ഇന്ത്യയുടെ ലോകകപ്പ് ടീം: പന്ത് പുറത്ത്, കാര്‍ത്തിക് അകത്ത്

ഇന്നലെ പ്രഖ്യാപിച്ച 15 അംഗ ടീമിൽ ബൗളർമാർക്കാണ് മുൻതൂക്കം. ജസ്പ്രീത് ബുറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവരാണ് ബൗളർമാർ. കേദാർ യാദവ്, ഹർദിക് പാണ്ഡ്യ, വിജയ്ശങ്കർ, രവീന്ദ്രജഡേജ എന്നിവർ ഓൾറൗണ്ടർമാർ. നാലു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്മാരേ ഉള്ളൂ-വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ രാഹുൽ. രണ്ടു വിക്കറ്റ് കീപ്പർമാർ-എം.എസ് ധോണിയും ദിനേഷ് കാർത്തിക്കും.

ഇന്ത്യയുടെ ലോകകപ്പ് ടീം: പന്ത് പുറത്ത്, കാര്‍ത്തിക് അകത്ത്

ന്യൂഡൽഹി: നാലാം നമ്പറിൽ ആശങ്കയ്ക്ക് വക നൽകി ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ഇന്നലെ പ്രഖ്യാപിച്ച 15 അംഗ ടീമിൽ ബൗളർമാർക്കാണ് മുൻതൂക്കം. ജസ്പ്രീത് ബുറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവരാണ് ബൗളർമാർ. കേദാർ യാദവ്, ഹർദിക് പാണ്ഡ്യ, വിജയ്ശങ്കർ, രവീന്ദ്രജഡേജ എന്നിവർ ഓൾറൗണ്ടർമാർ. നാലു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്മാരേ ഉള്ളൂ-വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ രാഹുൽ. രണ്ടു വിക്കറ്റ് കീപ്പർമാർ-എം.എസ് ധോണിയും ദിനേഷ് കാർത്തിക്കും.

പ്ലസ്

കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഓപ്പണിങ് നിരയാണ് ഇന്ത്യയുടേത്. രോഹിത് ശർമയും ശിഖർ ധവാനും. ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനായ ക്യാപ്റ്റൻ വിരാട് കോലി രണ്ടാമത്. ശക്തികേന്ദ്രമായി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മഹേന്ദ്രസിങ് ധോണി. സന്തുലിതമായ പേസ് നിരയും ഇന്ത്യയുടെ കൈമുതൽ. ഏറ്റവും മികച്ച ഫോമിലാണ് മുഹമ്മദ് ഷമി, അവസാന ഓവറുകളിൽ ജസ്പ്രീത് ബുംറ ലോകത്തെ എണ്ണം പറഞ്ഞ പേസർമാരിൽ ഒരാൾ. ഭുവനേശ്വർ കുമാറും രണ്ട് സ്പിന്നർമാരും ഫോമിൽ തന്നെ.

കാർത്തിക്കിന് പരിചയം തുണ

ധോണിക്ക് പരിക്കു പറ്റിയാൽ ആര് എന്ന ചോദ്യത്തിന് എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ടർമാർ ഉത്തരം കണ്ടെത്തിയത് പരിചയസമ്പന്നനായ ദിനേഷ് കാർത്തിക്കിൽ. ഇതോടെ, ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തി വരുന്ന റിഷഭ് പന്ത് പുറത്തായി. ധോണി ഉണ്ടെങ്കിൽ കാർത്തികിന് ടീമിൽ ഇടം കിട്ടില്ല. അതുകൊണ്ടു തന്നെ ബാറ്റ്‌സ്മാനായി മാത്രം 33കാരനെ ടീമിലേക്ക് പരിഗണിക്കില്ല. കീപ്പിങിലെ സാങ്കേതിക മികവും കാർത്തിക്കിന് തുണയായി. ഇതേക്കുറിച്ച് ടീം പ്രഖ്യാപന വാർത്താ സമ്മേളനത്തിൽ പ്രസാദിന്റെ വാക്കുകൾ ഇങ്ങനെ: ' കാർത്തിക്കോ പന്തോ കളിക്കണമെന്ന അഭിപ്രായത്തിലായിരുന്നു ഞങ്ങളെല്ലാവരും. പ്രധാനപ്പെട്ടൊരു മത്സരത്തിൽ വിക്കറ്റ് കീപ്പിങും വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് പന്തിനെ മറികടന്ന് ദിനേഷ് കാർത്തിക്കിനെ ടീമിലെടുക്കാൻ തീരുമാനിച്ചത്'.

ആശങ്കയുടെ മദ്ധ്യനിര

കോലി മൂന്നാം നമ്പറിൽ ഇറങ്ങുമ്പോൾ നാലാം നമ്പറിൽ ആര് എന്നതാണ് പ്രധാന ചോദ്യം. കെ.എൽ രാഹുൽ, വിജയ് ശങ്കർ എന്നിവരാണ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. 26 മത്സരം മാത്രം കളിച്ച കെ.എൽ രാഹുലും ഒമ്പത് തവണ ടീം ജഴ്‌സിയണിഞ്ഞ വിജയ് ശങ്കറും ഒന്നരമാസം നീണ്ട പോരാട്ടത്തിൽ എത്ര മികവ് പുറത്തെടുക്കും എന്നത് കണ്ടു തന്നെ അറിയണം.

മദ്ധ്യ ഓവറുകളിൽ കളിക്കാൻ വേണ്ട അനുഭവസമ്പത്ത് ഇല്ലാത്തത് ഇന്ത്യയെ പ്രതിരോധത്തിലാക്കും. ഇംഗ്ലണ്ടിലെ പേസർമാർക്ക് മേൽക്കൈ കിട്ടുന്ന പിച്ചുകളിൽ സാങ്കേതികത്തികവും പരിചയസമ്പത്തും ഒത്തുചേർന്ന കളിക്കാരെ സെലക്ടർമാർക്ക് കണ്ടെത്താനായില്ല. രാഹുലിനും ശങ്കറിനുമൊപ്പം 55 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള അമ്പാട്ടി റായിഡുവിനെയും സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന് പകരം ആൾറൗണ്ട് പരിഗണനയാണ് സെലക്ഷൻ കമ്മിറ്റി കൊടുത്തത്.

കഴിഞ്ഞ 10 മത്സരങ്ങളിൽ നാലാം നമ്പറിൽ 30.87 മാത്രമായിരുന്നു റായിഡുവിന്റെ ശരാശരി. മോശം പ്രകടനം മൂലം ഈയിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള രണ്ടു മത്സരങ്ങളിൽ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു. ഫീൽഡിങ് മികവും റായിഡുവുന് പകരം ശങ്കറെ തെരഞ്ഞെടുക്കുന്നതിൽ നിർണ്ണായകമായി.

കേദാർ ജാദവിനെയും നാലാം സ്ഥാനത്തേക്ക് പരിഗണിക്കാം. എങ്കിലും ശങ്കറിനായിരിക്കും ആദ്യ പരിഗണന. 'ബാറ്റിങിന് പുറമേ, അദ്ദേഹത്തിന് ബൗൾ ചെയ്യാനുമാകും. അദ്ദേഹം നല്ല ഫീൽഡറുമാണ്' - ശങ്കറിന്റെ തെരഞ്ഞെടുപ്പിനെ ന്യായീകരിച്ച് പ്രസാദ് പറഞ്ഞു.

ആൾ റൗണ്ടിങ്

ആൾ റൗണ്ടർമാരിൽ ഈയിടെ പരിക്കുമാറി തിരിച്ചുവന്ന ഹർദിക് പാണ്ഡ്യയായിരിക്കും കോലിയുടെ ആദ്യ ഓപ്ഷൻ. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി നല്ല ഫോമിലുമാണ് പാണ്ഡ്യ. ദൈർഘ്യമേറിയ ടൂർണമെന്റിൽ പരിക്കേൽക്കാതെ പിടിച്ചു നിന്നാൽ ഈ ഹിറ്റർക്കു തിളങ്ങാനായേക്കും. ഹർദികിനും ശങ്കറിനും പുറമേ, രവീന്ദ്ര ജഡേജ, കേദാർ ജാദവ് എന്നിവരെയും കോലിക്ക് പാർട് ടൈം ബൗളർമാരായി ഉപയോഗിക്കാനാവും.

പ്ലാൻ ബിയുടെ അഭാവം

മദ്ധ്യനിരയിലെ പരിചയക്കുറവ് ഒഴിച്ചുനിർത്തിയാൽ പ്ലാൻ എ പ്രകാരം മികച്ച നിരയാണ് ഇന്ത്യയുടേത്. എന്നാൽ പ്രധാന താരങ്ങൾക്ക് പരിക്കു പറ്റിയാൽ കഥ മാറും. ഓപ്പണർമാർക്ക് പരിക്കേറ്റാൽ കെ.എൽ രാഹുലാണ് ഓപ്ഷൻ. 14 മത്സരത്തിന്റെ അനുഭവസമ്പത്തു മാത്രമാണ് 26കാരനുള്ളത്.

ഇംഗ്ലണ്ടിലെ ബൗളിങ് പിച്ചുകളിൽ അനുഭവക്കുറവ് തിരിച്ചടിയാകും. നാലാം നമ്പറിൽ ശങ്കർ തിളങ്ങിയില്ലെങ്കിൽ രാഹുൽ വൺ ഡൗണായി ഇറങ്ങി കോലി നാലാമതിറങ്ങേണ്ടി വരും. നിലവിൽ റിസർവ് ഓപ്പണർ എന്ന നിലയിൽ മാത്രമാണ് രാഹുലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്ലാൻ എയെ അമിതമായി ആശ്രയിക്കുന്നത് ഒരുപക്ഷേ, തിരിച്ചടിയായേക്കാം.

Read More >>