കിറ്റ്‌കോ സ്വകാര്യവൽക്കരിക്കാൻ നീക്കം

പ്രധാന ഓഹരിപങ്കാളിയായ ചെറുകിട വ്യവസായ വികസന ബാങ്കാണ് സ്വകാര്യവൽക്കരണത്തിന് ചുക്കാൻ പിടിക്കുന്നത്

കിറ്റ്‌കോ സ്വകാര്യവൽക്കരിക്കാൻ നീക്കം

ഡി.എസ് പ്രമോദ്

തിരുവനന്തപുരം: കേരള സർക്കാരിന്റെ വ്യവസായ സാങ്കേതിക കൺസൾട്ടൻസിയായ കിറ്റ്‌കോയിൽ സ്വകാര്യവൽക്കരണനീക്കം ശക്തം. ഇതിന്റെ ഭാഗമായി കിറ്റ്‌കോ മാനേജിങ് ഡയറക്ടറുടെ സേവന കാലാവധി അവസാനിപ്പിക്കുകയും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മൂന്നംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കിറ്റ്‌കോയിലെ പ്രധാന ഓഹരിപങ്കാളിയായ ചെറുകിട വ്യവസായ വികസന ബാങ്ക് (എസ്‌.ഐ.ഡി.ബി) ആണ് സ്വകാര്യവൽക്കരണ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

സേവന കാലാവധി അവശേഷിക്കുന്ന സിറിയക് ഡേവിസിനോട് അപ്രതീക്ഷിതമായാണ് മാർച്ച് 31ന് വിരമിക്കാനാവശ്യപ്പെട്ടത്. കോർപ്പറേറ്റ് ഫണ്ട് വിനിയോഗത്തെച്ചൊല്ലി കിറ്റ്‌കോയിൽ നേരത്തേതന്നെ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു.

2012ൽ തന്നെ കിറ്റ്‌കോ സ്വകാര്യവൽക്കരിക്കാൻ എസ്‌ഐഡിബി നീക്കം തുടങ്ങിയിരുന്നു. എതിർപ്പുകൾ അന്ന് തന്നെ ഉയർന്നിരുന്നു. നിരവധി സാങ്കേതിക കൺസൾട്ടൻസി സംരഭങ്ങൾ എസ്‌ഐഡിബി മുൻകൈയെടുത്ത് ഓഹരി വിറ്റഴിക്കൽ നടത്തിയിരുന്നു.

എന്നാൽ ഭരണസമിതിയിലും ജീവനക്കാരിൽ നിന്നും ഉയർന്ന ശക്തമായ എതിർപ്പ് കാരണം കിറ്റ്‌കോയിൽ ഓഹരി വിറ്റഴിക്കൽ നീക്കം പരാജയപ്പെട്ടു.സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടുള്ള 90 ശതമാനം കൺസൾട്ടൻസി പ്രവർത്തനങ്ങളും നടത്തുന്നത് കിറ്റ്‌കോയാണ്.

താരതമ്യേന കുറഞ്ഞ തുകയ്ക്ക് കിറ്റ്‌കോ കൺസൾട്ടൻസി കരാറുകൾ ഏറ്റെടുക്കുന്നത്. അടുത്തിടെ ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാപഠനം ലൂയിസ് ബെർഗർ എന്ന വിദേശ കൺസൾട്ടൻസി സ്ഥാപനത്തിന് നൽകി. കൺസൾട്ടിംഗ് ഫീസായി നൽകിയത് 4.55 കോടി രൂപയായിരുന്നു.

കിറ്റ്‌കോയ്ക്ക് ഈ കരാർ നൽകിയിരുന്നുവെങ്കിൽ 50-60 ലക്ഷം രൂപ നൽകിയാൽ മതിയാകുമായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ അഭിമാന പദ്ധതികളായ കൊച്ചിൻ എയർപോർട്ട് (സിയാൽ) ഉൾപ്പെടെയുള്ളവയ്ക്ക് കൺസൾട്ടൻസി തയ്യാറാക്കിയത് കിറ്റ്‌കോയാണ്.

എൻജിനീയറിംഗ്,ടൂറിസം,തുറമുഖം,പരിസ്ഥിതി,നഗരവികസനം തുടങ്ങി നിരവധി മേഖലകളിലാണ് കിറ്റ്‌കോയുടെ സേവനം. സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) സെസ്സ്് തുടങ്ങിയവയുടെ മാതൃകയിൽ സ്വയംഭരണ സ്ഥാപനമായി കിറ്റ്‌കോയെ നിലനിർത്താൻ സർക്കാർ മുൻകൈയെടുക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.

Read More >>