യൂറോപ്പ ലീഗ് ഫൈനലിലും ഇംഗ്ലീഷ് യുദ്ധം

കലാശപ്പോരിൽ ചെൽസിയും ആഴ്‌സണലുമാണ് മുഖാമുഖം.

യൂറോപ്പ ലീഗ് ഫൈനലിലും ഇംഗ്ലീഷ് യുദ്ധം

ലണ്ടൻ: ചാമ്പ്യൻസ് ലീഗിനുപിന്നാലെ യുവേഫ യൂറോപ്പാ ലീഗിലും ഇംഗ്ലീഷ് ഫൈനൽ. കലാശപ്പോരിൽ ചെൽസിയും ആഴ്‌സണലുമാണ് മുഖാമുഖം. രണ്ടാംപാദ സെമിയിൽ ജർമൻ ക്ലബ്ബ് ഫ്രാങ്ക്ഫർട്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ ചെൽസി കീഴടക്കിയപ്പോൾ സ്‌പെയിൻകാരായ വലൻസിയക്കെതിരേ ആധികാരികമായിരുന്നു ആഴ്‌സണലിന്റെ ജയം.

ചെൽസിയെ കെപ്പ കാത്തു

ഫ്രാങ്ക്ഫർട്ടിന്റെ മൈതാനത്ത് നടന്ന ആദ്യപാദം 1-1 സമനിലയിലായിരുന്നു. ചെൽസിയുടെ മൈതാനത്തു നടന്ന രണ്ടാംപാദവും ഓരോ ഗോളടിച്ച് സമനിലയിലായി. ശക്തമായ പോരാട്ടം നടത്തിയ ഫ്രാങ്ക്ഫർട്ടിനെ ചെൽസി തോല്പിച്ചത് ഗോളി കെപ്പ അരിസോബലാഗയുടെ മികവാണ്. ഫ്രാങ്ക്ഫർട്ടിനു മുന്നിൽ ചോരാത്ത കൈകളുമായി കെപ്പ നിലയുറപ്പിച്ചതോടെ ഷൂട്ടൗട്ടിൽ 4-3ന് ഫ്രാങ്ക്ഫർട്ട് മുട്ടുകുത്തി.

ജിറൗഡിനെയും വില്യനെയും ഹസാർഡിനെയും മുന്നിൽനിർത്തി 4-3-3 പതിവ് ശൈലി ചെൽസി പിന്തുടർന്നപ്പോൾ 4-2-3-1 ഫോർമേഷനിലാണ് ഫ്രാങ്ക്ഫർട്ട് ഇറങ്ങിയത്. പന്തടക്കത്തിൽ തട്ടകത്തിന്റെ തിണ്ണമിടുക്കു കാട്ടിയ ചെൽസിയെ വിറപ്പിക്കുന്ന ആക്രമണമാണ് സന്ദർശകർ പുറത്തെടുത്തത്. 28ാം മിനുട്ടിൽ ചെൽസി സ്‌കോർബോർഡ് തുറന്നു. ഏദൻഹസാർഡ് ഗോളിന് വഴിയൊരുക്കിയപ്പോൾ ലോഫ്റ്റസ് ചീക്ക് ലക്‌ഷ്യം കണ്ടു. ആദ്യപകുതിയിൽ ലീഡ് നിലനിർത്തിയ ചെൽസിക്ക്

രണ്ടാംപകുതിയുടെ തുടക്കത്തിൽ ഷോക്ക് നൽകി ഫ്രാങ്ക്ഫർട്ട് സമനില പിടിച്ചു.ഗസിനോവിക്കിന്റെ പാസിൽ ലൂക്കാ ജോവിക്കിന് പിഴച്ചില്ല. സമനിലയിലായതോടെ ചെൽസി ടീമിൽ മാറ്റം വരുത്തി. വില്യന് പകരം പെഡ്രോയ്ക്കും ക്രിസ്റ്റിയൻസണ് പകരം സാപ്പകോസ്റ്റയ്ക്കും ലോഫ്റ്റസ് ചീക്കിന് പകരം റോസ് ബാർക്കിലിക്കും അവസരം ലഭിച്ചു. ആക്രമണ, പ്രത്യാക്രമണങ്ങളിലൂടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. ജിറൗഡിനെ പിൻവലിച്ച് ചെൽസി കോച്ച് മൗറീസ്യോ സാറി ഹിഗ്വെയ്‌നെ ഇറക്കിയെങ്കിലും വലകുലുക്കാനായില്ല. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്.

ചെൽസിക്കുവേണ്ടി ബാർക്കിലി, ജോർജിഞ്ഞോ, ഡേവിഡ് ലൂയിസ്, ഏദൻ സഹാർഡ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ആസ്പിലിക്യൂറ്റയ്ക്ക് ഉന്നം പിഴച്ചു. മറുവശത്ത് ഫ്രാങ്ക്ഫർട്ടിന്റെ ഹിന്റ്‌റീഗറിന്റെയും പസിൻസിയയുടെയും ഷോട്ട് തടുത്ത കെപ്പെ ചെൽസിക്ക് വിജയത്തോടെ ഫൈനൽ ബർത്ത് സമ്മാനിച്ചു. പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനക്കാരായ ചെൽസിക്ക് ഇത്തവണ അഭിമാനം കാക്കാൻ യൂറോപ്പാ ലീഗ് കിരീടം അനിവാര്യമാണ്.

ഔബ്‌മെയാങ്ങ് ഹാട്രിക്കിൽ ഗണ്ണേഴ്‌സ്

വലൻസിയയുടെ തട്ടകവും അടക്കിഭരിച്ച് ആഴ്‌സണൽ യൂറോപ്പാ ലീഗ് ഫൈനലിൽ. സ്വന്തം തട്ടകത്തിൽ 3-1ന് ജയിച്ച് വലൻസിയുടെ മൈതാനത്ത് ഇറങ്ങിയ ഗണ്ണേഴ്‌സ് രണ്ടിനെതിരേ നാല് ഗോളിനാണ് ആതിഥേയരെ വീഴ്ത്തിയത്. ഇതോടെ ഇരുപാദങ്ങളിലുമായി 7-3ന്റെ ജയം. ഔബ്‌മെയാങ്ങിന്റെ ഹാട്രിക്ക് പ്രകടനമാണ് ആഴ്‌സണലിന് അനായാസ ജയം സമ്മാനിച്ചത്.

ആദ്യപാദത്തിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ആഴ്‌സണലിനെ ഞെട്ടിച്ച് 11ാം മിനുട്ടിൽ വലൻസിയ സ്‌കോർബോർഡ് തുറന്നു. റോഡ്രിഗോ ഗോളിന് വഴിയൊരുക്കി. കെവിൻ ഗമീറോ പന്ത് ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ ആറ് മിനുട്ടിനുള്ളിൽ ഔബ്‌മെയാങ്ങിലൂടെ ഗണ്ണേഴ്‌സ് സമനില പിടിച്ചു. അലക്‌സാണ്ടർ ലാക്കസാറ്റെയുടെ അസിസ്റ്റിലാണ് ഗോൾ.

50ാം മിനുട്ടിൽ ഗണ്ണേഴ്‌സ് ലീഡെടുത്തു. ടോറിയയുടെ പാസിൽ ലാക്കസാറ്റയാണ് ഗോൾനേടിയത്. വിട്ടുകൊടുക്കാൻ തയ്യാറാവാതെ പന്തുതട്ടിയ വലൻസിയ 58ാം മിനുട്ടിൽ ഒപ്പമെത്തി. റോഡ്രിഗോ വീണ്ടും ഗോളിന് അവസരം സൃഷ്ടിച്ചപ്പോൾ ഗമീറോയ്ക്ക് രണ്ടാം തവണയും ലക്ഷ്യം പിഴച്ചില്ല. പിന്നീടങ്ങോട്ട് ആഴ്‌സണൽ കളം കീഴടക്കിയതോടെ ആതിഥേയർക്ക് പ്രതിരോധത്തിലേക്ക് ഒതുങ്ങി. 69ാം മിനുട്ടിൽ ഔബ്‌മെയാങ്ങ് ആഴ്‌സണൽ സ്‌കോർബോർഡിൽ മൂന്നാം ഗോൾ ചേർത്തു. പകരക്കാരെയിറക്കി പ്രതിരോധകോട്ട ശക്തമാക്കിയ ആഴ്‌സണലിന്റെ ഗോൾപട്ടിക 88ാം മിനുട്ടിൽ ഔബ്‌മെയാങ് പൂർത്തിയാക്കി. ഹെന്റിച്ച് മെഹത്രിയാന്റെ പിന്തുണയിലാണ് ഔബ്‌മെയാങ് ഹാട്രിക്ക് പൂർത്തിയാക്കിയത്. ഈ മാസം 30നാണ് ഫൈനൽ.

Read More >>