കോട്ടയത്ത് ഇവന്റ് മാനേജ്മെന്റ് വിവാദം കൊഴുക്കുന്നു

ഇവന്റ് മാനേജ്മെന്റിനെ രംഗത്തിറക്കിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം എന്ന് തിരുവ‍ഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരോപിക്കുമ്പോൾ അത്തരമൊരു ഗതികേട് തങ്ങൾക്കില്ലെന്ന് എൽ.ഡി.എഫ് നേതാവ് വൈക്കം വിശ്വൻ പറയുന്നു.

കോട്ടയത്ത് ഇവന്റ് മാനേജ്മെന്റ് വിവാദം കൊഴുക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത് പ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ഇവന്റ് മാനേജ്മെന്റ് വിവാദത്തിൽ കൊമ്പു കോർത്ത് യു.ഡി.എഫും എൽ.ഡി.എഫും. ഇവന്റ് മാനേജ്മെന്റിനെ രംഗത്തിറക്കിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം എന്ന് തിരുവ‍ഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരോപിക്കുമ്പോൾ അത്തരമൊരു ഗതികേട് തങ്ങൾക്കില്ലെന്ന് എൽ.ഡി.എഫ് നേതാവ് വൈക്കം വിശ്വൻ പറയുന്നു.

ഇന്നലെ നടന്ന യു.ഡി.എഫ് പ്രചാരണ യോഗങ്ങളിലെല്ലാം വിഷയം ചർച്ചയായി. ഭരണത്തിന്റെ മറവിൽ മണ്ഡലത്തിൽ പണമൊഴുക്കി ഇവന്റ് മാനേജ്‌മെന്റാണ് ഇടതു മുന്നണിയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. യു.ഡി.എഫിൽ സാധാരണക്കാരായ പ്രവർത്തകരാണ് മണ്ഡലത്തിൽ പോസ്റ്റർ ഒട്ടിച്ചും വീട് കയറിയും പ്രചാരണം നടത്തുന്നത്.

എന്നാൽ, സി.പി.എം സ്വന്തം പാർട്ടിയിൽ നിന്നും ആളെ കിട്ടാതെ വന്നതോടെ പ്രചാരണം ഇവന്റ് മാനേജ്‌മെന്റിനെ ഏൽപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വിവിധ കേന്ദ്രങ്ങളിൽ നടത്തിയ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.

സാധാരണക്കാരായ പ്രവർത്തകരുടെ ആത്മവിശ്വാസവും ഇവർ നൽകുന്ന നാണയത്തുട്ടുകളുമാണ് യു.ഡി.എഫിന്റെ കരുത്ത്. ഈ കരുത്താണ് എന്നും യു.ഡി.എഫിന്റെ ആത്മവിശ്വാസം. ഇടതുപക്ഷം പല ആക്ഷേപങ്ങളും ഉന്നയിക്കുന്നത് പരാജയ ഭീതിയിൽ നിന്നും ഉടലെടുത്ത ആശങ്ക കൊണ്ടാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ സ്വീകരണ യോഗങ്ങളിലെയും, സമ്മേളനങ്ങളിലെയും ജനക്കൂട്ടം കണ്ട് ഇടതുപക്ഷത്തിന് വിളറി പിടിച്ചിരിക്കുകയാണ്. സ്ഥലജല വിഭ്രാന്തി അനുഭവപ്പെടുന്ന ഇടതു പക്ഷം കോട്ടയത്ത് പരാജയം ഉറപ്പിച്ചു കഴിഞ്ഞു. കോട്ടയം മണ്ഡലത്തിലെ പത്തു വർഷത്തെ വികസന പ്രവർത്തനങ്ങൾക്ക് പകരം വയ്ക്കാൻ ഒന്നുമില്ലാത്ത ഇടതുപക്ഷം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തി പ്രതിരോധിക്കാൻ ശ്രമിക്കുകയാണെന്നും എൽ.ഡി.എഫ്. നേതാക്കൾക്ക് സരോജ് കുമാർ സിൻഡ്രം ബാധിച്ചിരിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ഇതിനു മറുപടിയായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ രംഗത്തെത്തി. യു.ഡി.എഫ് വാദങ്ങൾ പച്ചക്കള്ളമാണെന്നും എൽ.ഡി.എഫ് നേതാക്കൾക്ക് സരോജ് കുമാർ സിൻഡ്രം ബാധിച്ചിരിക്കുകയാണെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ്താവന മതിഭ്രമം കൊണ്ടാണെന്നും വൻ ഭൂരിപക്ഷത്തിൽ വി.എൻ വാസവൻ ജയിക്കുമെന്നും ഇടതുപക്ഷത്തിന് പുറത്തു നിന്ന് ആളെ കൂട്ടേണ്ട കാര്യമില്ലെന്നും വൈക്കം വിശ്വൻ വ്യക്തമാക്കി.

Read More >>