സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചു; മോദിക്കെതിരെ ഹര്‍ജി

മാദ്ധ്യമപ്രവർത്തകനായിരുന്ന സാകേത് ഗോഖലെയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചു; മോദിക്കെതിരെ ഹര്‍ജി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയൊടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഭൂസ്വത്തിനെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സുപ്രിം കോടതിയിൽ ഹർജി. മാദ്ധ്യമപ്രവർത്തകനായിരുന്ന സാകേത് ഗോഖലെയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

2007ൽ അസംബ്ലി തെരഞ്ഞെടുപ്പ് സമയത്ത് മോദി സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള സെക്ടർ ഒന്നിലെ പ്ലോട്ട് 401/എ തന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് മോദി വ്യക്തമാക്കിയിരുന്നു. എന്നാൽ 2012ലും 2014ലും സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ ഇക്കാര്യം മറച്ചുവെക്കപ്പെട്ടിട്ടുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.

പ്രധാനമന്ത്രിയായ ശേഷം, തന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിലും ഇക്കാര്യം മറച്ചുവെച്ചിട്ടുണ്ട്. എന്നാൽ, സ്ഥലത്തിന്റെ പ്രമാണവും മറ്റു രേഖകളും പരിശോധിക്കുമ്പോൾ മോദി തന്നെയാണ് ഈ സ്ഥലത്തിന്റെ ഉടമ എന്നും വ്യക്തമാകുന്നുണ്ടെന്നും ഗോഖലെ നൽകിയ ഹർജിയിൽ പറയുന്നു. 2012 മുതലുള്ള സത്യവാങ്മൂലങ്ങളിൽ ഗാന്ധിനഗറിലുള്ള പ്ലോട്ട് 401/എ എന്ന പേരിലുള്ള ഭൂമിയുടെ നാലിലൊന്ന് ഭാഗം തന്റെ ഉടമസ്ഥതയിലാണെന്നും മോദി പറയുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരു സ്ഥലം ഗാന്ധിനഗറിൽ ഇല്ലെന്നാണ് ഗുജറാത്ത് റവന്യു വകുപ്പിന്റൽ നിന്നുമുള്ള രേഖകൾ പരിശോധിച്ചപ്പോൾ മനസിലാക്കാൻ കഴിഞ്ഞതെന്നാണ് ഗോഖലെ തന്റെ ഹർജിയിൽ പറയുന്നത്.

അതേസമയം, 2006ൽ ജെയിറ്റ്‌ലി സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ താൻ മാത്രമാണ് ഗാന്ധിനഗറിലെ സെക്ടർ ഒന്നിലുള്ള പ്ലോട്ട് 401ന്റെ ഉടമ എന്നാണ് സത്യം ചെയ്യുന്നത്. എന്നാൽ, ഇക്കാര്യം പിന്നീടുള്ള സത്യവാങ്മൂലങ്ങളിൽ പരാമർശിക്കുന്നില്ല.

Read More >>