മുസ്‌ലിം പെണ്‍കുട്ടികളെ രക്ഷിക്കാന്‍ നടക്കുന്നവര്‍ മലപ്പുറത്തെ മിടുക്കി കുട്ടികള്‍ക്ക് പഠിക്കാന്‍ സ്‌കൂളുകളുണ്ടോ എന്നാലോചിക്കാത്തതെന്ത്?

പത്താം ക്ലാസ്, പ്ലസ് ടു ഫലം പുറത്തുവന്നു. ധാരാളം മുസ്ലിം പെൺകുട്ടികൾ വൻ മാർക്കുകൾ വാങ്ങിക്കൂട്ടി. സ്വന്തം സമുദായത്തിലെ മാത്രമല്ല, എല്ലാ സമുദായങ്ങളിലെയും ആൺ പിള്ളേരെ കടത്തിവെട്ടി ഉഷാറായി നിൽക്കുന്നു. അറിഞ്ഞിടത്തോളം ഉപരിപഠനത്തിന് സർക്കാർ സീറ്റില്ലാതെ ബുദ്ധിമുട്ടുന്നു-ഉമുല്‍ ഫായിസ എഴുതുന്നു

മുസ്‌ലിം പെണ്‍കുട്ടികളെ രക്ഷിക്കാന്‍ നടക്കുന്നവര്‍  മലപ്പുറത്തെ മിടുക്കി  കുട്ടികള്‍ക്ക് പഠിക്കാന്‍  സ്‌കൂളുകളുണ്ടോ എന്നാലോചിക്കാത്തതെന്ത്?

ഉമുല്‍ ഫായിസ

മുസ്ലിം സ്ത്രീകളെ "രക്ഷിക്കാൻ " ശ്രമിക്കുന്ന സുനിൽ പി ഇളയിടം അടക്കമുള്ളവരുടെയും അതൊക്കെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെയും അടിയന്തിര ശ്രദ്ധക്ക്.

എം ഇ എസിലെ നിഖാബിട്ട ആ ആറു മുസ്ലിം സ്ത്രീകളെ "പരിഷ്കരിക്കാനും രക്ഷിക്കാനും" ശ്രമിച്ച ആ നവോഥാന വ്യഗ്രത ഈ കാര്യത്തിലുണ്ടാവുമെന്നു കരുതട്ടെ.

കാര്യമിതാണ്. പത്താം ക്ലാസ്, പ്ലസ് ടു ഫലം പുറത്തുവന്നു. ധാരാളം മുസ്ലിം പെൺകുട്ടികൾ വൻ മാർക്കുകൾ വാങ്ങിക്കൂട്ടി. സ്വന്തം സമുദായത്തിലെ മാത്രമല്ല, എല്ലാ സമുദായങ്ങളിലെയും ആൺ പിള്ളേരെ കടത്തിവെട്ടി ഉഷാറായി നിൽക്കുന്നു. അറിഞ്ഞിടത്തോളം ഉപരിപഠനത്തിന് സർക്കാർ സീറ്റില്ലാതെ ബുദ്ധിമുട്ടുന്നു.

സർക്കാറിനോടൊന്നു പറഞ്ഞ് ആധുനിക വിദ്യാഭ്യാസം നേടാനുള്ള അവരുടെ ആഗ്രഹം പൂർത്തീകരിക്കുക. നല്ല സർക്കാർ സ്കൂളുകളും ആർട്സ് ആൻറ് സയൻസ് കോളേജുകളും എഞ്ചിനീയറിംഗ്/ മെഡിക്കൽ കോളേജുകളും അനുവദിച്ച് സ്വന്തം നാട്ടിൽ മുസ്ലിം സ്ത്രീകളെ പഠിക്കാനനുവദിക്കുക. അവരുടെ യാത്രാ ക്ലേശവും ജീവിത ദുരിതവും ഇല്ലാതാക്കി അവസര സമത്വം ഉറപ്പുവരുത്തുക. മലബാറിൽ ജനിച്ചുവെന്ന കാരണത്താൽ അവകാശങ്ങൾ ഇല്ലാതാവാൻ പാടില്ലല്ലോ.

ഒറ്റപ്പെട്ട ചില മുസ്ലിം സ്ത്രീകളുടെ കദന കഥകൾ മാധ്യമ വാർത്തകളാക്കി മാറ്റുകയും അങ്ങിനെ ഹീറോയിക് മുസ് ലിം സ്ത്രീ വ്യക്തികളെ നിർമിച്ചെടുക്കുന്നതിൽ കാണിക്കുന്ന ആത്മാർഥതയും നിർബന്ധ ബുദ്ധിയും കുറേ കൂടി പ്രൊഡക്റ്റീവായും കലക്റ്റീവായും ചിലവഴിക്കാനുള്ള മാർഗമാണിത്.

എത്ര കാലമാണ് മതമൗലികവാദികൾ സ്ത്രീകളെ നിയന്ത്രിക്കുന്നുവെന്ന ഡിറ്റർമിനിസവുമായി ജീവിതം തള്ളിനീക്കുക.

പുരുഷൻമാർ ഭൂരിപക്ഷമുള്ള സെക്കുലർ ജനാധിപത്യ ഭരണകൂടം തന്നെ മുസ്ലിം സ്ത്രീകളോടു വിവേചനം കാട്ടുന്നുവെന്ന പ്രശ്നം പതിറ്റാണ്ടുകളുടെ വികസനാനുഭവമായുണ്ട്.

നവോഥാന വനിതാ മതിൽ സംഘടിപ്പിച്ച സർക്കാർ ഇടപെട്ടില്ലെങ്കിൽ

വേറൊരു പ്രശ്നം കൂടിയുണ്ട്. സ്വതവേ ഈ വിഷയത്തിൽ ജാഗ്രതയുള്ളവരാണ് മുസ്ലിം സമുദായ സംഘടനകൾ. അവർ ഗൾഫിൽ നിന്നധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ച്, സ്വന്തം ചെലവിൽ സ്കൂളുകൾ ഉണ്ടാക്കി, മുസ്ലിം സ്ത്രീകളെ "രക്ഷിച്ചു " കളയും. അങ്ങിനെ ഭരണകൂടത്തിനും സെക്കുലർ പൗരസമൂഹത്തിനും അവരെ "രക്ഷിക്കാനുള്ള " അവസരം ഇല്ലാതാകും.

തെറ്റു തിരുത്താനും ഇരട്ടത്താപ്പുകൾ അവസാനിപ്പിക്കാനും ക്രിയേറ്റീവായ സ്വയം വിമർശനത്തിനും പറ്റിയ അവസരമാണ്. ഉം വേഗമാകട്ടെ!

Read More >>