ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ നശിപ്പിക്കല്‍: ഒന്നും മിണ്ടാതെ മോദി

സംഭവത്തിന് ശേഷം പങ്കെടുത്ത് സംസാരിച്ച രണ്ടു റാലിയിലും ബംഗാൾ ജനത ബഹുമാനത്തോടെ കാണുന്ന വിദ്യാസാഗറിന്റെ പേരുപോലും ഉച്ചരിക്കാൻ മോദി തയ്യാറായില്ല.

ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ നശിപ്പിക്കല്‍: ഒന്നും മിണ്ടാതെ മോദി

ബി.ജെ.പി ദേശീയാദ്ധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ പശ്ചിമബംഗാളിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ ബംഗാളി നവോത്ഥാന നായകൻ ഈശ്വർചന്ദ വിദ്യാസാഗറിന്റെ പ്രതിമ തകർത്ത വിഷയത്തില്‍ മൗനം പാലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

സംഭവത്തിന് ശേഷം പങ്കെടുത്ത് സംസാരിച്ച രണ്ടു റാലിയിലും ബംഗാൾ ജനത ബഹുമാനത്തോടെ കാണുന്ന വിദ്യാസാഗറിന്റെ പേരുപോലും ഉച്ചരിക്കാൻ മോദി തയ്യാറായില്ല. പ്രസംഗത്തിൽ അദ്ദേഹം ബംഗാളിന്റെ വിശിഷ്ട വ്യക്തികളെ പേരെടുത്ത് പറഞ്ഞപ്പോഴും വിദ്യാസാഗറിന്റെ പേരുമാത്രം വിട്ടിരുന്നു.

കഴിഞ്ഞ ദിവസം ടാക്കിയിലും ഡയമണ്ട് ഹാർബറിലും മോദി നടത്തിയ പ്രസംഗത്തിൽ ചൊവ്വാഴ്ച നടന്ന സംഭവത്തെക്കുറിച്ച് പരോക്ഷമായി പരാമർശിച്ചെങ്കിലും റാലിക്ക് ശേഷം നടന്ന അഭിമുഖത്തിൽ മോദി ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറിയിരുന്നു. വിഷയത്തിൽ തന്റെ അഭിപ്രായത്തിന്റെ ആവശ്യം ഇല്ലെന്ന് പറഞ്ഞാണ് മോദി ചോദ്യത്തിൽ നിന്നും ഒഴിഞ്ഞത്.

'കഴിഞ്ഞ ദിവസം കൊൽക്കത്തയെ രാജ്യം മുഴുവൻ കണ്ടു, രാജ്യത്തെ മുഴുവൻ ജനങ്ങളും ബി.ജെ.പി മുന്നറ്റത്തിൽ പതറിയ ദീദി ഇവിടെ ചെയ്യുന്നത് എന്താണെന്ന് വീക്ഷിക്കുകയാണ്. ബി.ജെ.പിയോട് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള അവർ അമിത് ഷായുടെ റോഡ് ഷോയെ ആക്രമിച്ചിരിക്കുകയാണ്. എന്ത് രാഷ്ട്രീയപ്രവർത്തനമാണ് ഇവിടെ നിങ്ങൾ ചെയ്തുകൂട്ടിയത്. സംസ്‌കാര സമ്പന്നരായവരെ നശിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്' - മോദി പറഞ്ഞു.

എന്നാൽ ഇതിന് തക്കതായ മറുപടിയുമായി മമതയും രംഗത്തെത്തി. ആക്രമണത്തിൽ ഒരു തവണ പോലും പശ്ചാത്തപിക്കാൻ മോദി തയ്യാറായോ എന്ന് മമത ചോദിച്ചു. ഇനി അഥവാ മോദി അതിന് തയ്യാറായാലും ബംഗാളി ജനത ബി.ജെ.പിയോട് പൊറുക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ജനാധിപത്യത്തിന പകരം ഗുണ്ടാവിളയാട്ടമാണ് സംസ്ഥാനത്തെന്നും ബംഗാൾ ജനത മമതയിൽ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടെന്നും ഭയപ്പെടുത്തി ഭരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.

Read More >>