റിഷഭ് പന്തിനെ ഇന്ത്യ എന്തിന് തഴഞ്ഞു? സാമൂഹ്യ മാദ്ധ്യമത്തില്‍ താരത്തിന് പിന്തുണ അറിയിച്ച് ആരാധകര്‍

സമ്മർദ്ദ ഘട്ടങ്ങളിൽ വെടിക്കെട്ട് പ്രകടനത്തോടെ മത്സരഗതിയെ മാറ്റിമറിക്കാൻ കെൽപ്പുള്ള റിഷഭിന് ലോകകപ്പിൽ അവസരം നൽകണമെന്നാണ്ആവശ്യം

റിഷഭ് പന്തിനെ ഇന്ത്യ എന്തിന് തഴഞ്ഞു? സാമൂഹ്യ മാദ്ധ്യമത്തില്‍ താരത്തിന് പിന്തുണ അറിയിച്ച് ആരാധകര്‍

ന്യൂഡൽഹി: ഐ.സി.സി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് റിഷഭ് പന്തിനെ തഴഞ്ഞത് ചർച്ചയാവുന്നു. ഐ.പി.എല്ലിൽ മികച്ച പ്രകടനത്തോടെ റിഷഭ് തിളങ്ങിയതോടെ സാമൂഹ്യമാദ്ധ്യമങ്ങിൽ നിരവധി പേർ റിഷഭിന് പിന്തുണയുമായി രംഗത്തെത്തി. സമ്മർദ്ദ ഘട്ടങ്ങളിൽ വെടിക്കെട്ട് പ്രകടനത്തോടെ മത്സരഗതിയെ മാറ്റിമറിക്കാൻ കെൽപ്പുള്ള റിഷഭിന് ലോകകപ്പിൽ അവസരം നൽകണമെന്നാണ്ആവശ്യം. എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡൽഹി ക്യാപിറ്റൽസിന് വിജയം സമ്മാനിച്ചതും റിഷഭിന്റെ പ്രകടനമായിരുന്നു. ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ റിഷഭ് സെഞ്ച്വറി നേടിയിട്ടും ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ടീമിൽ നിന്ന് പന്തിനെ തഴഞ്ഞെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു. സീനിയർ താരം ദിനേഷ് കാർത്തികാണ് റിഷഭിന് പകരം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം പിടിച്ചത്. ഐ.പി.എല്ലിൽ മോശം ഫോമിലായിട്ടും രണ്ടാം നമ്പർ വിക്കറ്റ്കീപ്പറായി കാർത്തികിന് നറുക്കുവീണു.

ഹൈദരാബാദിനെതിരായ മത്സരത്തിനു ശേഷം നിരവധി കളിക്കാർ റിഷഭിനെ പിന്തുണച്ച് രംഗത്തെത്തി. ഡൽഹിയുടെ പരിശീലകനും മുൻ ഓസീസ് ക്യാപ്റ്റനുമായ റിക്കി പോണ്ടിങ് പന്തിനെ ഇന്ത്യ പരിഗണിക്കാത്തത് അത്ഭുതപ്പെടുത്തിയെന്ന് വ്യക്തമാക്കിയിരുന്നു. ഒറ്റയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാൻ കഴിവുള്ള യുവതാരമാണ് റിഷഭെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോണും ട്വിറ്ററിലൂടെ റിഷഭിനെ പിന്തുണച്ചു.

മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗും റിഷഭിന് പിന്തുണ അറിയിച്ചു. ഗെയിം ചെയ്ഞ്ചർ എന്നാണ് റിഷഭിനെ സെവാഗ് വിശേഷിപ്പിച്ചത്. താൻ റിഷഭ് പന്ത് ഫാൻസ് ക്ലബ്ബിന്റെ ഭാഗമായിക്കഴിഞ്ഞെന്ന് പ്രമുഖ കമന്റേറ്ററും മുൻ ഇന്ത്യൻ താരവുമായ സഞ്ജയ് മഞ്ജരേക്കറും ട്വിറ്ററിൽ കുറിച്ചു. ലോകകപ്പ് ടീമിൽ റിഷഭിന് അവസരമില്ലാത്തതെന്താണെന്നും രവിശാസ്ത്രിയും വിരാട് കോലിയും അവിടെ ഇല്ലേയെന്നും പ്രമുഖ ബോളിവുഡ് നടൻ റിഷി കപൂറും ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ റിസർവ് ടീമിൽ റിഷഭിന് സ്ഥാനമുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സിനുവേണ്ടി കളിക്കവെ പരിക്കേറ്റ കേദാർ ജാദവിന്റെ ലോകകപ്പ് പങ്കാളിത്തത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കേദാറിന് ലോകകപ്പ് നഷ്ടമായാൽ പകരം റിഷഭിനായിരിക്കും പ്രഥമ പരിഗണന. ഈ മാസം 30നാണ് ലോകകപ്പ് ആരംഭിക്കുന്നത്.

Read More >>