യു.എസ്-ചൈന വ്യാപാര യുദ്ധം: ചൈന വ്യാപാര കരാർ ലംഘിച്ചുവെന്ന്‌ ട്രംപ്

ചൈനീസ് ഉൽപ്പന്നങ്ങൾക്കു യു.എസ് തീരുവ വർദ്ധിപ്പിച്ചാൽ അതേ നാണയത്തിൽ തന്നെ പ്രതികരിക്കുമെന്ന് ബീജിങ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

യു.എസ്-ചൈന വ്യാപാര യുദ്ധം: ചൈന വ്യാപാര കരാർ ലംഘിച്ചുവെന്ന്‌  ട്രംപ്

വാഷിങ്ടൺ: ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന വ്യാപാര കരാർ ലംഘിച്ചുവെന്ന് ട്രംപ് ആരോപിച്ചു. ചൈനീസ് ഉൽപ്പന്നങ്ങൾക്കു യു.എസ് തീരുവ വർദ്ധിപ്പിച്ചാൽ അതേ നാണയത്തിൽ തന്നെ പ്രതികരിക്കുമെന്ന് ബീജിങ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 20000 കോടി ഡോളർ അധിക തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നിരുന്നാലും വ്യാഴാഴ്ച യു.എസ്സും ചൈനയും തമ്മിൽ വ്യാപാര ചർച്ചകൾ നടത്തി. എന്നാൽ, യു.എസ് ചർച്ചകൾ നടത്താൻ ശ്രമിക്കുന്ന വ്യാപാര കരാർ ചൈന ലംഘിക്കുകയാണെന്ന് ചർച്ചകൾക്കു ശേഷം ട്രംപ് പ്രതികരിച്ചു.

' അവർ കരാർ ലംഘിച്ചു. അവർക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ല. ഇതിന് അവർ വലിയ വില നൽകേണ്ടിവരും. '-ഫ്‌ളോറിഡയിൽ ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഉണ്ടാക്കുന്നില്ലെങ്കിൽ വർഷം 1000 കോടി ഡോളർ ഈടാക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

യു.എസ്സും ചൈനയും തമ്മിൽ വ്യാപാര കരാറിൽ ഏർപ്പെടുമെന്ന് അടുത്തകാലത്ത് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ തുടരുന്ന വ്യാപാര യുദ്ധത്തിന് ഇതോടെ അവസാനമാകുമെന്ന് ലോകരാഷ്ട്രങ്ങൾ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ ആഴ്ച ചൈനീസ് ഉൽപ്പന്നങ്ങള്‍ ക്കു 2000 കോടി ഡോളർ നികുതി വർദ്ധിപ്പിക്കുമെന്ന് ഞായറാഴ്ച ട്രംപ് ട്വീറ്റ് ചെയ്തു.

Read More >>