ഒപ്പമുണ്ടാകും; ബത്തേരിയില്‍ രാഹുലിന്റെ ഉറപ്പ്

ആവേശത്തിനൊപ്പം പ്രാർത്ഥനകളും നിറഞ്ഞതായി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വയനാട്ടിലേക്കുള്ള രണ്ടാംവരവ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിലെത്തി ബലിതർപ്പണത്തോടെയായിരുന്നു വയനാട് ജില്ലയിലെ രാഹുലിന്റെ ഇന്നത്തെ പരിപാടികൾക്ക് തുടക്കമായത്.

ഒപ്പമുണ്ടാകും; ബത്തേരിയില്‍ രാഹുലിന്റെ ഉറപ്പ്

ബിൻ സൂഫി

തിരുനെല്ലി/സുൽത്താൻ ബത്തേരി: 'വയനാട്ടിൽ മത്സരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച അംഗീകാരമാണ്. വയനാടിന്റെ ശബ്ദം ഇന്ത്യയുടെ ശബ്ദമാണ്. ഇതരപ്രദേശങ്ങൾക്കുള്ള അതേ പ്രധാന്യം ദക്ഷിണേന്ത്യക്കുമുണ്ട്. വയനാടിന്റെ യാത്രാദുരിദമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ എനിക്ക് ബാധ്യതയുണ്ട്'- ബത്തേരിയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളിലേക്ക് ആ വാക്കുകൾ എത്തവേ ആരവങ്ങൾ മുഴങ്ങി. അവർ കണ്ഠം പൊട്ടുന്ന ഉച്ചത്തിൽ കോൺഗ്രസ് അദ്ധ്യക്ഷന് ജയ് വിളിച്ചു. വയനാട് മണ്ഡലത്തിലേക്കുള്ള രണ്ടാം വരവിൽ ബത്തേരിയെ അക്ഷരാർത്ഥത്തിൽ കൈയിലെടുത്തു രാഹുൽ.

'ഞാനൊരു രാഷ്ട്രീയക്കാരനായല്ല നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. നിങ്ങളുടെ മകനായും സഹോദരനായും സുഹൃത്തുമായാണ് എത്തിയിരിക്കുന്നത്. മറ്റുസ്ഥലങ്ങളെപ്പോലെ തന്നെ ദക്ഷിണേന്ത്യയ്ക്കും പ്രാധാന്യമുണ്ട്. ദക്ഷിണേന്ത്യയുടെ ശബ്ദമാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് വേണ്ടിയാണ് വയനാട്ടിൽ മൽസരിക്കുന്നത്. കേരളം മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങൾ ലോകമെമ്പാടും കേൾക്കണം' - അദ്ദേഹം പറഞ്ഞു.

'വയനാടുമായി ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ബന്ധമാണ് ആഗ്രഹിക്കുന്നത്. ഞാൻ നിങ്ങളുടെ സഹോദരനാണെന്ന് ഇവിടുത്തെ സഹോദരിമാർ പറയണം, മകനാണെന്ന് അച്ഛനമ്മമാരും പറയണം. ആ ബന്ധം ജീവിതത്തിൽ ഉടനീളം സത്യസന്ധമായ ഒന്നായിരിക്കും. നിങ്ങളുടെ പ്രശ്നങ്ങളെല്ലാം എനിക്ക് മനസ്സിലാകുന്നുണ്ട്' - നെഞ്ചിൽ തൊടുന്ന പോലെയായിരുന്നു രാഹുലിന്റെ വാക്കുകൾ. പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കാനും കോൺഗ്രസ് അദ്ധ്യക്ഷൻ മറന്നില്ല.

നരേന്ദ്രമോദിയെപ്പോലെ കപടവാഗ്ദാനങ്ങൾ നൽകാൻ ഒരുക്കമല്ല. ഇരുപത് ലക്ഷം തൊഴിലവസരങ്ങളും ഓരോ അക്കൗണ്ടിലേയ്ക്കും പതിനഞ്ച് ലക്ഷവും വാഗ്ദാനം ചെയ്യില്ല. എന്നും ഈ മണ്ണിനോട് സത്യസന്ധനായിരിക്കും. ഇവിടെ നിന്ന് ജനവിധി തേടാൻ അവസരം തന്ന എല്ലാവർക്കും നന്ദി– അദ്ദേഹം കൂട്ടിച്ചേർത്തു. പതിവ് പോലെ സി.പി.എമ്മിനെക്കുറിച്ച് മൗലം പാലിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. റാഷിദ് ഗസ്സാലി നിസാമി പ്രഭാഷണം പരിഭാഷപ്പെടുത്തി.

ബത്തേരിയിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ ആവേശത്തിലേക്ക് 11.45 ഓടെയാണ് രാഹുലെത്തിയത്. പൂർവ്വികരുടെ ഓർമ്മകൾ ഓളം തല്ലുന്ന കല്ലോടിയിലെ സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലിറങ്ങിയാണ് രാഹുൽ വേദിയിലെത്തിയത്.

ആവേശത്തിനൊപ്പം പ്രാർത്ഥനകളും നിറഞ്ഞതായി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വയനാട്ടിലേക്കുള്ള രണ്ടാംവരവ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിലെത്തി ബലിതർപ്പണത്തോടെയായിരുന്നു വയനാട് ജില്ലയിലെ രാഹുലിന്റെ ഇന്നത്തെ പരിപാടികൾക്ക് തുടക്കമായത്. പിതാവ് രാജീവ് ഗാന്ധിക്കും യുദ്ധമുഖത്ത് വീരമൃത്യുവരിച്ച ധീരജവാന്മാർക്കും പ്രാർത്ഥനകൾ അർപ്പിച്ചതിന് ശേഷമാണ് രാഹുൽ ബത്തേരിയിലെ യു.ഡി.എഫ് പൊതുയോഗത്തിനെത്തിയത്.

രാവിലെ 9.50ഓടെ കണ്ണൂരിൽ നിന്ന് ഹെലികോപ്ടർ മാർഗം തിരുനെല്ലി എസ്.എ യു.പി സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഹെലിപാഡിലിറങ്ങിയ രാഹുൽ ചെമ്മൺ പാതിയിലൂടെ 10 മിനിറ്റ് കാർമാർഗം യാത്രചെയ്താണ് തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിലെത്തിയത്. 10.15ഓടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരോടൊപ്പം ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രഭാരവാഹികൾ ആചാരപ്രകാരം സ്വീകരിച്ചു. തുടർന്ന് മുണ്ടും മേൽമുണ്ടും ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച രാഹുൽ പ്രധാനപൂജാരി മലയാളത്തിൽ ചൊല്ലിക്കൊടുത്ത പ്രാർത്ഥനാ വചനങ്ങൾ ഏറ്റുചൊല്ലിയതിന് ശേഷം ക്ഷേത്രത്തെ വലം വെച്ച് 700 മീറ്റർ അകലെയുള്ള പാപനാശിനിയിലേക്ക് കാൽനടയായി നീങ്ങി. കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെയായിരുന്നു രാഹുലിന്റെ നടത്തം. തുടർന്ന് കരിങ്കല്ലുകളാൽ തീർത്ത പാപനാശിനിയിൽ നടന്ന ബലിതർപ്പണചടങ്ങുകളിൽ രാഹുൽ പങ്കെടുത്തു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി കൃഷ്ണൻ നമ്പൂതിരി, ശാന്തി ഗണേശൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. പിതാവ് രാജീവ് ഗാന്ധി ശ്രീ പെരുമ്പത്തൂരിൽ കൊല്ലപ്പെട്ട ശേഷം 1991ൽ ചിതാഭസ്മം നിമഞ്ജനം ചെയ്തത് തിരുനെല്ലി ക്ഷേത്രത്തിലെ പാപനാശിനിയിലായിരുന്നു. ബലിതർപ്പണ ചടങ്ങുകൾക്ക് ശേഷം കുളിച്ച് ക്ഷേത്രപ്രദർശനം നടത്തി പ്രസാദവും കൈപ്പറ്റിയാണ് രാഹുൽ ബത്തേരിയിലേക്ക് മടങ്ങിയത്.

ബത്തേരിയിലെ പൊതുചടങ്ങിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ കേന്ദ്രമന്ത്രി കെ.വി തങ്കബാലു, വയനാട് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ലതികാ സുഭാഷ് തുടങ്ങിയവർ സംബന്ധിച്ചു.