്പെടെയുള്ള ​ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇത് ഇറാനെതിരെ നിലനിൽക്കുന്ന വിരോധം കുറേക്കൂടി ശക്തിപ്പെടാനും ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിക്കാനും ഇടവരുത്തുമെന്നാണ് കരുതുന്നത്.

Read More >>