നവീകരണം: ദുബൈ വിമാനത്താവള റണ്‍വേ നാളെ മുതല്‍ അടച്ചിടും; കേരളത്തിലേക്കുള്ള സർവീസുകളിലും മാറ്റം

മേയ് 30 വരെ 45 ദിവസമാണ് ദുബൈ അന്താരാഷ്ട്ര വിമാനത്തിന്റെ തെക്ക് ഭാഗത്തെ റൺവേ പുനർനിർമാണത്തിനായി അടക്കുന്നത്.

നവീകരണം: ദുബൈ വിമാനത്താവള റണ്‍വേ നാളെ മുതല്‍ അടച്ചിടും; കേരളത്തിലേക്കുള്ള സർവീസുകളിലും മാറ്റം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയുടെ ഒരുഭാഗം നാളെ മുതൽ 45 ദിവസം അടക്കും. നിരവധി വിമാനങ്ങൾ ജബൽ അലിയിലെ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴിയാകും സർവീസ് നടത്തുക. ചില വിമാനങ്ങൾ ഷാർജ വിമാനത്താവളം വഴിയും സർവീസ് നടത്തും. യാത്ര പുറപ്പെടും മുമ്പ് വിമാനം ഏത് വിമാനത്താവളത്തിൽ നിന്നാണെന്ന് യാത്രക്കാർ പരിശോധിച്ച് ഉറപ്പുവരുത്തണം.

മേയ് 30 വരെ 45 ദിവസമാണ് ദുബൈ അന്താരാഷ്ട്ര വിമാനത്തിന്റെ തെക്ക് ഭാഗത്തെ റൺവേ പുനർനിർമാണത്തിനായി അടക്കുന്നത്. എയർഇന്ത്യയുടെയുംഎയർ ഇന്ത്യ എക്‌സ്പ്രസിന്റെയും ചില വിമാനങ്ങൾ ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴിയാക്കും. ഫ്ലൈദുബൈ, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, ഗൾഫ് എയർ വിമാനങ്ങൾ മക്തൂം വിമാനത്താവളത്തിലേക്ക് മാറുന്നവയിൽ ഉൾപ്പെടും. ദിവസം ശരാശരി 142 യാത്രാവിമാനങ്ങൾ ദുബൈ വേൾഡ് സെൻട്രൽ അഥവാ ഡി.ഡബ്ല്യൂ.സി എന്ന അയാട്ട കോഡിൽ അറിയപ്പെടുന്ന മക്തൂം വിമാനത്തവളത്തിലേക്ക് മാറും.

ഇവിടെ നിന്ന് ഡി.എക്‌സ്.ബി എയർപോർട്ടിലേക്കും ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുന്നുണ്ട്. മക്തൂം വിമാനത്താവളത്തിൽ നിന്നുള്ള ടാക്‌സി തുടക്കത്തിൽ ഈടാക്കുന്ന നിരക്ക് 20 ദിർഹമിന് പകരം അഞ്ച് ദിർഹമാക്കി കുറച്ചിട്ടുണ്ട്.

യാത്രപുറപ്പെടുന്നവർ വിമാനം ഏത് വിമാനത്താവളത്തിൽ നിന്നാണെന്ന് എയർലൈൻ അധികൃതരെ വിളിച്ച് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

ഫ്ലൈ ദുബൈയുടെ 42 റൂട്ടുകളിലേക്കുള്ള സർവീസുകൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റും. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള സർവീസുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിൽ ചിലത് ഷാർജ വിമാനത്താവളത്തിലേക്കാണ് മാറ്റുന്നത്.

എയർഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചി സർവീസ് ഷാർജയിലേക്ക് മാറ്റി. എയർ ഇന്ത്യയുടെ ദുബൈയിൽ നിന്നുള്ള മുംബൈ, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ്, ബംഗളൂരു, ഗോവ സർവീസുകളും ഷാർജയിലേക്ക് മാറ്റി. സമയക്രമം അതേപോലെ നിലനിർത്തിയാണ് ഷാർജയിൽനിന്ന് വിമാനങ്ങൾ പറക്കുക. എമിറേറ്റ്സ് വിമാനങ്ങളുടെ സർവീസിൽ 25 ശതമാനം കുറവുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.Read More >>