സ്വയംഭരണ കോളജുകൾക്കെതിരെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ

നിലവിൽ 18 എയ്ഡഡ് കോളജുകളും ഒരു സർക്കാർ കോളജുമാണ് സ്വയംഭരണ പദവിയിലുള്ളത്.

സ്വയംഭരണ കോളജുകൾക്കെതിരെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ

സംസ്ഥാനത്ത് കൂടുതൽ കോളജുകൾക്ക് സ്വയംഭരണ പദവി നൽകാനുള്ള നീക്കങ്ങൾ പുരോഗമിക്കവേ എതിർപ്പുമായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ. പൊതുവിദ്യാഭ്യാസം എന്ന ആശയത്തിന് തന്നെ സ്വയംഭരണ കോളജുകൾ തടസ്സമാകുമെന്നും പ്രത്യേക അവകാശ അധികാരങ്ങളുള്ള ഒരു വിഭാഗത്തെ സൃഷ്ടിക്കാൻ മാത്രമേ സ്വയംഭരണ പദവി സഹായകമാകൂവെന്നും ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുന്നറിയിപ്പ് നൽകുന്നു.

നിലവിൽ 18 എയ്ഡഡ് കോളജുകളും ഒരു സർക്കാർ കോളജുമാണ് സ്വയംഭരണ പദവിയിലുള്ളത്. എറണാകുളം മഹാരാജാസ് കോളജാണ് സ്വയംഭരണ പദവിയുള്ള ഏക സർക്കാർ കോളജ്. സ്വയംഭരണ കോളജുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച് വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജോയി ജോബ് കുളവേലിൽ അദ്ധ്യക്ഷനായ ഒരു സമിതിയെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ചിരുന്നു. വിദ്യാർത്ഥികൾ,അധ്യാപകർ, സർവ്വകലാശാല പ്രതിനിധികൾ,മാനേജ്‌മെന്റ് പ്രതിനിധികൾ, രക്ഷകർത്താക്കൾ എന്നിവരിൽ നിന്നും സമിതി അഭിപ്രായങ്ങൾ തേടിയിരുന്നു. പ്രവേശനനടപടികളിലും ഇന്റേണൽ മാർക്ക് നൽകുന്നതിലുമെല്ലാം വ്യാപക ക്രമക്കേട് നടക്കുന്നുവെന്നാണ് സമിതി കണ്ടെത്തിയത്. സെമസ്റ്റർ പരീക്ഷ നടത്തുന്നതിലും ഏറെ അലംഭാവം കണ്ടെത്തി.

പരീക്ഷാ മൂല്യനിർണയത്തിൽ സുതാര്യത ഇല്ലെന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടു. പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കാതെയാണ് പലപ്പോഴും സെമസ്റ്റർ പരീക്ഷകൾ നടത്തുന്നത്. എയ്ഡഡ് കോളജുകളുടെ പരിമിതമായ ഭൗതിക സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് സ്വയംഭരണ കോഴ്‌സുകൾ നടത്തുന്നതിലെ അപാകത അദ്ധ്യാപകർ ചൂണ്ടിക്കാട്ടി. സിലബസ് അതിവേഗം പഠിപ്പിച്ചു തീർക്കേണ്ടി വരുന്നതിനാൽ പലപ്പോഴും നിലവാരം കാത്തു സൂക്ഷിക്കാൻ കഴിയുന്നില്ല.

സ്വയംഭരണ കോളജുകൾക്ക് നൽകിയ അധികാരം തിരിച്ചെടുത്ത് സ ർവകലാശാലകൾ തന്നെ നിയന്ത്രണം ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഭൂരിഭാഗം വിദ്യാർത്ഥികളും അധ്യാപകരും ഉന്നയിക്കുന്നത്. സ്വയംഭരണ കോളേജുകളെ നിയന്ത്രിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നും ഇപ്പോൾ ഇത്തരം കോളജുകളുടെ പ്രവർത്തനം അവരുടെ മാത്രം ഉത്തരവാദിത്വത്തിലും മേൽനോട്ടത്തിലുമാണെന്നാണ് സർവകലാശാലാ പ്രതിനിധികൾ അഭിപ്രായപ്പെട്ടത്.

സ്വയംഭരണ പദവി കിട്ടിയ പല കോളജുകളും സ്വന്തം നിലയ്ക്ക് കോഴ്‌സുകൾ ആരംഭിക്കുകയും സിലബസുകൾ പരിഷ്‌കരിക്കുകയും ചെയ്തു. ബന്ധപ്പെട്ട സർവകലാശാലകളുടെ അനുമതി തേടാതെയായിരുന്നു ഇത്. കോളജുകൾക്ക് സ്വയംഭരണ പദവി ലഭ്യമായതുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ ഒരു നേട്ടവുമുണ്ടായിട്ടില്ല. വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തു. നിയമസഭ പാസ്സാക്കിയ സ്വയംഭരണ കോളജ് നിയമത്തിൽ സമൂലമായ പരിഷ്‌കരണം വേണമെന്നാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശുപാർശ ചെയ്യുന്നത്.

Read More >>