വോട്ടിന് പണം: ചോദ്യം ചെയ്ത തെര. ഉദ്യോഗസ്ഥര്‍ക്കെതിരേ വധശ്രമം; അറസ്റ്റിലായത് ബിജെഡി മുന്‍മന്ത്രി

ഈ വര്‍ഷം ജനുവരി ആദ്യവാരം വരെ മന്ത്രിസഭയില്‍ അംഗമായിരുന്നു പ്രദീപ് മഹരധി. ഒഡീഷയില്‍ നടന്ന ഒരു കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ രാജി വെക്കേണ്ടിവന്നു.

വോട്ടിന് പണം: ചോദ്യം ചെയ്ത തെര. ഉദ്യോഗസ്ഥര്‍ക്കെതിരേ വധശ്രമം; അറസ്റ്റിലായത് ബിജെഡി മുന്‍മന്ത്രി

വോട്ടര്‍മാരെ പണവും മദ്യവും കൊടുത്ത് വശീകരിച്ച് വോട്ട് നേടാനുള്ള ശ്രമം ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച ബിജെഡി എംഎല്‍എ അറസ്റ്റില്‍. ഒഡീഷ, പിപ്പിലി നിയോജകമണ്ഡലത്തിലെ നിയമസഭാ സ്ഥാനാര്‍ത്ഥിയും നിലവില്‍ ഒഡീഷ നിയമസഭയില്‍ എംഎല്‍എയുമായ പ്രദീപ് മഹരധിയാണ് അറസ്റ്റിലായത്.

വോട്ടര്‍മാര്‍ക്ക് പണവും മദ്യവും നല്‍കുന്നുവെന്ന വാര്‍ത്ത അറിഞ്ഞാണ് മജിസ്‌ട്രേറ്റും പോലിസ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഫ്‌ളൈയിങ് സ്‌ക്വാഡ് മഹരധിയുടെ ഫാംഹൗസില്‍ എത്തിയത്. ഫാംഹൗസില്‍ പ്രവേശിച്ച ഉടനെ മഹരധി ഉദ്യോഗസ്ഥഥരെ തെറിവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ആക്രമിക്കാന്‍ അനുയായികളോട് ആഹ്വാനം ചെയ്തു. ആക്രമണം കനത്തതോടെ ഉദ്യോഗസ്ഥര്‍ ഒരു വാഹനം സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. തങ്ങള്‍ ഓടിപ്പോയില്ലായിരുന്നുവെങ്കില്‍ കൊലചെയ്യപ്പെടുമായിരുന്നുവെന്ന് മജിസ്‌ട്രേറ്റ് റബി നാരായണ പത്ര പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ തെരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെ കാമറയും മറ്റു അനുബന്ധ വസ്തുക്കളും നശിപ്പിച്ചിട്ടുണ്ട്.

ജില്ലാ കളക്ടര്‍ ജ്യോതി പ്രസാദ് ദാസും പോലിസ് സൂപ്രണ്ട് ഉമാശങ്കര്‍ ദാസും സംഭവസ്ഥലം സന്ദര്‍ശിച്ചു. ഞായറാഴ്ചയാണ് ആക്രമണം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വധശ്രമം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, നിയമവിരുദ്ധമായ കൂട്ടംകൂടല്‍, കലാപശ്രമം, തുടങ്ങിയ ചാര്‍ജ്ജുകളോടൊപ്പം തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള വകുപ്പു കൂടി ചേര്‍ത്താണ് അറസ്റ്റ്.

ഈ വര്‍ഷം ജനുവരി ആദ്യവാരം വരെ മന്ത്രിസഭയില്‍ അംഗമായിരുന്നു പ്രദീപ് മഹരധി. ഒഡീഷയില്‍ നടന്ന ഒരു കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ രാജി വെക്കേണ്ടിവന്നു. 2014 ല്‍ കൃഷിമന്ത്രിയായും പ്രദീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒഡീഷയില്‍ നിയമസഭ-ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഒരേ സമയത്താണ് നടക്കുന്നത്.

Read More >>