ശ്രീലങ്കൻ സ്‌ഫോടന പരമ്പര; ചാവേറുകളിൽ വിദ്യാസമ്പന്നരും ധനികരും; ഞെട്ടൽ മാറാതെ നാട്ടുകാർ

ഷാങ്ഗ്രില പഞ്ചനക്ഷത്ര ഹോട്ടലിലും വടക്കൻമേഖലയിലെ ഒരു വീട്ടിലുമുണ്ടായ സ്‌ഫോടനങ്ങളിൽ ചാവേറുകളായത് ഇബ്രാഹിമിന്റെ മക്കളായ ഇൻഷാഫ് ഇബ്രാഹിം, ഇൽഹാം ഇബ്രാഹിം എന്നിവരാണ്.

ശ്രീലങ്കൻ സ്‌ഫോടന പരമ്പര; ചാവേറുകളിൽ വിദ്യാസമ്പന്നരും ധനികരും; ഞെട്ടൽ മാറാതെ നാട്ടുകാർ

കൊളംബോ: ശ്രീലങ്കയയിലെ ക്രിസ്ത്യൻ പള്ളികളിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 253 പേരുടെ ജീവനെടുത്തവരുടെ കൂട്ടത്തിൽ വിദ്യാസമ്പന്നരും ധനികരും. കൊളംബോയിലെ അറിയപ്പെടുന്ന സുഗന്ധവ്യഞ്ജന വ്യാപാരിയാണ് മുഹമ്മദ് ഇബ്രാഹിം. പാവപ്പെട്ടവരെയും ദുരിതം അനുഭവിക്കുന്നവരെയും സഹായിക്കുന്നതിൽ മുൻപന്തിയിലായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം. ഷാങ്ഗ്രില പഞ്ചനക്ഷത്ര ഹോട്ടലിലും വടക്കൻമേഖലയിലെ ഒരു വീട്ടിലുമുണ്ടായ സ്‌ഫോടനങ്ങളിൽ ചാവേറുകളായത് ഇബ്രാഹിമിന്റെ മക്കളായ ഇൻഷാഫ് ഇബ്രാഹിം, ഇൽഹാം ഇബ്രാഹിം എന്നിവരാണ്. ഇബ്രാഹിമിന്റെ മക്കൾ ഇത് ചെയ്‌തെന്ന് വിശ്വസിക്കാനാകില്ലെന്ന് നാട്ടുകാർ പറയുന്നു.

ഇൻഷാഫിന് സ്വന്തമായി ചെമ്പ് ഫാക്ടറിയുണ്ട്. നഗരത്തിലെ പ്രമുഖ സ്വർണവ്യാപാരിയുടെ മകളെയാണ് ഇയാൾ വിവാഹം ചെയ്തിരുന്നത്. കമ്പനിയിലെ തൊഴിലാളികൾക്കെല്ലാം ഇൻഷാഫിനെക്കുറിച്ച് പറയാൻ നല്ലത് മാത്രമെ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തികമായി ബുദ്ധിമുട്ടില്ലാതിരുന്ന, ശാന്ത സ്വഭാവക്കാരനായ, മറ്റുള്ളവരെ സഹായിക്കുന്ന ഇൻഷാഫ് എന്തിന് ഈ കൊടുംകൃത്യത്തിൽ പങ്കാളിയായി എന്നതാണ് ബന്ധുക്കളെയും നാട്ടുകാരെയും അലട്ടുന്ന ചോദ്യം.

വിദേശത്തുനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ആളാണ് ഇൻഷാഫിന്റെ സഹോദരൻ ഇൽഹാം. സ്‌ഫോടനങ്ങൾക്ക് പിന്നാലെ വീട്ടിൽ പരിശോധനക്കെത്തിയപ്പോഴാണ് ഇൽഹാം ചാവേറായി പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ ഇൽഹാമിന്റെ ഭാര്യയും മൂന്ന് കുട്ടികളും മരിച്ചു. നാല് പൊലീസുകാരും കൊല്ലപ്പെട്ടു. ആക്രമണത്തിൽ സംശയിക്കപ്പെടുന്ന സംഘടനയായ നാഷണൽ തൗഹീദ് ജമാ അത്തിനോട് ഇൽഹാം ആഭിമുഖ്യം കാണിച്ചിരുന്നതായി സൂചനയുണ്ട്. ഇരുവരുടെയും പിതാവ് മുഹമ്മദ് ഇബ്രാഹിം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇവരുടെ ആഢംബരവീട് പൊലീസ് വളഞ്ഞിരിക്കുകയാണ്.

Read More >>