മുസ് ലിം വിരുദ്ധപരാമർശം; പെരുമാറ്റച്ചട്ടലംഘനത്തിന് ഗിരിരാജ് സിങിനെതിരെ കേസ്

മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയതിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘിച്ചതിനാണ് ജില്ലാ ഭരണകൂടം ഗിരിരാജ് സിങ്ങിനെതിരെ കേസെടുത്തത്.

മുസ് ലിം വിരുദ്ധപരാമർശം; പെരുമാറ്റച്ചട്ടലംഘനത്തിന് ഗിരിരാജ് സിങിനെതിരെ കേസ്

പട്നാ: മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയ കേന്ദ്രമന്ത്രിയും ബേഗുസരായി ലോക് സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ ഗിരിരാജ് സിങ്ങിനെതിരെ കേസ്. മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയതിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘിച്ചതിനാണ് ജില്ലാ ഭരണകൂടം ഗിരിരാജ് സിങ്ങിനെതിരെ കേസെടുത്തത്.

'വന്ദേ മാതരം' എന്ന് പറയാത്തവർക്കും മാതൃരാജ്യത്തെ ബഹുമാനിക്കാത്തവർക്കും രാജ്യം ഒരിക്കലും മാപ്പ് നൽകില്ല. എന്റെ പൂർവ്വീകരുടെ സംസ്‌കാരം ഗംഗാതീരത്തെ സിമാരിയ ഘട്ടിലായിരുന്നു. അവർക്ക് ശവക്കുഴി വേണ്ടിയിരുന്നില്ല. എന്നാൽ 'നിങ്ങൾക്ക്' മണ്ണ് വേണം. പലരും ഇവിടെ വർഗ്ഗീയത പ്രസരിപ്പിക്കാൻ നോക്കുന്നുണ്ട്. ബിഹാറിൽ ഞങ്ങളത് അനുവദിക്കില്ല എന്നായിരുന്നു ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന. തനിക്ക് 'വന്ദേ മാതരം' പറയാൻ ബുദ്ധിമുട്ടുണ്ട് എന്ന് ആർ.ജെ.ഡി സ്ഥാനാർത്ഥി തൻവീർ ഹസൻ അടുത്തിടെ പറഞ്ഞിരുന്നു. ഇദ്ദേഹത്തെ ലക്ഷ്യം വച്ചായിരുന്നു ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത പൊതുയോഗത്തിലായിരുന്നു ഗിരിരാജ് സിങ്ങിന്റെ പരാമർശം.

നേരത്തെ രാജ്യത്തെ രാഷ്ട്രീയപാർട്ടികളെ പച്ച നിറമുള്ള കൊടി ഉപയോഗിക്കാൻ അനുവദിക്കരുത് എന്ന ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ഗിരിരാജ് സിങ്ങും സി.പി.ഐയുടെ കനയ്യ കുമാറും ആർ.ജെ.ഡിയുടെ തൻവീർ ഹസനും തമ്മിലുള്ള ത്രികോണ പോരാട്ടമാണ് ബേഗുസരായിൽ നടക്കുന്നത്.

Read More >>