ഇംഗ്ലണ്ട് കീഴടക്കാന്‍ കംഗാരുപ്പട

ഓസ്‌ട്രേലിയൻ ടീം ഇത്തവണ ആറാം കിരീടം ലക്ഷ്യംവെച്ചാണ് ഇംഗ്ലണ്ടിലെത്തുന്നത്. ബാറ്റിങ് കരുത്തും ബൗളിങും മികവും ഒന്നിനൊന്ന് മെച്ചമുള്ള ഓസീസാണ് നിലവിലെ ലോക ചാമ്പ്യന്മാർ.

ഇംഗ്ലണ്ട് കീഴടക്കാന്‍ കംഗാരുപ്പട

ക്രിക്കറ്റിന്റെ രാജാക്കന്മാരെന്ന വിശേഷിപ്പിക്കാവുന്ന ഓസ്‌ട്രേലിയൻ ടീം ഇത്തവണ ആറാം കിരീടം ലക്ഷ്യംവെച്ചാണ് ഇംഗ്ലണ്ടിലെത്തുന്നത്. ബാറ്റിങ് കരുത്തും ബൗളിങും മികവും ഒന്നിനൊന്ന് മെച്ചമുള്ള ഓസീസാണ് നിലവിലെ ലോക ചാമ്പ്യന്മാർ. കഴിഞ്ഞ വർഷം ടീം നേരിട്ട പ്രതിസന്ധികളെയെല്ലാം ഓസ്‌ട്രേലിയ അതിജീവിച്ചു കഴിഞ്ഞു. ഇന്ത്യയിലെത്തി ഏകദിന,ട്വന്റി 20 പരമ്പര നേടിയ കംഗാരുക്കളുടെ കളിമികവ് ഇംഗ്ലണ്ടിലും ആവർത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിലക്കിന് ശേഷം സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിൽ മടങ്ങിയെത്തിയതോടെ ഓസ്‌ട്രേലിയയുടെ കരുത്ത് ഇരട്ടിച്ചു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ സുപരിചിതമാണെന്നത് കിരീടം നിലനിർത്താൻ ഓസീസിന് ആത്മവിശ്വാസം നൽകും. ജെസ്റ്റിൻ ലാങറിന്റെ പരിശീലനത്തിനൊപ്പം ഉപദേശകനായി റിക്കി പോണ്ടിങും ഓസ്‌ട്രേലിയക്കൊപ്പമുണ്ട്. ഓസ്‌ട്രേലിയയെ 2003,2007 ലോകകപ്പിൽ കിരീടത്തിലേക്കെത്തിച്ച ക്യാപ്റ്റനായ പോണ്ടിങ്ങിന്റെ സാന്നിദ്ധ്യം ഓസീസിന്റെ കുതിപ്പിന് കരുത്തേകും. ഓസ്‌ട്രേലിയയുടെ സാധ്യതാ ഇലവനെ പരിശോധിക്കാം.

1. ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ)

ഓപ്പണിങ്ങിൽ ക്യാപ്റ്റൻ ആരോൺ ഫിഞ്ചാവും ഡേവിഡ് വാർണർകൊപ്പം ഇറങ്ങുക. മോശം ഫോമിലായിരുന്ന ഓസീസിനെ മികച്ച നായകത്വത്തിലൂടെ ഉയർത്തിക്കൊണ്ടുവന്നതിൽ ഫിഞ്ചിന് നിർണ്ണായക പങ്കുണ്ട്. ബാറ്റിങ്ങിൽ മോശം ഫോമിലായിരുന്ന ഫിഞ്ച് ഇന്ത്യൻ പരമ്പരയിൽ മികച്ച പ്രകടനത്തോടെ കൈയടി നേടി. 109 ഏകദിനങ്ങൾ ഓസ്‌ട്രേലിയക്കുവേണ്ടി കളിച്ച ഫിഞ്ച് 39.94 ശരാശരിയിൽ 4052 റൺസ് അടിച്ചെടുത്തു. ഏകദിന റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള ഫിഞ്ച് 13 സെഞ്ച്വറിയും നേടി.

2. ഡേവിഡ് വാർണർ

ഐ.പി.എല്ലിലെ ടോപ് സ്‌കോറർക്കുള്ള ഓറഞ്ച് തൊപ്പിയും വാങ്ങിയാണ് ഡേവിഡ് വാർണറിന്റെ വരവ്. പന്ത് ചുരണ്ടൽ വിവാദത്തിലകപ്പെട്ട് ഒരു വർഷം വിലക്ക് നേരിട്ട വാർണർ തിരിച്ചുവരവിൽ ഉജ്ജ്വല ഫോമിലാണ്. ഓപ്പണിങ്ങിൽ വാർണറുടെ ഫോം ടീമിനും പ്രതീക്ഷ നൽകുന്നു. 43 ശരാശരിയിൽ ബാറ്റുവീശുന്ന വാർണർ 106 ഏകദിനത്തൽ നിന്ന് 4343 റൺസാണ് ഓസീസ് ജഴ്‌സിയിൽ നേടിയത്. ഇതിൽ 14 സെഞ്ച്വറിയും ഉൾപ്പെടും

3. സ്റ്റീവ് സ്മിത്ത്

സ്മിത്തിന്റെ സാന്നിദ്ധ്യം ക്യാപ്റ്റൻസിയിൽ ഫിഞ്ചിന് തുണയാകും. വിലക്ക് നേരിട്ട് ഒരു വർഷം പുറത്തിരിക്കേണ്ടി വന്നെങ്കിലും ഫോമിനെ ബാധിച്ചിട്ടില്ലെന്ന് ഐ.പി.എല്ലിലൂടെ അദ്ദേഹം തെളിയിച്ചു. ഓസീസ് ബാറ്റിങ് നിരയിൽ നിർണ്ണായക സ്ഥാനമാണ് സ്മിത്തിനുള്ളത്. 108 ഏകദിനത്തിൽ നിന്ന് 41.84 ശരാശരിയിൽ 3431 റൺസാണ് അദ്ദേഹം നേടിയത്. ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത് പന്ത് ചുരണ്ടൽ വിവാദത്തിന്റെ ചീത്തപ്പേര് മാറ്റേണ്ടത് സ്മിത്തിനും അത്യാവശ്യമാണ്

4. ഷോൺ മാർഷ്

സ്ഥിരതയുള്ള കളിക്കാരനാണ് ഷോൺ മാർഷ്. മദ്ധ്യനിരയിലാവും താരത്തിന് സ്ഥാനം. 71 ഏകദിനത്തിൽ നിന്ന് 41.62 ശരാശരിയിൽ 2747 റൺസാണ് അദ്ദേഹം നേടിയത്. ഇതിൽ ഏഴ് സെഞ്ച്വറിയും ഉൾപ്പെടും. ഐ.സി.സി റാങ്കിങില്‍ 43ാം റാങ്കുകാരനാണ് മാർഷ്.

5. ഗ്ലെൻ മാക്‌സ്‌വെൽ

മദ്ധ്യനിരയിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാൻ ഗ്ലെൻ മാക്‌സ്‌വെല്ലാവും ഓസീസ് നിരയിലുണ്ടാവുക. സമീപകാലത്തായി മികച്ച ഫോം കാത്തുസൂക്ഷിക്കുന്ന മാക്‌സെവെല്ലിന്റെ പ്രകടനം ടീമിനും നിർണ്ണായകമാണ്. റാങ്കിങ്ങിൽ 23ാം സ്ഥാനത്തുള്ള മാക്‌സ്‌വെൽ 33.33 ശരാശരിയിൽ 2700 റൺസാണ് നേടിയത്. ഒരു സെഞ്ച്വറിയും 19 അർദ്ധ സെഞ്ച്വറിയും മാക്‌സ്‌വെൽ സ്വന്തം പേരിലാക്കി.

6. അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പർ)

വിക്കറ്റ് കീപ്പറായി അലക്‌സ് ക്യാരിക്കാവും മുഖ്യ പരിഗണന. 19 മത്സരങ്ങളുടെ പരിചയസമ്പത്ത് മാത്രമുള്ള ക്യാരിക്കും മദ്ധ്യനിരയിലാവും ചുമതല. 30.64 ശരാശരിയിൽ 429 റൺസാണ് അദ്ദേഹം നേടിയത്. ലീഗ് ക്രിക്കറ്റിലൂടെ ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ അറിയാവുന്ന താരമാണ് ക്യാരി.

7. മാർക്കസ് സ്റ്റോയിനിസ്

മീഡിയം പേസ് ഓൾറൗണ്ടറായ മാർക്കസ് സ്‌റ്റോയിനിസിനും ടീമിൽ നിർണ്ണായക സ്ഥാനം. ഐ.പി.എല്ലിൽ ബംഗളൂരുവിനൊപ്പം തിളങ്ങിയ സ്റ്റോയിനിസ് 38.52 ശരാശരിയിൽ 963 റൺസും 26 വിക്കറ്റും നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് മൈതാനത്തിൽ ലീഗ് ക്രിക്കറ്റ് പരിചയമുള്ള താരമാണ് സ്റ്റോയിനിസ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള സ്റ്റോയിനിസ് റാങ്കിങ്ങിൽ 38ാം സ്ഥാനത്താണ്.

8. മിച്ചൽ സ്റ്റാർക്ക്

അതിവേഗ യോർക്കറുകളിലൂടെ എതിരാളിയെ വിറപ്പിക്കാൻ കെൽപ്പുള്ള മിച്ചൽ സ്റ്റാർക്കിനാവും ഓസീസ് ടീമിന്റെ പേസ് ചുമതല. ബാറ്റുകൊണ്ടും തിളങ്ങാൻ കെൽപ്പുള്ള സ്റ്റാർക്ക് 75 ഏകദിനത്തിൽ നിന്ന് 145 വിക്കറ്റാണ് നേടിയിട്ടുള്ളത്. അഞ്ച് വിക്കറ്റ് പ്രകടനം അഞ്ചു തവണ നടത്തിയ സ്റ്റാർക്കിന്റെ മികച്ച പ്രകടനം 28 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ്.

9. നഥാൻ കോൾട്ടർനെയിൽ

അതിവേഗ പന്തുകൊണ്ട് മികവുകാട്ടുന്ന കോൾട്ടർനെയിൽ ഇംഗ്ലണ്ട് സാഹചര്യത്തിൽ അനുയോജ്യനാണ്. ബൗൺസുകളിലും കൃത്യത പുലർത്തുന്ന താരം 27 മത്സരത്തിൽ നിന്ന് 48 വിക്കറ്റ് നേടിയിട്ടുണ്ട്.

10. പാറ്റ് കമ്മിൻസ്

മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയാൻ കെൽപ്പുള്ള കമ്മിൻസിനും ടീമിൽ സ്ഥാനം ഉറപ്പ്. 48 ഏകദിനത്തിൽ നിന്ന് 82 വിക്കറ്റാണ് കമ്മിൻസ് വീഴ്ത്തിയത്. 70 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.

11. ആദം സാംബ

സ്പിന്നർമാരെ അതിരുവിട്ട് തുണയ്ക്കാത്ത ഇംഗ്ലണ്ടിൽ ആദം സാംബയ്ക്കാവും മുഖ്യ പരിഗണന. സീനിയർ സ്പിന്നർ നഥാൻ ലിയോണെക്കാളും സമീപകാലത്ത് തിളങ്ങിയത് സാംബയാണ്. 44 ഏകദിനത്തിൽ നിന്ന് 60 വിക്കറ്റാണ് സാംബ വീഴ്ത്തിയത്.

Read More >>