ടോട്ടലായി സിറ്റിക്ക്; തിരിച്ചടിക്കണം

ചാംമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പുറത്താക്കിയത് ടോട്ടനം; സിറ്റി രണ്ടാം സ്ഥാനത്ത്, ലിവര്‍പൂള്‍ ഒന്നാമത്

ടോട്ടലായി സിറ്റിക്ക്; തിരിച്ചടിക്കണം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഉശിരൻ പോര്. മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനവും മുഖാമുഖം എത്തുമ്പോൾ ആരാധകർക്കും ആവേശം. ചാമ്പ്യൻസ് ലീഗിൽ സിറ്റിക്ക് പുറത്തോട്ടുള്ള വഴിതുറന്ന ടോട്ടനത്തിനോട് പ്രതികാരം വീട്ടാനുറച്ചാവും പെപ് ഗാർഡിയോളയും ശിഷ്യന്മാരും ഇറങ്ങുന്നത്. ടീം കരുത്തിൽ ഇഞ്ചോടിഞ്ച് നിൽക്കുന്ന ഇരു ടീമും ഇന്നത്തെ മത്സരം അഭിമാനപോരാട്ടമായാണ് കാണുന്നത്.

സൂപ്പർ താരങ്ങൾ പരിക്കിന്റെ പിടിയിലായിട്ടും ടോട്ടനത്തിന്റെ പോരാട്ടവീര്യത്തിന് കുറവില്ല. ടീമിന്റെ മുഖ്യ സ്‌ട്രൈക്കർ ഹാരി കെയ്ൻ പരിക്കേറ്റ് പുറത്താണ്. എന്നാൽ കെയ്‌നിന്റെ അഭാവം നികത്തുന്ന തരത്തിൽ മികച്ച പ്രകടനമാണ് സൺഹ്യൂങ് മിൻ പുറത്തെടുക്കുന്നത്. ഔറിയർ, ജാൻസൺ, സിസോക്കോ എന്നിവരും പരിക്കിലാണ്. എറിക് ഡെയർ, എറിക് ലമീല എന്നിവർ പരിക്കേറ്റതിനാൽ ഇന്നത്തെ മത്സരം കളിക്കാനിടയില്ല.

ക്രിസ്റ്റിയൻ എറിക്‌സൺ, ഡെലെ അലി, ലൂക്കാസ് എന്നിവരുടെ പ്രകടനം ടോട്ടനം നിരയിൽ നിർണ്ണായകമാവും. പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുന്നതിൽ മിൻ മിടുക്കുകാട്ടുമ്പോൾ ഗോളിന് വഴിയൊരുക്കി ഈ മൂന്നു പേരും മികച്ച പിന്തുണ നൽകുന്നു. മൂന്നാം സ്ഥാനക്കാരായ ടോട്ടനത്തിന് ഇന്നത്തെ മത്സരം നിലനില്പിന്റെ പ്രശ്നം കൂടിയാണ്. 67 പോയിന്റുമായി മൂന്നാം സ്ഥാനത്താണവർ. ഇന്നു തോറ്റാൽ ആദ്യ നാലിൽ നിന്ന് പുറത്താകാൻ സാദ്ധ്യത ഏറെയാണ്. 66 പോയിന്റുമായി ആഴ്‌സണലും ചെൽസിയും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

ലിവർപൂളുമായി കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് സിറ്റി. 87 പോയിന്റുള്ള സിറ്റി നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ 85 പോയിന്റുള്ള ലിവർപൂളിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ സിറ്റിക്കാവും. കാര്യമായ പരിക്കൊന്നും സിറ്റി നിരയിലില്ല. സൂപ്പർ താരങ്ങളുടെ സാന്നിദ്ധ്യം ഇന്നത്തെ മത്സരത്തിൽ സിറ്റിക്ക് ലഭിക്കും. സെർജിയോ അഗ്യൂറോ, റഹിം സ്റ്റെർലിങ്, ഗബ്രിയേൽ ജീസസ് എന്നിവരാണ്മുന്നേറ്റത്തിലെ കരുത്ത്. അവസാന സീസണിൽ 100 പോയിന്റോടെ ഇംഗ്ലീഷ് കിരീടം ചൂടി റെക്കോഡിട്ട സിറ്റിക്ക് ജയത്തോടെ കിരീട സാദ്ധ്യത നിലനിർത്തേണ്ടത് അനിവാര്യമാണ്.

ബാഴ്‌സ കളത്തിൽ

ലാ ലിഗയിൽ കിരീടം ഉറപ്പിക്കാൻ ബാഴ്‌സലോണ ഇന്നിറങ്ങും. 74പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് 10ാം സ്ഥാനക്കാരായ റയൽ സോസിഡാഡാണ് എതിരാളികൾ. 32 മത്സരങ്ങൾ പൂർത്തിയാകവെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡുമായി ഒമ്പത് പോയിന്റിന്റെ വ്യത്യാസമാണ് ബാഴ്‌സയ്ക്കുള്ളത്. ആറ് മത്സരങ്ങൾക്കൂടി ശേഷിക്കെ ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ബാഴ്‌സയ്ക്ക് ഏറെക്കുറെ കിരീടം ഉറപ്പിക്കാം.

ഉശിരൻ ഫോമിലുള്ള ബാഴ്‌സലോണയ്ക്ക് റയൽ സോസിഡാഡ് കടുത്ത ഭീഷണി ഉയർത്താൻ ഇടയില്ല. അടുത്തിടയ്‌ക്കൊന്നും ബാഴ്‌സലോണയെ വീഴ്ത്താൻ സോസിഡാഡിന് സാധിച്ചിട്ടില്ല. അവസാനമായി അഞ്ച് തവണ മുഖാമുഖം എത്തിയപ്പോഴും ജയം ബാഴ്‌സയ്ക്കായിരുന്നു. ലയണൽ മെസ്സി, ലൂയിസ് സുവാരസ്, ഫിലിപ്പ് കുട്ടീഞ്ഞോ എന്നിവരുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് ബാഴ്‌സയുടെ കുതിപ്പ്. ലീഗിലെ ടോപ് സ്കോറർമാരിൽ മെസ്സിയാണ് ഒന്നാം സ്ഥാനത്ത്- 33 ഗോളും 12 അസിസ്റ്റും. രണ്ടാം സ്ഥാനത്തുള്ള സുവാരസിന് 20 ഗോളും ആറ് അസിസ്റ്റുമാണ്.

ബയേണിന് ജയിക്കണം

ജർമൻ ബുണ്ടസ്‌ലീഗയിൽ കിരീടപ്പോരാട്ടം ഇഞ്ചോടിഞ്ച്. 29 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 67 പോയിന്റുമായി ബയേൺ മ്യൂണിക്ക് ഒന്നാം സ്ഥാനത്താണ്. ഒരു പോയിന്റ് വ്യത്യാസത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ട് രണ്ടാം സ്ഥാനത്തുണ്ട്. ഇന്നു നടക്കുന്ന മത്സരത്തിൽ ഏഴാം സ്ഥാനക്കരായ വെർഡൻ ബ്രമനാണ് ബയേണിന്റെ എതിരാളികൾ. ജയത്തിൽമാത്രമാണ് ലക്ഷ്യം. സമനിലപോലും ടീമിനെ പിന്നോട്ടടിപ്പിക്കും. സീസണിന്റെ പകുതി മത്സരങ്ങൾ വരെ ഡോർട്ട്മുണ്ടിന്റെ കുതിപ്പായിരുന്നു. പിന്നീടാണ് ബയേൺ തലപ്പത്തേക്ക് തിരിച്ചെത്തിയത്. എന്നാൽ ബ്രമനെ തോൽപ്പിക്കുക അത്ര എളുപ്പമാവില്ല. ഈ സീസണിൽ മികച്ച പ്രകടനമാണ് അവരുടെത്. കളിക്കണക്കിൽ ആധിപത്യം ബയേണിനാണ്. അവസാനമായി ഏറ്റുമുട്ടിയ അഞ്ച് മത്സരത്തിലും ബയേൺ വിജയിച്ചു. 21 ഗോൾ നേടിയ ബയേണിന്റെ റോബർട്ടോ ലെവൻഡോസ്‌കിയാണ് ലീഗിലെ ടോപ് സ്കോറർ.

കിരീടം ഉറപ്പിക്കാൻ യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ കിരീടം ഉറപ്പിക്കാൻ യുവന്റസ് ഇന്നിറങ്ങും. 84 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള യുവന്റസിന് 10ാം സ്ഥാനക്കാരായ ഫ്‌ളോറന്റീനയാണ് എതിരാളികൾ. ലീഗിൽ 32 മത്സരങ്ങൾ പൂർത്തിയാക്കിയ യുവന്റസിന് രണ്ടാം സ്ഥാനക്കാരായ നാപ്പോളിയേക്കാൾ 17 പോയിന്റ് വ്യത്യാസമുണ്ട്. ഇന്ന് ജയിച്ചാൽ യുവന്റസിന് കിരീടം ഉറപ്പിക്കാം. അവസാനമായി ഏറ്റുമുട്ടിയപ്പോൾ ഫ്‌ളോറന്റീനയ്ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോൾ ജയം യുവന്റസിനായിരുന്നു.

Read More >>