വെനസ്വേല പ്രതിസന്ധി: വിദേശ എംബസികളില്‍ അഭയം തേടി പ്രതിപക്ഷ ജനപ്രതിനിധികള്‍

പ്രതിപക്ഷത്തെ 10 നേതാക്കള്‍ക്കെതിരെയാണ് ഗൂഢാലോചന, കലാപത്തിന് ആഹ്വാനം, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തിയത്. ഇതിലെ മൂന്ന് പേരാണ് എംബസികളില്‍ അഭയം തേടിയത്.

വെനസ്വേല പ്രതിസന്ധി: വിദേശ എംബസികളില്‍ അഭയം തേടി പ്രതിപക്ഷ ജനപ്രതിനിധികള്‍

കറാക്കസ്സ്: വെനസ്വേലയിലെ പ്രതിപക്ഷത്തെ മൂന്ന് ജനപ്രതിനിധികൾ കൂടി വിദേശ എംബസികളിൽ അഭയം തേടി. പ്രതിപക്ഷ ജനപ്രതിനിധികളായ അമരിക്കോ ഡി ഗ്രാസിയ, മരീല മഗല്ലാൻസ് എന്നിവർ ഇറ്റാലിയൻ എംബസിയിലും റിച്ചാർഡ് ബ്ലാൻകോ അർജന്റീനിയൻ എംബസിയിലുമാണ് അഭയം തേടിയിരിക്കുന്നത്. പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ പ്രക്ഷോഭ രംഗത്തുള്ള പ്രതിപക്ഷത്തുള്ള 10 ജനപ്രതിനിധികൾക്കെതിരെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങൾ സുപ്രീം കോടതി ചുമത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷത്തെ പ്രമുഖ നേതാവായ ലെപ്പോൾഡോ ലോപ്പസ് സ്‌പെയ്ൻ എംബസിയിൽ അഭയം തേടിയിരുന്നു.

അൻപതോളം രാജ്യങ്ങളുടെ പിന്തുണയുള്ള സ്വയം പ്രഖ്യാപിത പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ യുവാൻ ഗൈഡോ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാൻ പട്ടാള അട്ടിമറിക്ക് ആഹ്വാനം ചെയ്തതോടെയാണ് സ്ഥിതി കുടുതൽ വഷളായത്. എന്നാൽ സൈന്യത്തിലെ ബഹുഭൂരിപക്ഷവും മഡുറോയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ അട്ടിമറി ശ്രമം പാളി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷത്തെ 10 നേതാക്കൾക്കെതിരെ ഗൂഢാലോചന, കലാപത്തിന് ആഹ്വാനം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തിയത്. ഇതിലെ മൂന്ന് പേരാണ് എംബസികളിൽ അഭയം തേടിയത്. അവശേഷിക്കുന്ന 7 പേരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. അതിനിടെ യുവാൻ ഗൈ്‌ഡോയുടെ അനുയായി എഡ്ഗാർ സാന്‌പ്രോനെയെ പൊലീസ് അറസ്റ്റ് ചെയ്തു. നിക്കോളാസ് മഡുറോയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിപക്ഷ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. രാജ്യവ്യാപക പ്രതിഷേധത്തിന് ഗൈ്‌ഡോ വീണ്ടും ആഹ്വാനം ചെയ്തിട്ടുണ്ട്.

Read More >>