ഇന്ത്യൻ പ്രീമിയർ ലീഗ്: ഫൈനല്‍ ലക്ഷ്യമിട്ട് ചെന്നൈയും ഡല്‍ഹിയും

രണ്ടാം യോഗ്യതാ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ.

ഇന്ത്യൻ പ്രീമിയർ ലീഗ്: ഫൈനല്‍ ലക്ഷ്യമിട്ട് ചെന്നൈയും ഡല്‍ഹിയും

വിശാഖപട്ടണം: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ മുംബൈ ഇന്ത്യൻസിന്റെ എതിരാളിയെ ഇന്നറിയാം.രണ്ടാം യോഗ്യതാ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ.

യോഗ്യതാ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ചാണ് ഡൽഹി എത്തുന്നത്. മറുവശത്ത് ആദ്യ യോഗ്യതാ മത്സരത്തിൽ തോറ്റാണ് ചെന്നൈ രണ്ടാം അവസരം തേടുന്നത്. ബാറ്റിങ് നിരയുടെ മോശം ഫോം ചെന്നൈയ്ക്ക് ആശങ്ക സൃഷ്ടിക്കുമ്പോൾ യുവതാരനിരയുടെ കരുത്തിലാണ് ഡൽഹി. പരിക്കും ചെന്നൈയുടെ ഫൈനൽ മോഹങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നു.

ചരിത്രമെഴുതാൻ ഡൽഹി

ഐ.പി.എല്ലിന്റെ ആദ്യ സീസൺ മുതൽ ഡൽഹി നടത്തുന്ന കിരീട പോരാട്ടം ഇത്തവണ സാക്ഷാൽക്കരിക്കാൻ സാധിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. റിക്കി പോണ്ടിങ്, സൗരവ് ഗാംഗുലി എന്നീ മുൻ സൂപ്പർ ക്യാപ്റ്റൻമാരുടെ സാന്നിദ്ധ്യമാണ് ഡൽഹിയുടെ ശക്തി. ഇരുവരുടെയും തന്ത്രമാണ് ടീമിന്റെ ഊർജ്ജം. ഓപ്പണിങ്ങിൽ പൃഥ്വി ഷാ- ശിഖർ ധവാൻ കൂട്ടുകെട്ട് ടീമിന് നിർണ്ണായകമാവും. സീനിയർ താരമെന്ന ഉത്തരവാദിത്തം നന്നായി നിറവേറ്റുന്ന ധവാൻ 503 റൺസുമായി റൺവേട്ടക്കാരിൽ നാലാമതുണ്ട്. യോഗ്യതയിൽ അർദ്ധ സെഞ്ച്വറിയുമായി പൃഥ്വി നടത്തിയ ചെറുത്തുനിൽപ്പ് ടീമിന്റെ വിജയത്തിൽ നിർണ്ണായകമായിരുന്നു. മദ്ധ്യനിരയിൽ റിഷഭ് പന്താണ് ടീമിന്റെ നട്ടെല്ല്. ഒറ്റയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാൻ കെൽപ്പുള്ള റിഷഭ് ഈ സീസണിൽ 450 റൺസ് നേടി. ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് സ്ഥിരത പുലർത്താനാവുന്നില്ല. കോളിൻ മൺറോ, കോളിൻ ഇൻഗ്രാം എന്നീ വെടിക്കെട്ട് വീരന്മാരും അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. അക്‌സർ പട്ടേൽ, കീമോ പോൾ, റൂതർഫോർഡ് എന്നീ ഓൾറൗണ്ടർമാരുടെ മികവും നിർണ്ണായകം. ട്രന്റ് ബോൾട്ടും ഇഷാന്ത് ശർമയും പേസ് നിരയിൽ ശക്തിപകരുമ്പോൾ അമിത് മിശ്രയുടെ സ്പിൻ ബൗളിങ് എതിരാളികളെ വട്ടം കറക്കുന്നു.

ബാറ്റിങ്ങിനെ പഴിച്ച് ചെന്നൈ

ബാറ്റ്‌സ്മാൻമാരുടെ സ്ഥിരതയില്ലായ്മയാണ് ചെന്നൈയുടെ പ്രതിസന്ധി. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്‌ക്കൊപ്പം മികവുറ്റ താരങ്ങളുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരുന്നില്ല. സീനിയർ താരം ഷെയ്ൻ വാട്‌സന്റെ ആദ്യ പവർപ്ലേയിലെ മെല്ലപ്പോക്ക് ടീമിനെ ബാധിക്കുന്നു. സഹ ഓപ്പണർ ഫഫ് ഡുപ്ലെസിസ് തരക്കേടില്ലാതെ കളിക്കുന്നു. അടിച്ചുതകർക്കേണ്ട ആദ്യ ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് ചെന്നൈയെ ബാധിക്കുന്നു. മുംബൈയ്‌ക്കെതിരായ ആദ്യ യോഗ്യതാ മത്സരത്തിൽ ആദ്യ ആറ് ഓവറിനുള്ളിൽ ചെന്നൈയുടെ മൂന്ന് ബാറ്റ്‌സ്മാൻമാർ പുറത്തായി. ടോപ് ഓർഡറിൽ സുരേഷ് റെയ്‌ന കൂടുതൽ മികവുകാട്ടണം. മദ്ധ്യനിരയിലെ ധോണിയുടെ പ്രകടനമാണ് ടീമിന്റെ ജീവശ്വാസം. 405 റൺസുമായി ടീമിന്റെ ടോപ് സ്‌കോററും ധോണിയാണ്. മദ്ധ്യനിരയിൽ കേദാർ ജാദവിന്റെ പരിക്ക് ടീമിനെ കാര്യമായി ബാധിച്ചു. കേദാറിന് പകരമെത്തിയ മുരളി വിജയിക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. ഡ്വെയ്ൻ ബ്രാവോ പരിക്കിനു ശേഷം തിരിച്ചെത്തിയെങ്കിലും മികവിലല്ല. സ്പിന്നിൽ ഹർഭജൻ സിങും ഇമ്രാൻ താഹിറും ജഡേജയും പേസിൽ ദീപക് ചാഹറും ടീമിന് ശക്തി പകരുന്നു. ജഡേജയുടെ ഓൾറൗണ്ട് പ്രകടവും ടീമിന്റെ പ്രതീക്ഷകളെ സജീവമാക്കുന്നു.

കണക്കിൽ ചെന്നൈ

20 തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ 14 തവണയം ചെന്നൈ ജയിച്ചു. ഈ സീസണിൽ നേർക്കുനേർ എത്തിയ രണ്ടു തവണയും ജയം ചെന്നൈയ്ക്കായിരുന്നു.