ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ നല്‍കി ഐ.ടി കമ്പനികള്‍

ടി.സി.എസ്, ഇൻഫോസിസ് എന്നീ കമ്പനികൾ 53,303 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ നല്‍കി ഐ.ടി കമ്പനികള്‍

ഐ.ടി മേഖലയിലെ മുൻനിര കമ്പനികൾ 2018-19 കാലത്ത് 1,04,820 ആളുകൾക്ക് തൊഴിൽ നൽകിയെന്ന് റിപ്പോർട്ട്. ടി.സി.എസ്, ഇൻഫോസിസ് എന്നീ കമ്പനികൾ 53,303 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 2018-19 സാമ്പത്തിക വർഷത്തിൽ ഇൻഫോസിസ് 24,016 പുതിയ ജീവനക്കാരെ നിയമിച്ചു. ഇതോടെ ഇൻഫോസിസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 2,19,123 ആയി. ടി.സി.എസ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കമ്പനി കഴിഞ്ഞ വർഷം 29,287 പുതിയ ജീവനക്കാർക്ക് നിയമനം നൽകിയിട്ടുണ്ട്. ഇതോടെ 2019 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ആകെ ജീവനക്കാരുടെ എണ്ണം 4,24,285 ആയി വർദ്ധിച്ചു. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും ഐ.ടി മേഖല തൊഴിൽ നൽകുന്നതിൽ പിന്നാക്കമായിരുന്നു. മുൻ നിരയിലുള്ള ആറ് ഐ.ടി കമ്പനികളായ ടി.സി.എസ്, ഇൻഫോസിസ്, എച്ച്.സി.എൽ, വിപ്രോ, മഹീന്ദ്ര, കോഗ്നിസാന്റ് എന്നീ കമ്പനികൾ ചേർന്ന് 2017 സാമ്പത്തിക വർഷത്തിൽ 82,919 ഉം 2018 സാമ്പത്തിക വർഷം 30,181 ഉം ആളുകൾക്കാണ് പുതിയതായി തൊഴിൽ നൽകിയത്. 2018-ൽ ഇൻഫോസിസ് 3,740 ഉം ടി.സി.എസ് 7,770 ഉം തൊഴിലാളികളെ മാത്രമാണ് കൂട്ടിച്ചേർത്തത്.

കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഇൻഫോസിസിൽ 20.4 ശതമാനവും ടി.സി.എസിൽ 11.3 ശതമാനം കൊഴിഞ്ഞു പോക്കാണ് ഉണ്ടായത്. ഓരോ സാമ്പത്തിക വർഷവും ഇൻഫോസിസ് 12,320 പുതിയ തൊഴിലാളികൾക്ക് അവസരം നൽകാറുണ്ട്. എന്നാൽ ടി.സി.എസ് 28,052 തൊഴിലാളികളെയാണ് ഓരോ വർഷവും നിയമിക്കാറുള്ളത്. ടി.സി.എസിന്റെ ജീവനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 23.8 ശതമാനം ഉയർന്നിട്ടുണ്ട്. ടി.സി.എസിന്റെ തൊഴിൽ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം 35.9 ശതമാനമായും ഉയർന്നിട്ടുണ്ട്. വാർഷിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി.സി.എസിലെ തൊഴിൽ ശക്തി 11.6 ശതമാനമാണ്. ഇൻഫോസിസിലെ തൊഴിൽ ശക്തി 8.18 ശതമാനവും.

Next Story
Read More >>