ഇദായ് ചുഴലിക്കാറ്റ്; ഭക്ഷണത്തിനായി സ്ത്രീകൾ ലൈംഗികബന്ധത്തിന് നിർബന്ധിതരാകുന്നു

ആരോപണ വിധേയർക്കെതിരെ ഇതുവരെ നിയമനടപടി ഉണ്ടായിട്ടില്ല.

ഇദായ് ചുഴലിക്കാറ്റ്; ഭക്ഷണത്തിനായി സ്ത്രീകൾ ലൈംഗികബന്ധത്തിന് നിർബന്ധിതരാകുന്നു

മാപുട്ടോ: മൊസംബിക്കില്‍ കനത്ത നാശം വിതച്ച ഇദായ് ചുഴലിക്കാറ്റിന്‍റെ ഇരകൾ ഭക്ഷണത്തിനും മരുന്നിനുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിതരാകുന്നുവെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച്(എച്ച്.ആർ.ഡബ്ല്യൂ). മൊസംബിക് സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് എച്ച്.ആർ.ഡബ്ല്യൂ ആവശ്യപ്പെട്ടു. ഭരണകക്ഷിയായ ഫ്രെലിമോ പാർട്ടിയുമായി അടുത്ത ബന്ധമുള്ള പ്രദേശത്തെ ചില നേതാക്കൾ ഭക്ഷ്യവസ്തുക്കൾ കൈമാറണമെങ്കിൽ ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് തയ്യാറാല്ലെങ്കിൽ ചോദിക്കുന്ന പണം നൽകണമെന്നും റിപ്പോർട്ടുണ്ട്. കുടുംബത്തിന്റെ വിശപ്പടക്കാൻ സ്ത്രീകൾ പലപ്പോഴും ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ട്. ഇത്തരം ക്രൂരകൃത്യങ്ങൾ എത്രയും വേഗം നിർത്തലാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണം.'-ദക്ഷിണാഫ്രിക്കയിലെ എച്ച്.ആർ.ഡബ്ല്യൂ ഡയറക്ടർ ദേവ മാവ്ഹിങ്ഗ ആവശ്യപ്പെട്ടു. അവശ്യവസ്തുക്കൾ എല്ലാവർക്കും സൗജന്യമായി നൽകണം. അത് അർഹതപ്പെട്ട ജനങ്ങൾക്ക് കിട്ടുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണം. ഭക്ഷ്യ-മരുന്നുകളുടെ വിതരണത്തിന്റെ മറവിൽ ചൂഷണം നടക്കുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഭക്ഷ്യ വസ്ത്തുക്കളുടെ വിതരണ ചുമതല അതാത് പ്രദേശത്തെ നേതാക്കൾക്കാണെന്ന് ഹാമന്റാഡ ജില്ലാ നേതാവ് ടിക പറഞ്ഞു. ചില മേഖലകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും ആഴ്ചകളോളം ഭക്ഷണം ലഭിക്കാറില്ല. ഈ സാഹചര്യത്തിൽ അവർ എന്തും ചെയ്യാൻ തയ്യാറാകും. ഭക്ഷണം കിട്ടാനായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചാൽ വരെ അവർ വഴങ്ങുമെന്നും ടിക പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ആരോപണ വിധേയർക്കെതിരെ ഇതുവരെ നിയമനടപടി ഉണ്ടായിട്ടില്ല.

ഇദായ് ചുഴലിക്കാറ്റിൽ സർവ്വതും നശിച്ച മൊസംബിക്കിന് വേണ്ടി വിവിധ മനുഷ്യാവകാശ സംഘടനകൾ സഹായങ്ങൾ നൽകുന്നുണ്ട്. മൂന്ന് മാസത്തിനിടെ 282 ദശലക്ഷം ഡോളറാണ് യു.എൻ മൊസംബിക്കിന് വേണ്ടി നൽകിയത്. കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര നാണയ നിധി പലിശ ഈടാക്കാതെ 118.2 ദശലക്ഷം ഡോളർ മൊസംബിക്കിനെ വീണ്ടെടുക്കാൻ വാഗ്ദാനം ചെയ്തിരുന്നു.

Read More >>