ക്ഷേമനിധി ബോർഡിന്റെ ആശയം കടവൂരിലൂടെ

കൊല്ലത്തെ പ്രവർത്തനത്തിനിടെ കശുവണ്ടി തൊഴിലാളികളുടെ ജീവതഭാരം കടവൂർ തിരിച്ചറിഞ്ഞിരുന്നു. ജനീവയിലെ രാജ്യാന്തര തൊഴിൽ സംഘടന സമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണ് ക്ഷേമനിധി ബോർഡ് എന്ന ആശയം അദ്ദേഹത്തിന്റെ മനസിൽ ഉദിച്ചത്.

ക്ഷേമനിധി ബോർഡിന്റെ ആശയം കടവൂരിലൂടെ

കൊല്ലം: കേരളത്തിൽ ക്ഷേമനിധി ബോർഡുകൾ രൂപീകരിച്ചതിന് പിന്നിൽ ഇന്ന് അന്തരിച്ച മുൻ മന്ത്രി കടവൂർ ശിവദാസന്റെ പ്രയത്‌നം ചെറുതല്ല. കൊല്ലത്തെ പ്രവർത്തനത്തിനിടെ കശുവണ്ടി തൊഴിലാളികളുടെ ജീവതഭാരം കടവൂർ തിരിച്ചറിഞ്ഞിരുന്നു. ജനീവയിലെ രാജ്യാന്തര തൊഴിൽ സംഘടന സമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണ് ക്ഷേമനിധി ബോർഡ് എന്ന ആശയം അദ്ദേഹത്തിന്റെ മനസിൽ ഉദിച്ചത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് എന്ന ആശയം പിന്നീട് കേരളത്തിൽ മുന്നോട്ടു വെച്ചു.

എല്ലാ മേഖലയിലും ക്ഷേമനിധി ബോർഡ് വേണമെന്ന ആവശ്യം കേരളത്തിൽ രൂപപ്പെടാൻ തന്നെ കാരണം ഈ നീക്കമായിരുന്നു. ഇത് കേരളാ മോഡൽ വികസനത്തിലെ നിർണ്ണായക ഏടായി. കടവൂരിന്റെ നിശ്ചയദാർഢ്യത്തിൽ പിറന്ന ക്ഷേമനിധി ബോർഡുകൾ ഇന്നു ലക്ഷക്കണക്കിനു തൊഴിലാളികൾക്ക് ആശ്രയമാണ്. പിന്നീട് പല സംസ്ഥാനങ്ങളും ഈ മാർഗ്ഗം കടമെടുത്ത് തൊഴിലാളികൾക്ക് ആശ്വാസമെത്തിച്ചു. കൊല്ലം തുറമുഖത്തിന്റെ വികസനത്തിന്റെയും കശുവണ്ടി മേഖലയിൽ കാപ്പെക്‌സിന്റെയും പിന്നിൽ കടവൂരിന്റെ ഭരണമികവായിരുന്നു. തൊഴിൽ മന്ത്രിയായിരിക്കെ ചുമട്ടുതൊഴിലാളി നിയമം നടപ്പാക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ നാലു തവണ ജയിക്കുകയും രണ്ടു തവണ തോൽക്കുകയും ചെയ്ത കടവൂർ , നാലു തവണയ മന്ത്രിയായിരുന്നു. തൊഴിലാളികളെ ഒപ്പം നിർത്തിയായിരുന്നു കടവൂർ ശിവദാസന്റെ ആറുപതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. അഭിഭാഷക ജീവിതത്തിലും മന്ത്രിപദവിയിലും കടവൂരിന്റെ ലക്ഷ്യം തൊഴിലാളി ക്ഷേമമായിരുന്നു. കൊല്ലം ജില്ലയിലെ ട്രേഡ് യൂനിയൻ സമരങ്ങളുടെ അമരത്ത് നിന്ന് ജനീവയിലെ തൊഴിൽ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തുടർച്ചയായി 42 ദിവസം പ്രസംഗിച്ച തൊഴിൽമന്ത്രിയെന്ന ബഹുമതി കടവൂർ ശിവദാസനെ കേരള രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള നേതാവാക്കി.

Read More >>