രാഹുല്‍ജീ.. ഞങ്ങള്‍ക്ക് തൊഴില്‍ വേണം; രാഹുലിനോട് അംബേദ്കര്‍ കോളനിവാസികള്‍

1971 മുതൽ ഈ പ്രദേശത്ത് താമസിക്കുന്നവരാണ് ഇവര്‍. സമീപത്തെ കാട്ടിൽ ആനകളുടെ കൂടെ തൂപ്പിൽ പണിയെടുക്കാനായി പണിയ വിഭാ​ഗക്കാരായ തങ്ങളെ ഇങ്ങോട്ടു കൊണ്ടുവരികയായിരുന്നു.

രാഹുല്‍ജീ.. ഞങ്ങള്‍ക്ക് തൊഴില്‍ വേണം; രാഹുലിനോട് അംബേദ്കര്‍ കോളനിവാസികള്‍

മുഹമ്മദ് ഇര്‍ഷാദ്

തിരുവമ്പാടി: 'ഞങ്ങളുടെ മുഴുവൻ വോട്ടും രാഹുൽ ​ഗാന്ധിക്കായിരിക്കും. വർഷങ്ങളായി കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്യുന്നവരാണ് ഞങ്ങൾ', തിരുവമ്പാടി ​ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡിൽ സ്ഥിതി ചെയ്യുന്ന അംബേദ്കർ ആദിവാസി കോളനിയിലെ ഊരുമൂപ്പൻ ബാലൻ പറയുന്നു.

വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ കോൺ​​ഗ്രസ് അദ്ധ്യക്ഷനും വയനാട്ടെ സ്ഥാനാർത്ഥിയുമായ രാഹുൽ​ഗാന്ധി നാളെ 12 മണിക്ക് തിരുവമ്പാടിയിലെത്തുന്നുണ്ട്. കോളനിയിൽ നിന്ന് താനടക്കമുള്ള ആളുകൾ രാഹുലിനെ കാണാൻ പോകുമെന്ന് ബാലൻ പറഞ്ഞു. കോളനിയിലുള്ളവർ പണ്ടുമുതലേ കൈപ്പത്തി അടയാളത്തിൽ കോൺ​ഗ്രസ്സിന് വോട്ട് ചെയ്യുന്നവരാണ്. 'കൈ' ഉണ്ടെങ്കിലല്ലേ എന്തുപണിയും ചെയ്യാൻ കഴിയൂവെന്ന് ബാലനെ പിന്തുണച്ചു കൊണ്ട് കോളനിവാസിയായ 27കാരി സുജാത.

1971 മുതൽ ഈ പ്രദേശത്ത് താമസിക്കുന്നവരാണ് ഇവര്‍. സമീപത്തെ കാട്ടിൽ ആനകളുടെ കൂടെ തൂപ്പിൽ പണിയെടുക്കാനായി പണിയ വിഭാ​ഗക്കാരായ തങ്ങളെ ഇങ്ങോട്ടു കൊണ്ടുവരികയായിരുന്നു. തിരുവമ്പാടി പഞ്ചായത്തിൽ മാത്രം ഇതുപോലെ നാല് ആദിവാസി കോളനികളുണ്ട്. തൊട്ടടുത്ത പഞ്ചായത്തായ കോടഞ്ചേരിയിൽ 10ഓളം ആദിവാസി കോളനികളുണ്ടെന്ന് കോളനിക്കു മുന്നിലെ പലചരക്കു കടക്കാരൻ പറഞ്ഞു. റേഷൻ സാമ​ഗ്രികൾ മുടക്കമില്ലാതെ കിട്ടുന്നുണ്ടെന്ന് ബാലൻ പറയുന്നു. മൂന്നു മാസം കൂടുമ്പോൾ മെഡിക്കൽ ക്യാമ്പ് ഉണ്ടാകാറുണ്ട്. സമീപത്ത് സ്കൂളുകളുമുണ്ട്. സർക്കാർ ധനസഹായത്തോടെ തന്റെ വീടിന്റെ പണി നടക്കുന്നുണ്ട്. ആറു ലക്ഷം രൂപയാണ് വീടിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. അതിൽ നിന്ന് ലഭിച്ച മൂന്നു ലക്ഷം കൊണ്ട് വീടിന്റെ വാർപ്പ് വരെയുള്ള പണികൾ ചെയ്തു കഴിഞ്ഞു. കോളനിയിൽ താബൂക്ക് കല്ലു കൊണ്ട് നിർമ്മിച്ച 163 വീടുകളാണുള്ളത്.

വീടുകളുടെ നിലം പരുക്കനിട്ട അവസ്ഥയിലാണുള്ളത്. മിക്ക വീടുകളുടെയും ചുമർ തേച്ചിട്ടില്ല. കോളനിയിലെ ആണുങ്ങൾ ഉപജീവനത്തിനായി പ്രധാനമായും കൂലിപ്പണിയെയാണ് ആശ്രയിക്കുന്നത്. കൂലിപ്പണിയാകട്ടെ എപ്പോഴും ഉണ്ടാകില്ല. കാട്ടിൽ നിന്ന് തേൻ, ജാതിപത്രം, കുന്തിരിക്കം, ശതാവരി തുടങ്ങിയ ശേഖരിക്കാൻ ഇവർക്ക് അനുമതിയുണ്ട്. ഇവ വിൽക്കുവാനും സൗകര്യമുണ്ട്. മഴക്കാലം വന്നാൽ മൂന്നു മാസം അധികം പണിയൊന്നും ലഭിക്കില്ല. ആദ്യത്തെ രണ്ടുമാസം കാട്ടിൽ നിന്ന് കാട്ടുകിഴങ്ങ് കിട്ടും. എന്നാൽ, മൂന്നാമത്തെ മാസമാകുമ്പോൾ മരച്ചീനിയും കിട്ടാതാകും. കോളനിവാസികളുടെ പരസ്പര സഹകരണം കാരണം ആർക്കും പട്ടിണി കിടക്കേണ്ട സാഹചര്യം ഉണ്ടാകാറില്ലെന്ന് കോളനിവാസിയായ 70കാരി വെളിച്ചി പറഞ്ഞു. ഇവിടുത്തെ തൊഴിലില്ലായ്മക്ക് പരിഹാരം ഉണ്ടാക്കിത്തരണമെന്നാണ് തങ്ങളുടെ സ്ഥാനാർത്ഥിയോട് കോളനിവാസികൾക്ക് ആവശ്യപ്പെടാനുള്ളത്. കൃഷി ചെയ്യാനുള്ള ഭുമി അനുവദിച്ചു തരണമെന്നും തങ്ങൾ കൃഷി ചെയ്തു ജീവിച്ചു കൊള്ളാമെന്നും ബാലൻ വ്യക്തമാക്കി.

Read More >>