താനെന്തുകൊണ്ടാണ് പൂക്കളെ കുറിച്ചും കിളികളെ കുറിച്ചും എഴുതാതിരുന്നതെന്നതിനെ കുറിച്ച് അശോകന്‍ ചരുവില്‍

ഒരു മതേതര സര്‍ക്കര്‍ അധികാരത്തില്‍ വരുന്നപക്ഷം എന്റെ എഴുത്തിന്റെ സ്വഭാവം വ്യത്യാസപ്പെടുമായിരിക്കും. ചിലപ്പോള്‍ പൂക്കളെക്കുറിച്ചും കിളികളെക്കുറിച്ചു എഴുതുമായിരിക്കുമെന്നും അദ്ദേഹം

താനെന്തുകൊണ്ടാണ് പൂക്കളെ കുറിച്ചും കിളികളെ കുറിച്ചും എഴുതാതിരുന്നതെന്നതിനെ കുറിച്ച് അശോകന്‍ ചരുവില്‍

അശോകൻ ചരുവിൽ

സർക്കാരുദ്യോഗസ്ഥ ജീവിതത്തിൽ നിന്നു മുക്തനായ ശേഷം കഴിഞ്ഞ രണ്ടു വർഷമായി ഫേസ് ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഞാൻ നിരന്തരം എഴുതിയിരുന്നു. തുറന്നു പറയട്ടെ, ഓരോ എഴുത്തും ഉന്നംവെച്ചത് 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിനെയായിരുന്നു. മോദിയിൽ നിന്നുള്ള ഇന്ത്യയുടെ മോചനം അനിവാര്യമാണെന്നു ഞാൻ കരുതി. ഇക്കാലത്ത്‌ ജീവിക്കുന്ന ഒരു മനുഷ്യൻ എന്ന നിലയിൽ "അണ്ണാറക്കണ്ണനും തന്നാലായത്" എന്നപോലെ എഴുത്തുവിദ്യയെ ഈ മട്ടിൽ ഉപയോഗിച്ചില്ലെങ്കിൽ ജീവനുണ്ട് എന്നതിനു പ്രസക്തിയില്ല.

തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നത്: മനുവാദികളെ മാറ്റി ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയുള്ള ഒരു മതേതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണം എന്ന ആഗ്രഹം ഒരു വാശി പോലെ എന്നിൽ പ്രവർത്തിച്ചിരുന്നു. ഇങ്ങനെയൊരു "പിടിവാശി" കാണിക്കാത്തവരോട് നീരസം ഉണ്ടായിരുന്നു.

കേരളത്തെ സംബന്ധിച്ചേടത്തോളം വിധി തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഫലം പുറത്തു വരാൻ സമയമുണ്ട്. ഇനിയുള്ളത് ഒരു ഇടവേളയാണ്. ഒരു മതേതര സർക്കർ അധികാരത്തിൽ വരുന്നപക്ഷം എന്റെ എഴുത്തിന്റെ സ്വഭാവം വ്യത്യാസപ്പെടുമായിരിക്കും. ചിലപ്പോൾ പൂക്കളെക്കുറിച്ചും കിളികളെക്കുറിച്ചു എഴുതുമായിരിക്കും. അറിയില്ല.

ഒരു രാജ്യവും ഒരു ജനതയും ജീവന്മരണപ്പോരാട്ടത്തിൽ ഏർപ്പെട്ടപ്പോൾ അതു തിരിച്ചറിയാതിരുന്നവരോടും ഉദാസീനത പുലർത്തിയവരോടും അവനവനിൽ രമിച്ചവരോടും ഞാൻ കലഹിച്ചിട്ടുണ്ട്. മനുവാദികളെ ചാരി നവോത്ഥാനത്തോട് പ്രതികാരം തീർക്കാൻ പുറപ്പെട്ടവരെ വാക്കുകൊണ്ട് ആക്രമിച്ചിട്ടുണ്ട്. അതിലൊന്നും ഖേദമില്ല. എഴുത്തുകാരനായ നിങ്ങൾക്ക് എങ്ങനെ ഒരു "പക്ഷപാതി"യാവാൻ കഴിഞ്ഞു എന്നു ശങ്കിച്ച നിഷ്ക്കളങ്കരോടും "അവാർഡു മോഹമാണല്ലേ?" എന്നു ചോദിച്ച കഴുതകളോടും സഹതാപമുണ്ട്.

ഒരു യുഗം കഴിഞ്ഞ പോലെ തോന്നുന്നു. ഭാവി എന്തെന്ന് നിശ്ചയമില്ല. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയാണ് നമ്മുടെ ജീവിതമെന്ന പോലെ എഴുത്തും എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കുന്നത്. ഇക്കാര്യത്തിൽ നമ്മൾ നിസ്സഹായരാണ്.


Read More >>