കള്ളവോട്ടിൽ പൊലീസ് അന്വേഷണം പാതിവഴിയിൽ

ഇരുപാർട്ടിക്കാരും ഉൾപ്പെട്ടതോടെയാണ്‌ അറസ്റ്റിന് സമ്മർദ്ദമില്ലാതായത്‌

കള്ളവോട്ടിൽ പൊലീസ് അന്വേഷണം പാതിവഴിയിൽ

സ്വന്തം ലേഖകൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് കേസിൽ എൽ.ഡി.എഫ് പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും ഉൾപ്പെട്ടതോടെ പൊലീസ് അന്വേഷണം പാതിവഴിയിൽ. ആദ്യ കള്ളവോട്ട് കേസ് രജിസ്റ്റർ ചെയ്ത പിലാത്തറയിലെ സി.പി.എമ്മുകാർക്കെതിരേ പൊലീസ് 14 ദിവസം മുന്നേ കേസെടുത്തിരുന്നെങ്കിലും പ്രതികളുടെ മൊഴി രേഖപ്പെടുത്തുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ല. മേയ് ഒന്നിനാണ് പരിയാരം പൊലീസ് പഞ്ചായത്തംഗം ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരേ കേസെടുത്തത്. കണ്ണൂർ കാസർകോട് മണ്ഡലങ്ങളിലായി ഇതുവരെ കള്ളവോട്ടുമായി ബന്ധപ്പെട്ട് 16 പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. വരണാധികാരിയായ കളക്ടറുടെ പരാതിയിൽ കേസെടുത്തത് ഒഴിച്ചാൽ മറ്റ് നടപടികളൊന്നുമുണ്ടായില്ല. കള്ളവോട്ടിൽ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയാൽ സി.പി.എം, ലീഗ് പ്രവർത്തകർ അകത്താകും എന്നതിനാൽ ഇരുപാർട്ടിക്കാർക്കും കേസിന്റെ കാര്യത്തിൽ യാതൊരുവിധ താൽപര്യവും ഇല്ലാത്തതാണ് പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങാനുള്ള പ്രധാന കാരണം. കാസർകോട് മണ്ഡലത്തിലെ പിലാത്തറ, പുതിയങ്ങാടി കണ്ണൂർ മണ്ഡലത്തിലെ പാമ്പുരുത്തി, ധർമ്മടം എന്നിവിടങ്ങളിൽ കള്ളവോട്ട് ചെയ്ത സംഭവത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മേയ് ആറിനാണ് പുതിയങ്ങാടിയിൽ കള്ളവോട്ട് ചെയ്ത മൂന്ന് ലീഗ് പ്രവർത്തകർക്കെതിരേ കേസ് എടുത്തത്. ഏറ്റവും ഒടുവിലായി പാമ്പുരുത്തിയിലെ കള്ളവോട്ടിൽ ഒമ്പത് പേർക്കെതിരേയും ധർമ്മടത്തെ കള്ളവോട്ടിൽ ഒരാൾക്കെതിരേയും കേസെടുത്തു. കള്ളവോട്ട് കേസിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് രേഖകൾ ലഭിക്കാത്തതിനാലാണ് അന്വേഷണം വൈകുന്നതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പാമ്പുരുത്തിയിലെ ബൂത്തിൽ ചുമതലയുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥർക്കെതിരേ കൂടി കേസെടുക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചിരുന്നെങ്കിലും പ്രാഥമിക അന്വേഷണം നടത്തി കഴമ്പുണ്ടോ എന്നറിഞ്ഞിട്ട് കേസെടുക്കാം എന്നാണ് പൊലീസ് നിലപാട്. കള്ളവോട്ട് നടന്ന പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കുന്നതിനും സാങ്കേതിക തടസമുണ്ടെന്ന് പൊലീസ് പറയുന്നു. കള്ളവോട്ടിൽ ആദ്യം രജിസ്റ്റർ ചെയ്ത പിലാത്തറയിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയാലെ മറ്റു അറസ്റ്റ് രേഖപ്പെടുത്താൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ സി.പി.എമ്മിനോട് അനുകൂല സമീപനം കാണിച്ചുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തും. നടപടികൾ പൂർത്തിയായാൽ പിലാത്തറയിലെയും പുതിയങ്ങാടിയിലെയും അറസ്റ്റ് ഒരുമിച്ച് നടക്കും. പിന്നീടാകും മറ്റ് അറസ്റ്റുകൾ.

എന്തിരുന്നാലും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന് ശേഷം മാത്രമേ കേസിൽ അറസ്റ്റ് ഉണ്ടാകുകയുള്ളൂവെന്നാണ് ലഭിക്കുന്ന സൂചന. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 171 സി, ഡി.എഫ് പ്രകാരം ക്രിമിനൽ കുറ്റമാണ് കള്ളവോട്ട് കേസിൽ എല്ലാവർക്കുമെതിര് ചുമത്തിയത്.

Read More >>