യു.എസ് ലാബുകളിൽ നിന്ന് ചൈനീസ് സൈനിക ​ഗവേഷകരെ ഒഴിവാക്കും

ചൈനീസ് മിലിട്ടറി ശാസ്ത്രജ്ഞർ ബഹുമുഖ സാങ്കേതിക വിദ്യയിൽ യു.എസ്സിലും പാശ്ചാത്യ രാജ്യങ്ങളിലും ഇപ്പോഴും ഗവേഷണം തുടരുന്നുവെന്നാരോപിച്ചാണ് നീക്കം.

യു.എസ് ലാബുകളിൽ നിന്ന് ചൈനീസ് സൈനിക ​ഗവേഷകരെ ഒഴിവാക്കും

വാഷിങ്ടൺ: ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ)യിൽ അഫിലിയേറ്റ് ചെയ്ത ശാസ്ത്ര, എന്‍ജിനീയറിങ് സംബന്ധിയായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്ന് യു.എസ്സിന്റെ ഇരുസഭകളും ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

യു.എസ് ജനപ്രതിനിധി സഭയും സെനറ്റുമാണ് ആവശ്യമുന്നയിച്ചത്. പി.എൽ.എയുമായി നേരിട്ടു ബന്ധമുള്ളവർക്ക് യു.എസ്സിലേക്ക് വരുന്നതിന് വിദ്യാർത്ഥി- ഗവേഷണ വിസ ലഭിക്കുന്നത് തടയുകയാണ് ലക്ഷ്യം. സെനറ്റർമാരായ ടോം കോട്ടൻ, ചക് ഗ്രാസ്‌ലി, ടെഡ് ക്രൂസ്, മർഷ ബ്ലാക്‌ബേൺ, ജോഷ് ഹൗളി, മാർകോ റുബിയോ എന്നിവരാണ് സെനറ്റിൽ ബിൽ അവതരിപ്പിച്ചത്. മൈക് ഗാലഗർ, വിക്കി ഹാട്‌സലർ എന്നിവരാണ് ബിൽ ജനപ്രതിനിധി സഭയിൽ കൊണ്ടുവന്നത്. ചൈനീസ് മിലിട്ടറി ശാസ്ത്രജ്ഞർ ബഹുമുഖ സാങ്കേതിക വിദ്യയിൽ യു.എസ്സിലും പാശ്ചാത്യ രാജ്യങ്ങളിലും ഇപ്പോഴും ഗവേഷണം തുടരുന്നുവെന്നാരോപിച്ചാണ് നീക്കം.

പുറത്തുവന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടക്ക് 2,500 സൈനിക എഞ്ചിനീയർമാരെയും ശാസ്ത്രജ്ഞരെയും പഠനത്തിനായി പി.എൽ. വിദേശ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഇവരാരും ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും അംഗങ്ങൾ ആരോപിച്ചു.

അടുത്ത വർഷങ്ങളിലായി ആയിരക്കണക്കിന് എഞ്ചിനീയർമാരേയും ശാസ്ത്രജ്ഞരേയും പി.എൽ. സ്‌പോൺസർ ചെയ്ത് യു.എസ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ഗവേഷണം നടത്തുന്നുണ്ടെന്ന് ജനപ്രതിനിധി സഭാംഗം ഗാലഗർ പറഞ്ഞു.

Read More >>