കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് ചർച്ചയാകുന്നു

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഹാജരാകണം

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് ചർച്ചയാകുന്നു

കണ്ണൂർ: 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കെ.സുധാകരനും പി.കെ.ശ്രീമതിയും മത്സരിച്ചപ്പോഴുണ്ടായ കള്ളവോട്ട് വീണ്ടും അവർ സ്ഥാനാർത്ഥികളായി ജനവിധി തേടുമ്പോൾ കോടതിയുടെ പരിഗണനക്കെത്തുന്നു.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏരുവേശിയിലെ 109 നമ്പർ ബൂത്തിൽ (ഇപ്പോഴത്തെ 118 നമ്പർ ബൂത്ത് ) നടന്ന കള്ളവോട്ട് കേസാണ് ഈ തെരഞ്ഞെടുപ്പ് കാലത്തും ചൂടുള്ള ചർച്ചയാകുന്നത്. ബൂത്തിൽ 58 കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മെയ് 10ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും. ഇവരോട് കോടതിയിൽ ഹാജരാകാൻ ആവിശ്യപ്പെട്ടിട്ടുണ്ട്. 2014 ഏപ്രിൽ 10നു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏരുവേശി 109 നമ്പർ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്യുകയും യു.ഡി.എഫ് പ്രവർത്തകരേയും അനുഭാവികളേയും സി.പി.എം പ്രവർത്തകർ വോട്ടുചെയ്യാൻ അനുവദിക്കാതെ ഭീഷണിപ്പെടുത്തി മടക്കിയക്കുകയും ചെയ്ത സംഭവത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസഫ് കൊട്ടുകപ്പള്ളി കുടിയാന്മല പൊലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസ്സെടുക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് ജോസഫ് പരാതിയുമായി തളിപ്പറമ്പ് കോടതിയെ സമീപിക്കുകയായിരുന്നു. ഏരുവേശി 109 നമ്പർ ബൂത്തിൽ കള്ളവോട്ടു ചെയ്തതായി തെളിവില്ലന്ന് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകി.

പൊലീസ് എതിരായിട്ടും കേസ്സിൽ നിന്ന് കോൺഗ്രസ് നേതാവ് പിൻമാറാൻ തയാറായില്ല. എസ്.ഐയെ കുടി പ്രതിചേർക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചു. ഈ ഹർജിയിൽ മുഴുവൻ രേഖകളും ഹാജരാക്കാൻ 2016 ഫെബ്രുവരിയിൽ ജസ്റ്റിസ് കമാൽ പാഷ ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും നിർദ്ദേശം നൽകിയതിനെ തുടർന്ന് ഹാജരാക്കിയ രേഖയിൽ സൈന്യത്തിൽ ജോലി ചെയ്യുന്നവർ- 4, വിദേശത്ത് ജോലി ചെയ്യുന്നവർ -37, മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർ -17, എന്നിവരുൾപ്പെടെ 58 കള്ളവോട്ടുകൾ ചെയ്തതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് അഞ്ച് ജീവനക്കാരെ പ്രതിചേർത്ത് പൊലീസ് കേസ്സെടുത്തു. ബി.എൽ.ഒ അശോക് കുമാർ. (ഏരുവേശി), വി.കെ.സജീവൻ(പെരളശേരി മക്രേരി), കെ.വി.സന്തോഷ് കുമാർ(പാനുണ്ട എരുവാട്ടി), എ.സി. സുധീപ്(ധർമ്മടം), വാരിയമ്പത്ത് ഷജനീഷ്(പിണറായി) എന്നിവർക്കെതിരേയാണ് കേസ്സെടുത്തത്.

2017 ജൂൺ 28ന് കുടിയാന്മല പൊലീസ് തളിപ്പറമ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കുറ്റപത്രമാണ് മേയ് 10ന് തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികളെ വായിച്ചുകേൾപ്പിക്കുന്നത്. ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തെങ്കിലും കള്ളവോട്ട് ചെയ്തവരെ പ്രതികളാക്കാത്തതിനെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് ജോസഫ് കൊട്ടുകപ്പള്ളി.

Read More >>