വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂം തകര്‍ത്തെന്ന് പരാതി

സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയായ ധർമേന്ദ്ര യാദവാണ് പരാതിയുമായി രംഗത്തെത്തിയത്.

വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂം തകര്‍ത്തെന്ന് പരാതി

ലഖ്‌നൗ: യു.പിയിലെ സാമ്പാനിൽ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തകർത്തെന്ന് പരാതി. സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയായ ധർമേന്ദ്ര യാദവാണ് പരാതിയുമായി രംഗത്തെത്തിയത്. സ്‌ട്രോങ് റൂമിന്റെ സീൽ തകർത്ത ശേഷം ചിലർ അകത്തുകടന്നിട്ടുണ്ടെന്നാണ് ഇദ്ദേഹം പരാതിയിൽ പറയുന്നത്. ബദൗൻ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് ഇദ്ദേഹം.

ഇ.വി.എമ്മിൽ തിരിമറി നടത്താനായി സ്‌ട്രോങ് റൂമിന്റെ സീൽ പൊട്ടിച്ചതാണെന്നും ഇതിന്റെ വീഡിയോ തെളിവുകൾ കൈവശമുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. ഏപ്രിൽ 23 നായിരുന്നു ബദൗനിൽ തെരഞ്ഞെടുപ്പ് നടന്നത്.

" സ്‌ട്രോങ് റൂമിന് പുറത്തുള്ള ഡോറിന്റെ നെറ്റ് വലിച്ചുപൊട്ടിച്ചതായി വ്യക്തമാണ്. അതിന്റെ വീഡിയോ കൈവശമുണ്ട്. മാത്രമല്ല ഗേറ്റിൽ സ്ഥാപിച്ചിരുന്ന സീലും തകർത്ത നിലയിലാണ്. പഴയ സീലിന്റെ സ്ഥാനത്ത് മറ്റൊരു സീലാണ് ഇപ്പോഴുള്ളത് – അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സ്‌ട്രോങ്ങിന് മുന്നിലായി സ്ഥാപിച്ച സിസി ടിവി ഫൂട്ടേജുകൾ നോക്കിയാൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പരാതിക്ക് പിന്നാലെ സംഭവസ്ഥലത്തെത്തിയ സാംബാൽ എ.ഡി.എം വാതിലിന് പുറത്തുണ്ടായിരുന്ന കമ്പി വല പൊട്ടിയ നിലയിൽ കണ്ടെത്തിയതായി സ്ഥിരീകരിച്ചെങ്കിലും അത് തത്ത പോലുള്ള ഏതെങ്കിലും പക്ഷികൾ കടിച്ചുപൊട്ടിച്ചതാവാമെന്ന നിഗമനത്തിലാണ് എത്തിയത്. സാംബാലിലെ ജില്ലാ മജിസ്‌ട്രേറ്റ് അവനീഷ് കൃഷ്ണയും ആരോപണം നിഷേധിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിനായി എത്തിച്ച ഇ.വി.എമ്മുകളിൽ വ്യാപക തകരാറുകൾ ഉള്ളതായി പരാതി ഉയർന്നിരുന്നു. ചില മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടിനേക്കാൾ കുറവ് സ്ലിപ്പുകളായിരുന്നു വിവി പാറ്റിൽ ഉണ്ടായിരുന്നത്. ചില മണ്ഡലങ്ങളിൽ ഏത് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്താലും അത് ബി.ജെ.പിക്ക് പോകുന്നതായും പരാതിയുണ്ടായിരുന്നു. മാതൃകാ വോട്ടെടുപ്പിൽ ചെയ്ത വോട്ടുകൾ മാറ്റാതെ ഇ.വി.എമ്മുകൾ എത്തിച്ച സംഭവവും നിരവധിയാണ്.

Read More >>